Connect with us

Editorial

കേരനാടിന്റെ പ്രതാപം തിരിച്ചുപിടിക്കണം

Published

|

Last Updated

കേരകൃഷി നാളികേരാധിഷ്ടിത വ്യവസായ ഉന്നമനത്തിന് 24.742 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ തുടക്കമായി. ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കാര്‍ഷിക സര്‍വകലാശാല നടപ്പാക്കുന്ന ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. നാളികേര ദിനത്തോടനുബന്ധിച്ചും അല്ലാതെയും കേരകൃഷിയുടെ വികസനവും ഉന്നമനവും ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ ആരംഭിക്കാറുണ്ട്. എന്നാല്‍ കേരത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തിന് ഇപ്പോഴും ഈ രംഗത്ത് സന്തോഷിക്കാന്‍ ഏറെയൊന്നുമില്ലെന്നതാണ് വാസ്തവം. പദ്ധതി പ്രഖ്യാപനത്തിലും ഉദ്ഘാടനത്തിലും ഒതുങ്ങുകയാണ് കേരവികസനത്തിനുള്ള പദ്ധതികള്‍ മിക്കതും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നാളികേരോത്പാദന വര്‍ധന ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാളികേര വികസന കൗണ്‍സില്‍ രൂപവത്കരിക്കുകയുണ്ടായി. നാളികേര കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുക, രോഗം ബാധിച്ചതും ഉത്പാദനക്ഷമത നശിച്ചതുമായ തെങ്ങുകള്‍ക്കു പകരം അത്യുത്പാദന ശേഷിയുള്ള തൈകള്‍ വെച്ചുപിടിപ്പിക്കുക, ഉത്പാദന ക്ഷമത ഹെക്ടറിന് 8,500 നാളികേരമായി ഉയര്‍ത്തുക, നാളികേരത്തിന്റെ മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍. നിലവിലുള്ള തോട്ടങ്ങളിലെ രോഗം ബാധിച്ചതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ വെട്ടി മാറ്റി കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും നാളികേര വികസന കോര്‍പറേഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേര്‍ന്ന് ഉത്പാദിപ്പിച്ച ഉത്പാദന ശേഷി കൂടിയ തൈകള്‍ നട്ടു പിടിപ്പിക്കാനും തീരുമാനമുണ്ടായിരുന്നു. പ്രഖ്യാപനത്തിനപ്പുറം പദ്ധതി ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല.

നാളികേര ഉത്പാദനത്തിലും കൃഷി വിസ്തൃതിയിലും കേരളത്തിന്റെ വിഹിതം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. 1960-61ല്‍ രാജ്യത്തെ നാളികേര കൃഷി വിസ്തൃതിയുടെ 69.58 ശതമാനവും ഉത്പാദനത്തിന്റെ 69.52 ശതമാനവും കേരളത്തിലായിരുന്നുവെങ്കില്‍ 2011-12ല്‍ ഇത് യഥാക്രമം 40.2 ശതമാനവും 42.12 ശതമാനവുമായി കുറഞ്ഞു. അതേസമയം അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും ആന്ധ്രയും ഈ രംഗത്ത് വന്‍ മുന്നേറ്റം നടത്തിവരികയുമാണ്. ഒരു ഹെക്ടറില്‍ നിന്ന് 6,883 തേങ്ങയാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതെങ്കില്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇത് യഥാക്രമം ഹെക്ടറിന് 14,873 തേങ്ങയും 13,808 തേങ്ങയുമാണ്.

ഉത്പന്ന വൈവിധ്യമാണ് തെങ്ങുകൃഷി ആദായകരമാക്കാന്‍ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ കേരോത്പാദക രാജ്യങ്ങളും നമ്മുടെ അയല്‍ സംസ്ഥാനങ്ങളും സ്വീകരിച്ചു വരുന്ന മാര്‍ഗം. അവര്‍ ഈ രംഗത്ത് വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇളനീര്‍, നാളികേരം, തേങ്ങാവെള്ളം, തെങ്ങിന്‍തടി, ചിരട്ട, ഓല എന്നിങ്ങനെ തെങ്ങിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഉത്പന്നങ്ങള്‍ തയ്യാറാക്കി വിപണനം നടത്താവുന്നതാണ്. ചില വിദേശ രാജ്യങ്ങള്‍ “സോ ഡെലീഷ്യസ് ഡെയറി ഫ്രീ” എന്ന കമ്പനിയുടെ തേങ്ങാപ്പാലില്‍ നിന്ന് 65ല്‍ അധികം ഉത്പന്നങ്ങളാണ് വിപണനം നടത്തുന്നത്. പ്രകൃതിയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന കരിക്കിന്‍ വെള്ളത്തിന് വന്‍ സാധ്യതകളുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കരിക്കിന്‍ വെള്ളം ബോട്ടിലിലാക്കി വിപണനത്തിനെത്തിക്കുന്ന യൂനിറ്റുകള്‍ ധാരാളം പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ നാലിലൊന്നു പോലും കരിക്കെന്ന നിലയില്‍ വിപണനം നടത്തുന്നില്ല. കൊപ്രയുടെയും വെളിച്ചെണ്ണയുടെയും മാത്രം വിപണനത്തെ ആശ്രയിക്കുന്ന കേരളത്തിന്റെ പതിവുരീതി വിട്ട് നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ കാര്‍ഷിക കൂട്ടായ്മയുടെ സഹകരണത്തോടെ ഇത്തരം സംരംഭങ്ങള്‍ നടപ്പാക്കാവുന്നതാണ്. വിഷം കലര്‍ന്ന പാനീയങ്ങള്‍ക്ക് ബദല്‍ എന്ന കാഴ്ചപ്പാടോടെയും കേരകര്‍ഷകരുടെ ക്ഷേമം ലാക്കാക്കിയും നീര പാനീയ പദ്ധതി നടപ്പാക്കിയെങ്കിലും അത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. ഏകീകൃതമായ രുചി ഇല്ലാത്തതും തെങ്ങു ചെത്തുന്നവര്‍ ക്രമേണ രംഗം വിട്ടതുമൊക്കെയാണ് നീരക്ക് തിരിച്ചടിയായതെന്നാണ് പറയപ്പെടുന്നത്.

നാളികേരത്തിന്റെ ഉത്പാദന നിരക്ക് വര്‍ധിപ്പിക്കാനും സമഗ്ര പദ്ധതികള്‍ ആവശ്യമാണ്. ജൈവ വളത്തിന്റെ ലഭ്യതക്കുറവ്, രോഗബാധ, പരിചരണക്കുറവ് തുടങ്ങിയവയാണ് കേരളത്തില്‍ നാളികേര ഉത്പാദനം കുറയാന്‍ കാരണം. ആവശ്യത്തിന് വില കിട്ടാത്തതിനാലും പണിക്കൂലിയിലും വളത്തിന്റെ വിലയിലും അടിക്കടിയുണ്ടാകുന്ന വര്‍ധനവും കാരണം മുന്‍ കാലങ്ങളിലെ പോലെ തെങ്ങ് പരിചരണം നടത്തുന്നില്ല ഇന്ന് കേരളത്തില്‍. തെങ്ങ് ഒരു ദീര്‍ഘകാല വിളയായതിനാല്‍ കാലാ കാലങ്ങളില്‍ കൃത്യമായ പരിചരണം നടത്തിയെങ്കിലേ തേങ്ങ ഉത്പാദനം വര്‍ധിക്കുകയുള്ളൂ. തമിഴ്‌നാട്ടില്‍ തൊഴിലാളികളുടെ കൂലി കേരളത്തെ അപേക്ഷിച്ചു കുറവായതിനാല്‍ തെങ്ങു പരിചരണവും അതുമായി ബന്ധപ്പെട്ട ജോലികളും അവര്‍ കൃത്യമായി നടത്തി വരുന്നുണ്ട്. കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി കേരകൃഷി രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചാല്‍ തെങ്ങ് കര്‍ഷകര്‍ക്കും സംസ്ഥാനത്തിനും കൂടുതല്‍ ഗുണം ചെയ്യും.

തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവ് കേരകൃഷി മേഖലയില്‍ മറ്റൊരു വെല്ലുവിളിയാണ്. പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നു വരാന്‍ മടിക്കുന്നു. തൊഴിലിന്റെ മറ്റു മേഖലകളെല്ലാം കൈയടക്കിയ ഇതര സംസ്ഥാന തൊഴിലാളികളും ഈ മേഖലയിലേക്ക് കടന്നു വരുന്നില്ല. കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ തെങ്ങുകയറ്റ പരിശീലനം നടന്നു വരുന്നുണ്ടെങ്കിലും ഈ രംഗത്ത് ഇപ്പോഴും തൊഴിലാളികളുടെ അഭാവം മുഴച്ചു നില്‍ക്കുന്നു. റബ്ബര്‍ മേഖല പ്രതിസന്ധി നേരിടുമ്പോള്‍ രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ ഉടനടി അതിന് പരിഹാരം കാണുമ്പോള്‍ 43 ലക്ഷം കേരകര്‍ഷകരുടെ കാര്യത്തില്‍ അത്തരം രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടാകാറില്ലെന്നത് ഈ മേഖലയുടെ പിറകോട്ടടിക്കു കാരണമാകുന്നു.

Latest