Connect with us

Palakkad

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം മലപ്പുറം ചാമ്പ്യന്മാര്‍

Published

|

Last Updated

മലപ്പുറം ജില്ലാ ടീമിന് പി ഉണ്ണി എം എൽ എ സ്വർണക്കപ്പ് സമ്മാനിക്കുന്നു

ഒറ്റപ്പാലം: സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യന്മാർ. 340 പോയിന്റ്നേടിയാണ് മലപ്പുറം ജേതാക്കളായത്. കാഴ്ച, കേൾവി പരിമിതരുടെ വിഭാഗത്തിലും മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ്മലപ്പുറം നേടി.

310 പോയിന്റ്നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി ആതിഥേയരായ പാലക്കാട് മൂന്നാം സ്ഥാനവും നേടി. മൂന്ന് വിഭാഗങ്ങളിലും കൂടുതൽ പോയിന്റ്നേടിയ ജില്ലയേതെന്ന് കണക്കാക്കിയാണ് സ്വർണക്കപ്പ് ജേതാക്കളെ പ്രഖ്യാപിച്ചത്.

കേൾവി പരിമിതിയുള്ള അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളുടെ വിഭാഗത്തിൽ പത്തനംതിട്ട 70 പോയിന്റ്നേടി ജേതാക്കളായി. മലപ്പുറം ജില്ല 64 പോയിന്റുമായി രണ്ടാം സ്ഥാനവും എറണാകുളം, കോഴിക്കോട് ജില്ലകൾ 60 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കാഴ്ച പരിമിതിയുള്ള ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർഥികൾ മത്സരിച്ച ഇനങ്ങളിൽ കോട്ടയം ജില്ല 63 പോയിന്റുമായി ഒന്നാമതെത്തി. 61 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 56 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. കാഴ്ച പരിമിതിയുള്ള എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലപ്പുറം ജില്ല 68 പോയിന്റുമായി ജേതാക്കളായി. കോട്ടയം ജില്ല 53 പോയന്റുമായി രണ്ടാം സ്ഥാനത്തും തൃശൂർ ജില്ല 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.

കാഴ്ച പരിമിതിയുള്ള ഹയർ സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം (68) ജേതാക്കളായി. കോഴിക്കോട് 53 പോയിന്റുമായി രണ്ടാം സ്ഥാനവും പാലക്കാട് 40 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. കേൾവി പരിമിതിയുള്ളവരുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പാലക്കാട് ജില്ല 68 പോയിന്റ്നേടി ജേതാക്കളായി. പത്തനംതിട്ട ജില്ല 63 പോയിന്റ്നേടി രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ല 54 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി ഉണ്ണി എം എൽ എ സമ്മാന വിതരണം നടത്തി.

എ ഡി പി ഐ. സി എ സന്തോഷ് ജേതാക്കളെ പ്രഖ്യാപിച്ചു. നഗരസഭാ ഉപാധ്യക്ഷ കെ രത്‌നമ്മ, കൗൺസിലർമാരായ സത്യൻ പെരുമ്പറക്കോട്, എൽ ആർ ഹേമ, വി സുകുമാരൻ പ്രസംഗിച്ചു. ഡി ഡി ഇ. പി കൃഷ്ണൻ സ്വാഗതവും യു എ മജീദ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest