From the print
സി എം ആര് എല് എക്സാലോജിക് കേസ്: സുപ്രീം കോടതിയെ സമീപിക്കാന് പിണറായി വിജയന്
അപ്പീലിന് അനുമതി തേടിയും സിംഗിള് ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുമാകും പിണറായി സുപ്രീം കോടതിയെ സമീപിക്കുക.
കൊച്ചി | സി എം ആര് എല് മാസപ്പടിക്കേസില് ഹൈക്കോടതി ഡിവിഷന് ബഞ്ചില് നിന്ന് തിരിച്ചടി നേരിട്ടതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പിണറായി വിജയന്. എഫ് ഐ ആര് രജിസ്റ്റര് ചെയ്യണമെന്ന സിംഗിള് ബഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് ഉള്പ്പെടെയുള്ളവര് നല്കിയ അപ്പീല് പരിഗണിക്കാനുള്ള അനുമതി ഡിവിഷന് ബഞ്ച് നിഷേധിച്ച സാഹചര്യത്തില് അപ്പീലിന് അനുമതി തേടിയും സിംഗിള് ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുമാകും പിണറായി സുപ്രീം കോടതിയെ സമീപിക്കുക.
ഹൈക്കോടതി ഡിവിഷന് ബഞ്ച് അപ്പീല് തള്ളിയ സാഹചര്യത്തില്, ഭരണഘടനയുടെ 136ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയില് പ്രത്യേകാനുമതി ഹരജി സമര്പ്പിക്കലാണ് പ്രതികള്ക്ക് മുന്നിലുള്ള പ്രധാന വഴി. സിംഗിള് ബഞ്ചിന്റെയും ഡിവിഷന് ബഞ്ചിന്റെയും നിയമപരമായ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില് വാദങ്ങള് ഉന്നയിക്കാനാകും. തങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സിംഗിള് ബഞ്ച് തങ്ങളുടെ വാദം കേട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമുള്ള മുന് നിലപാട് സുപ്രീം കോടതിയില് ശക്തമായി ഉന്നയിക്കാനാണ് ഹരജിക്കാരുടെ നീക്കം. പ്രമുഖരായ അഭിഭാഷകരെ ഇതിനായി സി പി എം നേതൃത്വം ചുമതലപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്.
ഡിവിഷന് ബഞ്ച് ഉത്തരവില് വ്യക്തമാക്കിയതുപോലെ, നിലവിലുള്ള വിജിലന്സ് എഫ് ഐ ആര് നിയമപരമായി നിലനില്ക്കില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിലോ നേരിട്ട് സുപ്രീം കോടതിയിലോ എഫ് ഐ ആര് റദ്ദാക്കാനുള്ള ക്വാഷിംഗ് പെറ്റീഷന് ഫയല് ചെയ്യാനുള്ള സാധ്യതയും നിയമവിദഗ്ധര് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല് വിജിലന്സ് എഫ് ഐ ആറിനെക്കാള് ഇത് ഉപയോഗപ്പെടുത്തി ഇ ഡിയെടുത്തിരിക്കുന്ന ഇ സി ഐ ആറിനെയാണ് പിണറായിയും കൂട്ടരും ഭയപ്പെടുന്നത്. വിജിലന്സ് എഫ് ഐ ആര് റദ്ദാക്കാന് വൈകിയാല് ചോദ്യം ചെയ്യല് അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇ ഡി കടക്കുമെന്നതാണ് അവരെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത്.
വിജിലന്സ് എടുത്തിരിക്കുന്ന എഫ് ഐ ആര് റദ്ദായാല് ഇ ഡി എടുത്തിരിക്കുന്ന ഇ സി ഐ ആറും റദ്ദാകും. എന്നാല് ഇത്തരം കേസുകളില് ഇ ഡി അന്വേഷണത്തിന് വിഘാതമാകുന്ന ഉത്തരവുകള് കോടതികളില് നിന്ന് ഉണ്ടാകുന്നത് അത്യപൂര്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Content Highlights:
Kerala Chief Minister Pinarayi Vijayan has moved the Supreme Court against the High Court order in the CMRL Exalogic case. The appeal challenges the decision allowing the SFIO probe to proceed. This legal move marks a crucial turn in the high-profile political controversy in Kerala.



