Kerala
മാസപ്പടി കേസ്: ഇ ഡി കേസിലും തിടുക്കപ്പെട്ട് നടപടികള്‍ ഉണ്ടാകില്ല; പിണറായിക്കുള്ള സമന്‍സ് നിലനില്ക്കും
ഇ ഡി സ്പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേര്‍ന്നാകും തുടര്‍ നടപടികളെടുക്കുക.
കൊച്ചി| മാസപ്പടികേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ ഇ ഡി കേസിലും തിടുക്കപ്പെട്ട് നടപടികള്‍ ഉണ്ടാകില്ല. വെള്ളിയാഴ്ച പിണറായിക്ക് ഹാജരാകാന്‍ സമന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും ഭാവി നടപടികള്‍ ആലോചിച്ചായിരിക്കും കൈക്കൊള്ളുക. ഇ ഡി സ്പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേര്‍ന്നാകും തുടര്‍ നടപടികളെടുക്കുക.
ഹൈക്കോടതിയില്‍ ഇ ഡി നടപടികള്‍ ചോദ്യം ചെയ്തുള്ള പിണറായി വിജയന്റെ അപ്പീല്‍ നിലനില്‍ക്കുന്നതിനാലാണ് തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന ആലോചനയിലേക്ക് അന്വേഷണ സംഘം എത്തിയത്. അതേസമയം, പിണറായിക്ക് കഴിഞ്ഞ ദിവസം നല്കിയ സമന്‍സ് നിലനില്‍ക്കുമെന്ന് ഇ ഡി വ്യക്തമാക്കി. ഹാജരായില്ലെങ്കില്‍ നിയമോപദേശം തേടാനാണ് തീരുമാനം.
വിജിലന്‍സ് കേസിലെ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് ഇ ഡിക്ക് തിരിച്ചടിയല്ലെന്നാണ് അനുമാനം. ഇ ഡിയുടെ കേസിലെ അന്വേഷണത്തിന് തടസമില്ലെങ്കിലും, വിജിലന്‍സ് അന്വേഷണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ തത്കാലം തുടര്നീക്കങ്ങളുണ്ടാകില്ല.
സി എം ആര് എല്‍ – എക്സാലോജിക് ഇടപാടിലെ വിജിലന്‍സ് കേസില്‍ പിണറായി വിജയന് സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായി വിജയന്, മകള്‍ വീണ ടി, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസില്‍ എഫ് ഐ ആര് ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് കേള്‍ക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി വിജിലന്‍സിന് മുന്നോട്ട് പോകാമെന്ന ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേള്‍ക്കാന്‍ നിര്‍ദേശിച്ചു.
Content Highlights: Following the Supreme Court stay on the Vigilance probe in the Masappadi case, ED will not take hasty action against Pinarayi Vijayan. ED leadership will consult legal experts to decide future steps regarding the summons issued to him. The apex court paused Vigilance proceedings for a week.



