Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം കൊവിഡിന്റെ മറവിലുള്ള ബിജെപി കൊള്ള: ഡോ. തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | വിമാനത്താവളം സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കൊവിഡിന്റെ മറവില്‍ ബിജെപി നടത്തുന്ന മറ്റൊരു കൊള്ളയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തിരുവനന്തപുരം വിമാനത്താവളം ബിജെപി ശിങ്കിടിയായ മുതലാളിയ്ക്ക് ചുളുവിലയ്ക്ക് കേന്ദ്രം കൈമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 365 ഏക്കര്‍ ഭൂമിയില്‍ നമ്മുടെ നികുതിപ്പണമുപയോഗിച്ച് പണി കഴിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത വിമാനത്താവളം നക്കാപ്പിച്ചാ കാശു നല്‍കി അദാനി ഗ്രൂപ്പ് 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ വിമാനത്താവളം നമ്മുടെ പൊതുസ്വത്തായി നിലനിര്‍ത്താന്‍ കേരള സര്‍ക്കാര്‍ അവസാനനിമിഷം വരെ പോരാടിയതാണ്. നമുക്കു തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വാക്കു നല്‍കിയതുമാണ്. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അദാനി വാഗ്ദാനം ചെയ്ത യാത്രക്കാരനൊന്നിന് 168 രൂപ. നമ്മള്‍ പറഞ്ഞത് 138 രൂപ. അദാനി പറഞ്ഞ തുക തന്നെ കേരളവും നല്‍കാമെന്ന് സമ്മതിച്ചു. ആ നിര്‍ദ്ദേശം തങ്ങള്‍ക്കും സ്വീകാര്യമാണെന്ന് കേന്ദ്രസര്‍ക്കാരും അംഗീകരിച്ചു. അങ്ങനെയാണ് സ്വകാര്യസംരംഭകര്‍ക്ക് കൈമാറിയ ആദ്യവിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെടാതെ പോയത്.

ഇപ്പോഴിതാ, അപ്രതീക്ഷിതമായി തീരുമാനം വന്നിരിക്കുന്നു. കരാര്‍ അദാനിയ്ക്കു തന്നെ. ആളൊന്നിന് 168 രൂപ പാട്ടം നല്‍കി 50 വര്‍ഷത്തേയ്ക്ക് അദാനി വിമാനത്താവളം കൈയടക്കി വെയ്ക്കും. നമ്മുടെ ഭൂമിയില്‍ നാം പണിത പൊതുസ്വത്ത് കൊള്ളലാഭത്തിന് ബിജെപിയുടെ തോഴന്. തുച്ഛമായ മുതല്‍മുടക്കില്‍ എത്ര ഭീമമായ ലാഭമാണ് അദാനി സ്വന്തമാക്കാന്‍ പോകുന്നത്? അതിന്റെ വലിപ്പം മനസിലാകണമെങ്കില്‍ കൊച്ചി എയര്‍പോര്‍ട്ടിനെ താരതമ്യം ചെയ്താല്‍ മതി. 380 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ ലാഭം. തിരുവനന്തപുരത്ത് ഈ പ്രതിസന്ധിക്കിടയിലും 170 കോടി രൂപയാണ് ലാഭം. ജനങ്ങളുടെ നികുതികൊണ്ട് കെട്ടിയുയര്‍ത്തിയ ഈ സംരംഭം ഒരു മുതല്‍മുടക്കുമില്ലാതെ യാത്രക്കാരന്‍ ഒന്നിന് 168 രൂപ നിരക്കില്‍ 50 വര്‍ഷത്തെ കൊള്ളലാഭം കൈയടക്കാന്‍ അദാനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്.

ആരെങ്കിലും പണിയെടുക്കുന്ന വിള കൊയ്യാന്‍ സ്വന്തം ശിങ്കിടികളെ ഏല്‍പ്പിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഇതുപോലൊരു വഞ്ചനയ്ക്ക് കൂട്ടു നിന്നതിന് കേരളത്തിലെ ബിജെപി നേതാക്കള്‍ മാപ്പു പറയണം. നമ്മുടെ പൊതുസ്ഥാപനങ്ങള്‍ ഇതുപോലെ വിറ്റു തുലയ്ക്കുമ്പോള്‍ മലയാളിയായ കേന്ദ്രമന്ത്രിയും നാക്കിറങ്ങിയ സ്ഥിതിയാണ്.

കോണ്‍ഗ്രസ് തുടങ്ങിവെച്ച വിറ്റു തുലയ്ക്കല്‍ കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ബിജെപി. പൊതുസ്വത്തെല്ലാം കോര്‍പറേറ്റുകള്‍ക്ക്. അതുവഴി രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ തന്നെയാണവര്‍ കൈപ്പിടിയിലാക്കുന്നത്. രാജ്യത്തിനുണ്ടാകുന്ന പ്രത്യാഘാതമോ? നിയമനാധികാരം കോര്‍പറേറ്റുകള്‍ക്കാകുന്നതോടെ സംവരണവും മറ്റും പരിഗണിക്കാത്ത അവസ്ഥ വരും. സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പമേ ഇല്ലാതാകും.

രാജ്യം തന്നെ അതിസമ്പന്നര്‍ക്ക് പതിച്ചുനല്‍കി കമ്മിഷന്‍ പറ്റുന്നതിനാണ് ഭരണാധികാരം ബിജെപി ഉപയോഗിക്കുന്നത്. ഈ പകല്‍ക്കൊള്ളയ്ക്ക് അവര്‍ രാജ്യത്തോട് കണക്കു പറയേണ്ടി വരും. ഇത്തരം കച്ചവടങ്ങളില്‍ കോണ്‍ഗ്രസും മൗനം പാലിക്കുകയാണ്. ജെയ്പൂര്‍, മാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ രണ്ടിടത്തേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. ചെറുത്തുനില്‍പ്പുണ്ടായത് കേരളത്തില്‍ നിന്ന് മാത്രമാണ്. ഇത്തരം വിഷയങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തിലുയരണം. ഈ പകല്‍ക്കൊള്ളയ്ക്ക് മൗനാനുവാദം നല്‍കിയ കോണ്‍ഗ്രസും അവരുടെ എംപിമാരും ജനങ്ങളോട് മറുപടി പറയണം. കേരളത്തിന്റെ അഭിമാനമായ വിമാനത്താവളത്തിന്റെ വില്‍പനയ്‌ക്കെതിരെ ഒരക്ഷരം ശബ്ദിക്കാതെ വീതിച്ചു കിട്ടുന്ന കമ്മിഷന്‍ തുകയോര്‍ത്ത് വെള്ളമിറക്കുന്ന കേരളത്തിലെ ബിജെപിയ്‌ക്കെതിരെയും പ്രതിഷേധമുയരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Latest