Connect with us

Travelogue

അറിവാണ് ഈ പട്ടണത്തിന്റെ സൗന്ദര്യം

Published

|

Last Updated

ബുഖാറ ജ്ഞാനത്തിന്റെ ഖനിയാണ്,
ജ്ഞാനാർഥികൾക്ക് ബുഖാറ ദാഹമകറ്റും
– റൂമി

പ്രവാചകർ(സ)ക്കും യുഗപ്രഭാവരായ മദ്ഹബിന്റെ ഇമാമുകൾക്കും ശേഷം കടന്നുവന്ന വിശ്വപ്രസിദ്ധ പ്രതിഭാശാലി ഇമാമുൽ മുഹദ്ദിസീൻ അൽ ഇമാം ബുഖാരി (റ)യുടെ ജീവിതം കൊണ്ട് പ്രസിദ്ധിയാർജിച്ച പട്ടണമാണ് ബുഖാറ. അതിപുരാതന മധ്യേഷ്യൻ നഗരമായ ബുഖാറ, ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സവിശേഷ ഭൂമികയാണ്. ഇമാം ബുഖാരി(റ)ക്ക് പുറമെ ഇബ്‌നു സീനയടക്കമുള്ള ഇസ്‌ലാമിക ചരിത്രത്തിലെ അറിവിന്റെയും പാണ്ഡിത്യത്തിന്റെയും ഇരിപ്പിടത്തിൽ പരിലസിച്ചവരുടെ നഗരവുമാണ്. മതം, സംസ്‌കാരം, വിജ്ഞാനം തുടങ്ങി നിരവധി വ്യവഹാരങ്ങളുടെ കേന്ദ്രവുമായിരുന്നു അക്കാലത്ത് ബുഖാറ. ഇമാം ബുഖാരി(റ)യുടെ ജന്മം കൊണ്ട് ബുഖാറ നഗരം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നടുമുറ്റമായി മാറി. ക്രിസ്തു വർഷം ആരംഭിക്കും മുമ്പ് സ്ഥാപിക്കപ്പെട്ട ഈ മഹാനഗരം നിരവധി സാമ്രാജ്യത്വശക്തികൾക്കിടയിൽ കൈമറിഞ്ഞും അനവധി രാജവംശങ്ങളെ മറികടന്നും ഒട്ടനേകം ഭരണകൂടങ്ങളെ കണ്ടുമറന്നും മധ്യേഷ്യൻ രാജ്യമായ ഉസ്ബക്കിസ്ഥാന്റെ ഭാഗമായി നിലനിൽക്കുകയാണിന്ന്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഉസ്ബക്കിസ്ഥാനിലെ അഞ്ച് പ്രധാന നഗരങ്ങളിൽ ഒന്നാണിന്ന് ബുഖാറ. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലോക പൈതൃക ദേശങ്ങളിൽ ഒന്നായ ബുഖാറക്ക് ആ പദവി നേടിക്കൊടുക്കുന്നതിൽ അവിടെയുള്ള പള്ളികളുടെയും മദ്‌റസകളുടെയും പങ്ക് വലുതാണ്.

ഗ്രീക്കുകാരനായ അലക്‌സാണ്ടർ ബുഖാറയെ തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. പിന്നീട് നിരവധി യുദ്ധങ്ങൾക്കും പടയോട്ടങ്ങൾക്കും ശേഷം കുശാന സാമ്രാജ്യത്തിന്റെ ഭാഗമായി. അക്കാലത്ത് വിഗ്രഹാരാധനയായിരുന്നു ജനങ്ങളുടെ വിശ്വാസ രീതി. ബുഖാറ നഗരത്തിലെ മഖ ബഹുദൈവാരാധനാലയത്തിന് മുൻവശം അക്കാലത്തെ ലോക പ്രശസ്ത വിഗ്രഹ ചന്തയായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. കുശാന രാജാക്കന്മാരുടെ തകർച്ചക്ക് ശേഷം മംഗോളിയൻ വംശജരായ ഹുവ ഗോത്രക്കാരായി വാഴ്ചക്കാർ. ശേഷമാണ് സമാനിയൻ സാമ്രാജ്യത്തിന്റെ വരവ്. ക്രിസ്ത്യൻ ആശയധാരയിൽ നിന്ന് ഇന്ന് വിസ്മരിക്കപ്പെട്ട മാനിക്കനിസം, നോസ്‌റ്റോറിയൻ എന്നീ വിഭാഗക്കാർക്കായിരുന്നു അക്കാലത്ത് അവിടെ മുൻതൂക്കം. പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമെന്ന നിലയിലാണ് ക്രിസ്തു വർഷം 500ൽ ബുഖാറ നഗരം ലോകത്തിന്റെ ശ്രദ്ധയിൽ വരുന്നത്. സൗരാഷ്ട്ര മതവിശ്വാസിയായിരുന്ന സമാൻ ഖുദ രാജാവ് ഇസ്‌ലാം സ്വീകരിച്ചതോടെയാണ് ബുഖാറയുടെ ഇസ്‌ലാമിക ചരിത്രം ആരംഭിക്കുന്നത്. എ ഡി 700കളിലാണിത്.

നഗരത്തിന്റെ പ്രധാന ഭാഗത്ത് ആകർഷണീയ പള്ളി നിർമിച്ച് ഖാത്തിബ് ബ്‌നു മുസ്‌ലിമാണ് ബുഖാറ നഗരത്തിൽ ഇസ്‌ലാമിക സംസ്‌കാരത്തിന് തുടക്കമിട്ടത്. പിന്നീട്, അബ്ബാസിയ ഖലീഫമാരും ചൈനക്കാരായ താംഗ് രാജവംശവും തമ്മിലുണ്ടായ യുദ്ധത്തോടെയാണ് ബുഖാറയിൽ ഇസ്‌ലാമിന് സമ്പൂർണ വേരോട്ടമുണ്ടാകുന്നത്. എ ഡി 751ലാണിത്. അങ്ങനെ ഒരു നൂറ്റാണ്ടിനുള്ളിൽ ബുഖാറ ഇസ്‌ലാമിക നഗരമായി. 850ൽ ബുഖാറ, സമാൻ ഖുദ സ്ഥാപിച്ച സാമാനിയ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി. ലോകത്തെ പ്രധാന വൈജ്ഞാനിക നഗരങ്ങളായ കൈറോ, ബഗ്ദാദ്, കോർദോവ എന്നിവക്കൊപ്പം ബുഖാറയെ എണ്ണിത്തുടങ്ങിയതും അക്കാലത്താണ്. അതോടൊപ്പം, സൂഫീവര്യന്മാരുടെ പ്രധാന കേന്ദ്രമായും ബുഖാറ അറിയപ്പെട്ടു. നഖ്ശബന്ദി സിൽസിലക്കായിരുന്നു പ്രാധാന്യം. ലോകത്തിന്റെ വൈജ്ഞാനിക പ്രവിശ്യയായി മാറിയ ബുഖാറയിലേക്ക് സർവ സ്ഥലങ്ങളിൽ നിന്നും വിജ്ഞാനദാഹികൾ വന്നുകൊണ്ടിരുന്നു.

999ൽ കാരാഖാൻ വംശമാണ് സമാനിയ ഭരണത്തെ തകർത്തത്. തുടർന്ന്, ബുഖാറ ഖറാസം ഖാന്റെ സാമ്രാജ്യത്തിന് കീഴിലായി. എന്നാൽ അതിന് അൽപ്പായുസ്സ് മാത്രമാണുണ്ടായത്. മംഗോളിയൻ പ്രതിനിധിയെ വധിച്ചതോടെ ക്ഷുഭിതനായ മംഗോളിയൻ ചക്രവർത്തി ജങ്കിസ് ഖാൻ ബുഖാറ നഗരത്തെത്തന്നെ തവിടുപൊടിയാക്കി. അതോടെ തകർന്നടിഞ്ഞെന്ന് മുദ്രകുത്തിയ ബുഖാറയെ ചാഗ്ത്തായി ഖാന്റെ പുതിയ ഭരണകൂടമാണ് ഉയിർത്തെഴുന്നേൽക്കുന്നതിന് പര്യാപ്തമാക്കുന്നത്. 1506 മുതൽ 1598 വരെ ബുഖാറ ഭരിച്ച ഷൈബാനിയ്യ രാജവംശത്തിന് കീഴിൽ നഗരം വീണ്ടും പ്രതാപത്തിന്റെ കൊടുമുടികൾ താണ്ടി.

1533 മുതൽ 1598 വരെ ബുഖാറ ഭരിച്ച അബ്ദുൽ അസീസ് ഖാൻ സ്ഥാപിച്ച ഗ്രന്ഥശാല അക്കാലത്ത് അത്ഭുതമായിരുന്നു. അക്കാലയളവിലാണ് മഹല്ല് സമ്പ്രദായത്തിനും മദ്‌റസാ വിദ്യാഭ്യാസ രീതിക്കും തുടക്കം കുറിച്ചത്. ഒരോ മഹല്ലും ഒരോ തദ്ദേശ സ്വയം ഭരണ സ്ഥാപനമായാണ് ഷൈബാനിസ് രാജാക്കന്മാർ ക്രമീകരിച്ചത്. ആറ് വയസ്സ് മുതൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്നു. രണ്ട് വർഷത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമാണ് കുട്ടികളെ മദ്‌റസയിലേക്ക് അയക്കുക. ഏഴ് വർഷം വീതമുള്ള മൂന്ന് ഘട്ടങ്ങളിലായി 21 വർഷം നീണ്ടുനിൽക്കും മദ്‌റസാ വിദ്യാഭ്യാസം. മതം, ഗണിതം, നീതിന്യായം, തർക്ക ശാസ്ത്രം, സംഗീതം തുടങ്ങി എല്ലാ ശാഖകളിലെയും വിജ്ഞാനം മദ്‌റസയിൽ നിന്ന് തന്നെയാണ് അഭ്യസിപ്പിക്കുക. അങ്ങനെയാണ് ബുഖാറയിൽ സംസ്ഥാപിതമായ മദ്‌റസാ സംവിധാനം ലോകത്ത് പ്രശസ്തമായത്. ഏഷ്യക്ക് പുറമെ ആഫ്രിക്കൻ വൻകരകളിൽ നിന്നുപോലും ബുഖാറയിലെ മദ്‌റസകളിലേക്ക് വിദ്യാർഥികളെത്തിയിരുന്നു.

1747ൽ അവസാനത്തെ ഖാൻ രാജാവായ നാദിർഷാ മരിച്ചതോടെ ആ ഭരണവംശവും തകർന്നടിഞ്ഞു. തുടർന്ന് പഴയ ഉസ്ബക്കിസ്ഥാൻ അമീറിന്റെ അനന്തരാവകാശി പ്രധാനമന്ത്രി സ്ഥാനത്ത് ഉപവിഷ്ടനായി. അദ്ദേഹത്തിന് സാമ്രാജ്യമോഹമുണ്ടാകുകയും അതിനുള്ള കരുനീക്കത്തിന്റെ ഭാഗമായി അനന്തരാവകാശിയായ ഷാ മുറാദിന് 1785ൽ ഇമാറത്ത് പതിച്ചുനൽകുകയും ചെയ്തു. ശേഷം 1880 മുതൽ 1944 വരെ ജീവിച്ചിരുന്ന മുഹമ്മദ് അലീം ഖാനായിരുന്നു അമീർ. അക്കാലത്ത് ബുഖാറയെ സോവിയറ്റ് യൂനിയൻ കീഴടക്കി. 1920 ൽ ബുഖാറൻ ജനകീയ സോവിയറ്റ് റിപ്പബ്ലിക്ക് എന്ന പേരിൽ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെടുകയായിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഉസ്ബക്കിസ്ഥാൻ പ്രവിശ്യയുടെ ഭാഗമായി. അങ്ങനെ ബുഖാറയുടെ രാഷ്ട്രീയ വ്യക്തിത്വം എന്നെന്നേക്കുമായി അസ്തമിച്ചു. 70 വർഷത്തിന് ശേഷം സോവിയറ്റ് യൂനിയൻ തകർന്നടിഞ്ഞതോടെ ബുഖാറ ഉസ്ബക്കിസ്ഥാന്റെ ഭാഗമായി തുടരുകയാണുണ്ടായത്.

ഇമാം ബുഖാരി (റ)

ഇത്രമേൽ വിശദമായ ചരിത്രമുണ്ടെങ്കിലും ബുഖാറയെ ലോകം സ്മരിക്കുന്നത് എ ഡി 810 മുതൽ 870 വരെ ജീവിച്ച വിജ്ഞാന വിചക്ഷണൻ ഇമാം ബുഖാരി(റ)യുടെ നഗരമെന്ന പേരിലാണ്. സമാനിയ രാജാക്കന്മാരുടെ ഉപദേശകനും ചരിത്രകാരനും കവിയും സാഹിത്യകാരനുമായ അബ്ദുൽ ഫസൽ മുഹമ്മദ് തുടങ്ങി അദ്ദേഹത്തിന്റെ മകൻ അബൂ അലി, ബുഖാറയുടെ ചരിത്രമെഴുതിയ അബൂബക്കർ റസ്‌റഖി, ഉത്തബി, ഖാജാ ഇസ്മത്ത് എന്നറിയപ്പെടുന്ന കവി ഉസ്സത്തുല്ല ബുഖാരി… തുടങ്ങി അനവധി മഹത്തുക്കളുടെ തട്ടകമായിരുന്ന ബുഖാറയെന്നത് വേറെ കാര്യം.

പുരാതന ഖുറാസാനിലെ ബുഖാറ പട്ടണത്തിൽ ഹിജ്‌റ 194 ശവ്വാൽ 13നാണ് ഇമാം മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ ബുഖാരി(റ) ഭൂജാതനാകുന്നത്. ജീവിതമുടനീളം സ്‌നേഹനിധിയായ പ്രവാചകരു(സ)ടെ തിരുമൊഴികൾക്ക് സേവനമനുഷ്ഠിക്കാൻ ചെലവഴിക്കുകയും പാരത്രിക സൗഖ്യങ്ങളിൽ തത്പരനാകുകയും ചെയ്തു. ഇമാം ബുഖാരി(റ)ക്കും ജീവിതകാലത്ത് തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നാടുവിടേണ്ടിയും വന്നു.
പരീക്ഷണ കാലത്തും ഹദീസ് സേവനത്തിൽ നിന്ന് വ്യതിചലിക്കാതെ സാത്വികവഴിയിലൂടെ സഞ്ചരിച്ചു.

യാത്രകളിലെ വൈഷമ്യതകളെ ക്ഷമയുടെ പുടവകൊണ്ട് പുതപ്പിച്ച് ഘനം കുറച്ച ത്യാഗമായിരുന്നു ഇമാമിന്റെ സവിശേഷത. സമ്പൽസമൃദ്ധിയുടെ മടിത്തട്ടിൽ വളർന്ന ഇമാം ബുഖാരി (റ) പക്ഷേ, സാമ്പത്തികാധിക്യം മൂലമുണ്ടാകുന്ന രോഗാതുരകൾക്ക് ഇരയായിട്ടില്ല. അഹങ്കാരമോ പിശുക്കോ ഗർവോ ദുരഭിമാനമോ ബാധിക്കാത്ത സ്ഫടിക സമാന ജീവിത വ്രതമായിരുന്നു ഇമാം ബുഖാരി(റ)യുടെത്. ഹദീസ് പഠനവും ശേഖരണവും ജീവിത വ്രതമാക്കിയ ഇമാം, ഉമ്മയോടും സഹോദരനോടുമൊപ്പമുള്ള ആദ്യയാത്രകൾക്ക് ശേഷം ജ്ഞാനം തേടി നിരവധി തീർഥാടനങ്ങൾ നടത്തി. ജിദ്ദ, മക്ക, മദീന, ത്വാഇഫ് തുടങ്ങി ഹിജാസിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും പോയി അനേകം പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ഹദീസ് ശേഖരണം നടത്തുകയും ചെയ്തു. അക്കാലത്ത് ഇസ്‌ലാമിക ശ്രുതി ഏറ്റ മണൽതരികളിലെല്ലാം ഇമാം ബുഖാരി(റ)യുടെ പരിശുദ്ധ പാദങ്ങൾ കൊണ്ട് വിശുദ്ധി കരസ്ഥമാക്കിയിട്ടുണ്ട്. ആ ഉജ്വല ജീവിതത്തിന് ഹിജ്‌റ 256 ശവ്വാൽ ആദ്യരാത്രി (ചെറിയ പെരുന്നാൾ രാവ്) തിരശ്ശീല വീണു.
.

Latest