Connect with us

Covid19

ബ്രസീല്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ബ്രസീലിയ | ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. കടുത്ത പനി അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ നാലാം പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കൊവിഡിനെ നിസ്സാര പനിയെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു ബോല്‍സൊനാരോ. തനിക്ക് ഗുരുതരമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏപ്രിലില്‍ രാജ്യത്ത് മൂവായിരം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോഴായിരുന്നു ഈ അഭിപ്രായ പ്രകടനം. അന്ന് നാല്‍പ്പതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ബ്രസീല്‍ പ്രസിഡന്റ് പരാജയപ്പെട്ടുവെന്ന് വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. കൊറോണവൈറസ് വ്യാപനം കുതിച്ചുയരുമ്പോഴും സമ്പദ്ഘടനയെ തകര്‍ക്കുമെന്ന് ന്യായീകരിച്ച്, മേഖലാ ഗവര്‍ണര്‍മാരോട് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല, മാസ്‌ക് ധരിക്കുന്നതിലെ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയുമുണ്ടായി. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ഫെഡറല്‍ കോടതി പ്രസിഡന്റിനോട് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ഈ വെള്ളം ചേര്‍ക്കല്‍.

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ മാധ്യമങ്ങള്‍ പരിഭ്രാന്തിയും ഭ്രാന്തും പരത്തുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു. നിലവില്‍ രാജ്യത്ത് പതിനാറ് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുടെ കാര്യത്തില്‍ ലോകത്ത് അമേരിക്ക മാത്രമാണ് ബ്രസീലിന്റെ മുന്നിലുള്ളത്. രാജ്യത്ത് 65000 പേര്‍ മരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest