Connect with us

Gulf

ഉംറ തീര്‍ത്ഥാടനം ഒക്ടോബര്‍ നാല് മുതല്‍ പുനഃരാരംഭിക്കും

Published

|

Last Updated

മക്ക | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച വിശുദ്ധ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്. ഇതിനായി ഹറമിലെത്തുന്നവര്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം പുതുതായി പുറത്തിറക്കിയ “ഇഅ്തമര്‍നാ” എന്ന ആപ്ലിക്കേഷന്‍ വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബര്‍ നാല് മുതലാണ് ഉംറ തീര്‍ത്ഥാടനം ആരംഭിക്കുക. നാല് ഘട്ടങ്ങളിലായാണ് ഉംറ തീര്‍ത്ഥാടനവും മദീന സിയാറയും പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുകയെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ആദ്യഘട്ടമായ ഒക്ടോബര്‍ നാല് മുതല്‍ ഒക്ടോബര്‍ 17 വരെ ആഭ്യന്തര തീര്‍ത്ഥാടകരായ മുപ്പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും ഹറമിലേക്ക് പ്രവേശനം. ഇതോടെ പ്രതിദിനം ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിക്കും. പ്രഥമ ഘട്ടത്തില്‍ ഹറമിലേക്ക് ഉംറ തീര്‍ത്ഥാടകര്‍ അല്ലാത്തവര്‍ക്ക് പ്രവേശനാനുമതിയുണ്ടാകില്ല.

ഒക്ടോബര്‍ 18 മുതല്‍ ഒക്ടോബര്‍ 30 വരെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ ആകെ ശേഷിയുടെ 75 ശതമാനം തുറന്ന് കൊടുക്കുന്നതോടെ പ്രതിദിനം പതിനയ്യായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിക്കും. കൂടാതെ ഹറമിലേക്ക് നാല്‍പതിനായിരം സന്ദര്‍ശകരേയും അനുവദിക്കും. ഇവര്‍ക്ക് ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം നല്‍കും.

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് കൊവിഡ് മുക്ത രാജ്യങ്ങളിലെ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിക്കുക. പ്രതിദിനം ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ അവസരമുണ്ടാവുക. ഹറമിലെ ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനായി 60,000 പേര്‍ക്ക് അനുമതിയും നല്‍കും.

നാലാം ഘട്ടംത്തില്‍, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായതായതിന് ശേഷമായിരിക്കും ഉംറ തീര്‍ത്ഥാടനം പഴയ നിലയിലേക്ക് തിരിച്ചെത്തുക.

പ്രവാചക നഗരിയായ മസ്ജിദുന്നബവിയില്‍ നിലവില്‍ ആകെ ശേഷിയുടെ നാല്‍പത് ശതമാനം മാത്രമാണ് തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തിട്ടിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ എഴുപത്തി അഞ്ച് ശതമാനവും മൂന്നാം ഘട്ടത്തില്‍ നൂറ് ശതമാനവും വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ആഗോളതലത്തില്‍ കോവിഡ് പിടിമുറുക്കിയതോടെ 2020 ഫെബ്രുവരി അവസാനവാരത്തിലാണ് ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചത്. നീണ്ട ഏഴരമാസത്തെ കാത്തിരിപ്പിനൊടുവില്‍ തീര്‍ത്ഥാടനം വീണ്ടും ആരംഭിക്കുമെന്ന ഉത്തരവ് വന്നതോടെ വിശ്വാസി സമൂഹം വലിയ ആഹ്ലാദത്തിലാണ്. തൊണ്ണൂറാം ദേശീയ ദിനമാഘോഷിക്കുന്ന രാജ്യത്തിലെ ജങ്ങള്‍ക്കുള്ള രാജാവിന്റെ സമ്മാനം കൂടിയായി മാറി ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നതിനുള്ള നടപടി.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest