Connect with us

International

ആവേശമായി ഹൗഡി മോദി; സഹകരണം ശക്തമാകും

Published

|

Last Updated

ഹൗഡി മോദി ചടങ്ങിൽ പങ്കെടുക്കാനായി ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയത്തിൽ എത്തിയ യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വീകരിക്കുന്നുi

ഹൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഹൗഡി മോഡി ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ചുകൊണ്ടാണ് മോദി സംസാരിച്ചത്. ട്രംപ് സർക്കാർ വീണ്ടും അധികാരത്തിൽ വരട്ടെയെന്നും മോദി ആശംസിച്ചു. ഇന്ത്യ- അമേരിക്ക ബന്ധം എക്കാലത്തെയും മികച്ച തലത്തിലെത്തിയെന്നും മോദിക്കൊപ്പം വേദി പങ്കിടാനായതിൽ സന്തോഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ ട്രംപ് അഭിനന്ദിച്ചു.

ദ ടെക്‌സാസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. വർണാഭമായ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങിന് തുടക്കമായത്. വിദേശ രാഷ്ട്രത്തലവന് യു എസ് മണ്ണിൽ നൽകുന്ന പ്രൗഢമായ ചടങ്ങിനാണ് ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റ്ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്.
ഹൗഡി മോദിക്ക് മുന്നോടിയായി യു എസ് പ്രകൃതിവാതക കമ്പനിയായ ടെല്ലൂറിയനും ഇന്ത്യൻ കമ്പനിയായ പെട്രോനെറ്റും നിർണായക കരാറിൽ ഒപ്പുവെച്ചു.

ഹൗഡി മോദി ചടങ്ങിന് മുന്നോടിയായി യു എസിലെ ഊർജമേഖലയിലെ കമ്പനി മേധാവികളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എസ് പ്രകൃതിവാതക കമ്പനിയായ ടെല്ലൂറിയനും ഇന്ത്യയുടെ പ്രെടോനെറ്റും തമ്മിൽ കരാർ ഒപ്പുവെച്ചത്. രണ്ടര ബില്യൺ യു എസ് ഡോളർ യു എസ് കമ്പനിയിൽ നിക്ഷേപിക്കും. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ് നാൽപ്പത് വർഷക്കാലയളവിൽ അമ്പത് ലക്ഷം ടൺ എൽ എൻ ജി വാങ്ങും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എൽ എൻ ജി ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ്. ടെല്ലൂറിയനിന്റെ ലൂസിയാനയിലുള്ള ഡ്രിഫ്റ്റ് വുഡ് പദ്ധതിയിലാണ് പെട്രോനെറ്റ് നിക്ഷേപം നടത്തുക. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

പതിനേഴ് രാജ്യാന്തര ഊർജ കമ്പനി മേധാവികളാണ് മോദിയുമായി ചർച്ച നടത്തിയത്. 150 രാജ്യങ്ങളിലായി ഒരു ലക്ഷം കോടി യു എസ് ഡോളറിന്റെ ആസ്തിയാണ് ഈ കമ്പനികൾക്കുള്ളത്. ഊർജമേഖലയിലെ സഹകരണം വൈവിധ്യവത്കരിക്കാനുള്ള ചർച്ചകളാണ് നടന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഹൂസ്റ്റണിലെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പതിനേഴ് അംഗ സംഘമാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാവർക്കുമുള്ള പുതിയൊരു കശ്മീർ നിർമിക്കുമെന്ന് മോദി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി.

വിദേശത്താകുന്പോൾ മോദിയെ വിമർശിക്കരുത്: തരൂർ

പുണെ: വിദേശത്ത് രാജ്യത്തെ പ്രതിനിധാനം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കരുതെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സമയങ്ങളിൽ മോദി ഇന്ത്യയുടെ പ്രതിനിധിയാണെന്നും മോദിയെ ബഹുമാനിക്കണമെന്നും ഇന്ത്യയിലെത്തിയാൽ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും തരൂർ പറഞ്ഞു.
“ഹൗഡി മോദി” പരിപാടിയിൽ പങ്കെടുക്കുന്ന മോദിക്കെതിരെ രൂക്ഷ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഹൗഡി മോദിയെ ധൂർത്തെന്ന് വിശേഷിപ്പിക്കുയും ചെയ്തിരുന്നു. ഇതിനിടെയാണ് ശശി തരൂരിന്റെ തിരുത്തൽ പ്രസ്താവന. മോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസിക്കപ്പെടണമെന്ന് തരൂർ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

വേദിക്ക് പുറത്ത് പ്രതിഷേധം

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഹൗഡി മോദി” പരിപാടിക്കിടെ പ്രതിഷേധ പ്രകടനവുമായി ഒരു സംഘം ഇന്ത്യൻ അമേരിക്കക്കാർ. ഇന്ത്യൻ അമേരിക്കക്കാരുടെ കൂട്ടായ്മയായ അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റി (എ ജെ എ), ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ് ഹൂസ്റ്റൺ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്ന എൻ ആർ ജി ഫുട്‌ബോൾ ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധം നടന്നത്.

ഹിന്ദു, മുസ്‌ലിം, ദളിത്, സിഖ്, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട ഇന്ത്യൻ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് എ ജെ എ. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എച്ച് എഫ് എച്ച് ആർ), ഓർഗനൈസേഷൻ ഫോർ മൈനോരിറ്റീസ് ഓഫ് ഇന്ത്യ (ഒ എഫ് എം ഐ) എന്നീ സംഘടനകളും പ്രതിഷേധത്തിലുണ്ട്. ജൂത സംഘടനയായ ജ്യൂയിഷ് വോയിസ് ഫോർ പീസിന്റെ പ്രവർത്തകരും പ്ലക്കാർഡുകളുമായി ഒത്തുകൂടി. ആഫ്രോ- അമേരിക്കൻ കൂട്ടായ്മയായ ബ്ലാക്ക് ലൈവ്‌സ് മാറ്ററും പ്രതിഷേധത്തിൽ അണിചേർന്നു.
മതേതരത്വം പുലർന്നിരുന്ന രാജ്യത്തെ നിലവിലുള്ള അവസ്ഥ പേടിപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.

---- facebook comment plugin here -----

Latest