Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഒമ്പത് ലക്ഷം കടന്നു; മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കേസുകള്‍

Published

|

Last Updated

ന്യൂുഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുതിച്ച് ഉയരുന്നു. 24 മണിക്കൂറിനിട വിവിധ സംസ്ഥാനങ്ങളിലായി 28498 കേസുകളും 553 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പല സംസ്ഥാനങ്ങളിലും കൂടതല്‍ ജില്ലകള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുകയാണ്. കൊവിഡിന്റെ അതിവ്യാപനം കാരണം ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണിലേക്ക് പല മെട്രോ നഗരങ്ങളും കടന്നു. എങ്കിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രാജ്യത്ത് ഇതിനകം 906752 പേര്‍ രോഗത്തിന്റെ പിടിയിലായിട്ടുണ്ട്. ഇതില്‍ 23727 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് രോഗമുക്തി നിരക്കും രാജ്യത്ത് കൂടിയിട്ടുണ്ട്. 571460 പേര്‍ക്ക് ഇതിനകം വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. 61 ശതമാനത്തിന് മുകളിലേക്ക് രാജ്യത്തെ രോഗമുക്തി നിരക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് 28000ത്തിന് മുകളിലെത്തുന്നത്. മൂന്ന് ദിവസത്തിനിടെ രാജ്യത്തെ ഒരു ലക്ഷത്തില്‍ കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഭയപ്പെടുത്തുന്നതാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ദിവസം കഴിയുന്തോറും പ്രതിസന്ധി കൂടുതല്‍ ശക്തമാകുകയാണ്. ഇന്നലെ മാത്രം 6497പുതിയ കേസും 193 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 260924ഉം മരണം 10482ലുമെത്തി. തമിഴ്‌നാട്ടില്‍ 142798 കേസും 2032 മരണവും ഇതിനകമുണ്ടായി. 24 മണിക്കൂറിനിടെ 4328 കേസും 66 മരണവുമാണ് സംസ്ഥാനത്തുണ്ടായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ 1246 കേസും 40 മരണവുമാണുണ്ടായത്. ഡല്‍ഹിയില്‍ ഇതിനകം 113740 പേര്‍ക്ക് രോഗം ബാധിക്കുകയും 3411 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തില്‍ 2055, കര്‍ണാടക 757, ഉത്തര്‍പ്രദേശില്‍ 955, ബംഗാളില്‍ 956, രാജസ്ഥാനില്‍ 525, മധ്യപ്രദേശില്‍ 663 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ധിക്കുകയാണ്.

Latest