Connect with us

National

5,000 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നാലും പിന്തിരിയില്ല'; ഒടുവില്‍ രാഹുലിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ട്രാക്ടര്‍ റാലി പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ത്രിദിന റാലിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് പോയതായിരുന്നു രാഹുലും സംഘവും. പഞ്ചാബ് -ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് റാലി തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസ്സം സൃഷ്ടിച്ച പോലീസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
5,000 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നാലും ഉദ്യമത്തില്‍ നിന്ന് ഒരുതരത്തിലും പിന്മാറില്ലെന്ന് രാഹുല്‍ നിലപാടെടുത്തു. ഒടുവില്‍ റാലിക്ക് നൂറു പേരെ  ഹരിയാന ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി കയറിയിരുന്നത് ഉള്‍പ്പെടെ മൂന്ന് ട്രാക്ടറുകളിലായി പ്രക്ഷോഭകര്‍ ഹരിയാനയിലേക്കു പ്രവേശിച്ചു.

“അവര്‍ അതിര്‍ത്തി തുറക്കുന്നതു വരെ ഞാനിവിടെ നില്‍ക്കും. അത് രണ്ട് മണിക്കൂറാണെങ്കില്‍ രണ്ട് മണിക്കൂര്‍. 5000 മണിക്കൂറാണെങ്കില്‍ അങ്ങനെ. അതിര്‍ത്തി തുറന്നാല്‍ സമാധാനപരമായി മുന്നോട്ടു പോകും”- റാലി തടഞ്ഞപ്പോള്‍ രാഹുല്‍ പറഞ്ഞു. ഞായറാഴ്ചയാണ് രാഹുലിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലിക്ക് തുടക്കം കുറിച്ചത്.

Latest