Connect with us

National

അന്ത്യയാത്രക്കു തലേന്നു വരെ കര്‍മ ഭൂമിയില്‍; ദീക്ഷിതിന്റെ അവസാന സന്ദേശം ബി ജെ പി ആസ്ഥാനം ഉപരോധിക്കാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: അന്ത്യയാത്രക്കു തലേന്നു വരെ രാഷ്ട്രീയ പോരാട്ട ഭൂമിയില്‍ സജീവമായി ഷീലാ ദീക്ഷിത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടു നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞ യു പി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കാനായിരുന്നു ദീക്ഷിതിന്റെ അവസാന ആഹ്വാനം.

വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തിന് പുറത്ത് പതിഷേധം സംഘടിപ്പിക്കാനുള്ള ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായ ദീക്ഷിതിന്റെ സന്ദേശം പ്രവര്‍ത്തകര്‍ക്കു ലഭിച്ചത്. എന്നാല്‍, ദീക്ഷിതിന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ഹാറൂണ്‍ യൂസഫാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
പ്രിയങ്കയുടെ കരുതല്‍ തടങ്കല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ ജനകീയ പ്രക്ഷോഭം നടത്താന്‍ തയാറാകണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പ്രിയങ്കയുടെ കരുതല്‍ തടങ്കല്‍ തുടരുന്ന സാഹചര്യമുണ്ടായാല്‍ പ്രതിഷേധം തുടരാനും അവര്‍ നിര്‍ദേശിച്ചതായി ഷീലാ ദീക്ഷിതിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കിരണ്‍ വാലിയ വെളിപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷീലാ ദീക്ഷിതിനെ ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് 3.55ന് അന്തരിച്ചു.

1938 മാര്‍ച്ച് 31ന് ബ്രിട്ടിഷ് ഇന്ത്യയിലെ കപൂര്‍ത്തലയില്‍ ജനിച്ച് പില്‍ക്കാലത്ത് കോണ്‍ഗ്രസ് നേതാവായി ഉയര്‍ന്ന് ഷീലാ ദീക്ഷിത്ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ വ്യക്തിയാണ്. ഡല്‍ഹി മുഖ്യമന്ത്രിയായി.1998 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധിഎന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലും അംഗമായിരുന്നു.

ഡല്‍ഹിയിലെ പതനത്തിന് ശേഷം ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണറായി യു പി എ സര്‍ക്കാര്‍ നിയമിച്ചിരുന്നു. അഞ്ച് മാസം ഈ സ്ഥാനത്ത് തുടര്‍ന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യു പി എ സര്‍ക്കാര്‍ നിയമിച്ച പന്ത്രണ്ടോളം ഗവര്‍ണര്‍മാരെ നീക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു.

Latest