Connect with us

National

പൗരത്വ പ്രതിഷേധത്തിനിടെ യു പിയില്‍ പോലീസ് വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published

|

Last Updated

ഫിറോസാബാദ് |  ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിയേറ്റ് ചിക്ത്‌സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ഡിസംബര്‍ 20ന് വെടിയേറ്റ ഫിറോസബാദിലെ മസ്രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്റാര്‍ എന്നയാളാണ് മരിച്ചത്. നട്ടെല്ലില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അബ്‌റാര്‍ ജനുവരി പത്തിനാണ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രി ശാരീരിക അസാസ്ഥ്യവും വെടിയേറ്റ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടുന്നതായി പറഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ അബ്‌റാര്‍ മരണപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു. ഇതോടെ പ്രതിഷേധത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഇതില്‍ ഭൂരിഭാഗവും യു പിയിലാണ്. ഫിറോസബാദില്‍ മാത്രം ഏഴ് പേരാണ് മരിച്ചത്.

ദിവസവേതനക്കാരനായി ജോലി നോക്കുകയായിരുന്ന അബ്റാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് വെടിയേറ്റതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ അബ്‌റാര്‍ കുടുങ്ങിപ്പോകുയായിരുന്നെന്നാണ് കുടുംബം പറഞ്ഞിരുന്നു. എയിംസ് അടക്കമുള്ള ആശുപത്രികള്‍ അബറാറിനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നില്ല എന്നും ഒടുവില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ഡ എ അമാനത്തുള്ള ഖാന്‍ ഇടപെട്ടതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

 

Latest