Connect with us

Covid19

കൊവിഡ് ഭീതിക്കിടയിലും വര്‍ഗീയ വിഷം ചീറ്റി യു പിയിലെ ബി ജെ പി എം എല്‍ എ

Published

|

Last Updated

ലഖ്‌നോ |  രാജ്യത്തെങ്ങും കൊവിഡ് ഭീതി മൂലം ജനം വിറങ്ങലിച്ച് നിലനില്‍ക്കുകയാണെങ്കിലും ബി ജെ പി നേതാക്കളുടെ വര്‍ഗീയ വിഷം ചീറ്റലിന് കുറവില്ല. മുസ്ലിം വ്യാപാരികളെ ബഹിഷ്‌ക്കരിക്കണമെന്ന പരസ്യ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ബി ജെ പി എം എല്‍ എ. ഡിയോറിയ ജില്ലയിലെ ഭര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള സുരേഷ് തിവാരിയാണ് മുസ്ലിം പച്ചക്കറി കച്ചവടക്കാരെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്.

” നിങ്ങള്‍ എല്ലാവരോടുമായി ഒരു കാര്യം ഞാന്‍ പറയുന്നു. മുസ്ലിം വ്യാപാരികളുടെ കടയില്‍ നിന്ന് പച്ചക്കറി വാങ്ങരുത്. എല്ലാവരും ഇത് ഓര്‍ക്കണം” – സാധാരണക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകളോടായി സുരേഷ് തിവാരി ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ അദ്ദേഹം മാദ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണത്തിലും മുസ്ലിം വിദ്വേഷം ചൊരിഞ്ഞു. “കഴിഞ്ഞ ആഴ്ച മുന്‍സിപ്പല്‍ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പരാമര്‍ശമാണിത്. കൊവിഡ് വൈറസ് വ്യാപിപ്പിക്കാനായി പച്ചക്കറികളില്‍ വ്യാപാരികള്‍ തുപ്പുന്നുവെന്ന് ആളുകള്‍ പരാതിപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ എന്ത് വാങ്ങണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. ഞാന്‍ ഒരു അഭിപ്രായ പ്രകടനം നടത്തുക മാത്രമായിരുന്നു. തന്റെ അഭിപ്രായം ആളുകള്‍ പിന്തുടരുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ല. തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ ചെയ്തതെന്താണെന്ന് ഡല്‍ഹിയില്‍ നിങ്ങള്‍ കണ്ടതല്ലേയെന്നും പ്രതികരണം ആരാഞ്ഞ തങ്ങളോട് തിവാരി പറഞ്ഞതായി ദി ഇന്ത്യന്‍ എക്പ്രസിനോട് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ തിവാരിയുടെ പരാമര്‍ശങ്ങളെ ബി ജെ പി വക്താവ് രാകേഷ് ത്രിപാഠി തള്ളി. സംഭവത്തില്‍ തിവാരിയോട് വിശദീകരണം ചോദിക്കുമെന്നും രാകേഷ് ത്രിപാഠി വ്യക്തമാക്കി.

 

 

Latest