Connect with us

Cover Story

പൊൻതിരിവെട്ടം ആപ്പുകളില്‍

Published

|

Last Updated

ഒരു പുസ്തകത്തിന്റെ ഫോട്ടോയെടുക്കാൻ ഹാറൂണിന്റെ മൊബൈൽ ക്യാമറയിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉടനടി സന്ദേശമെത്തും- “ഇറ്റ്‌ ഈസ് എ ബുക്ക്”. കണ്ണുകൾക്ക് ജന്മനാ പുറംവെളിച്ചമില്ലാത്ത ഹാറൂൺ വികസിപ്പിച്ചെടുത്ത “എൻവിഷൻ” എന്ന ആപ്പാണ് ഇത് സാധ്യമാക്കുന്നത്. ഒരു ടെക്‌സ്റ്റിന്റെ ഫോട്ടോയെടുത്താൽ ടി ടി എം എസ് ആപ്പ് അത് മുഴുവൻ വായിച്ചു നൽകും. അന്ധതയെ തോൽപ്പിച്ച് ദൃഢനിശ്ചയത്തോടെ തനിക്ക് ചുറ്റുമുള്ള സമാന പ്രശ്‌നം നേരിടുന്ന കൂട്ടുകാരെ കൈപ്പിടിച്ച് ഉയർത്തുകയാണ് പതിനാലുകാരനായ മേലാറ്റൂർ സ്വദേശി ടി കെ ഹാറൂൺ.

ഇതിന് വേണ്ടി സോഫ്റ്റ്‌വെയറുകളും ആപ്ലിക്കേഷനുകളും നിർമിക്കുന്ന പണിപ്പുരയിലാണ് ഈ വിദ്യാർഥി. ജന്മനാ ഇരുട്ടിലായവർക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിടാൻ തന്റെ പരിമിതിയെ അതിജീവിച്ച് മറ്റുള്ളവർക്ക് വെളിച്ചമാകുന്നു. 25 ഓളം മൊബൈൽ ആപ്പുകളും സോഫ്റ്റ്‌വെയറുകളുമാണ് ഈ കുഞ്ഞുതലച്ചോറിൽ പിറവിയെടുത്തത്. ക്ലാസിലിരിക്കുമ്പോൾ സാധാരണ കൂട്ടുകാരെപോലെ ഇരിക്കാനും പഠിക്കാനും പരീക്ഷയെഴുതാനും ഹാറൂണിന് സോഫ്റ്റ്‌വെയർ സഹായമാകുന്നു. ഇങ്ങനെ പഠന- പാഠ്യേതര മേഖലകളിലെല്ലാം വെന്നിക്കൊടി പാറിക്കുന്നു മേലാറ്റൂർ തൊടുകുഴിക്കുന്നുമ്മൽ അബ്ദുൽ കരീമിന്റെയും മേലാറ്റൂർ ആർ എം ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സബീറയുടെയും മകനായ ഹാറൂൺ.

കളിക്കൂട്ടുകാരൻ കമ്പ്യൂട്ടർ

ഹാറൂൺ വികസിപ്പിച്ച യൂസിഡറൂൺ വോയ്‌സ് അസിസ്റ്റന്റ് കേരളത്തിന് അകത്തും പുറത്തുമായി 50,000 ലേറെ പേർ ഉപയോഗിക്കുന്നുണ്ട്. ഈ മൊബൈൽ ആപ്ലിക്കേഷന് കാഴ്ച ശക്തിയോ കൈകളുടെ സഹായമോ ആവശ്യമില്ല എന്നതാണ് പ്രത്യേകത. മെസേജ് അയക്കാനും ഫോൺ വിളിക്കാനും സഹായമാണ്. ബാല്യത്തിലേ കമ്പ്യൂട്ടറിനോടായിരുന്നു ഹാറൂന്റെ കൂട്ട്. ആത്മവിശ്വാസമുള്ള കുട്ടിയായി വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിച്ചു. അവർ പ്രത്യേക പരിഗണനയൊന്നും നൽകാതെ തന്നെയാണ് വളർത്തിയത്.

ഹെലൻ കെല്ലറുടെ ജീവചരിത്രവും മറ്റുമെല്ലാം കുതിക്കാനുള്ള ഊർജമായി. വള്ളിക്കാപ്പറ്റ സ്‌കൂൾ ഫോർ ബ്ലൈൻഡിലാണ് ഒന്നാം ക്ലാസിലെ പഠനം ആരംഭിക്കുന്നത്. ആദ്യ കാലത്ത് ബ്രെയിലി ലിപി ഉപയോഗിച്ചായിരുന്നു പഠനം. ഇവിടെ നിന്നാണ് സോഫ്റ്റ്‌വെയർ ശിൽപ്പശാലകളിൽ പങ്കെടുക്കുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സോഫ്റ്റ്‌വെയർ ശിൽപ്പശാലയിലേക്ക് കൊണ്ടുപോകുകയും പ്രചോദനം നൽകുകയും ചെയ്തത് അധ്യാപകനായ ശിഹാബ് തിരൂരാണ്. ഇതോടെ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കാൻ തുടങ്ങി. ആറാം ക്ലാസിൽ വെച്ച് തന്നെ സോഫ്റ്റ്‌വെയർ നിർമാണത്തിൽ കാൽവെപ്പ് നടത്തിയിരുന്നു.

സ്വയം മാറാൻ ആധുനിക സാങ്കേതികവിദ്യയിൽ പരിജ്ഞാനം നേടിയെടുത്തു. കമ്പ്യൂട്ടറിലെ സ്‌ക്രീൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം കേട്ടുപഠിച്ചു. ഇതും സോഫ്റ്റ്‌വെയർ നിർമാണത്തിന് ഏറെ സഹായകരമായി. ഇങ്ങനെയാണ് ഇംഗ്ലീഷും സ്പാനിഷും നന്നായി സംസാരിക്കാനും എഴുതാനും സാധിച്ചത്. സോഫ്റ്റ്‌വെയർ നിർമാണത്തെ കുറിച്ചുള്ള സ്പാനിഷ് ലേഖനങ്ങൾ വായിച്ചെടുത്താണ് ആ ഭാഷ വശത്താക്കിയത്.

അഞ്ചാം ക്ലാസോടെ
ബ്രെയിലി ലിപിയോട് വിട

സോഫ്റ്റ്‌വെയറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇന്റർനെറ്റിൽ പരതി പഠിച്ചു. സോഫ്റ്റ്‌വെയർ നിർമാണത്തെ കുറിച്ച് ഇങ്ങനെ ധാരാളം പുസ്തകങ്ങൾ അറിയാൻ കഴിഞ്ഞു. അന്ധതയെ തോൽപ്പിക്കാൻ കൂടെയുള്ള സുഹൃത്തുക്കളെ കൈപിടിച്ച് ഉയർത്തണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഇത്. അഞ്ചാം ക്ലാസോടെ ബ്രെയിലി ലിപി ഉപേക്ഷിച്ച് സ്‌ക്രീൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ പഠനം നടത്താൻ തുടങ്ങി. ഏഴാം ക്ലാസോടെ സ്‌പെഷ്യൽ സ്‌കൂളിൽ നിന്ന് മാറി സാധാരണ സ്‌കൂളിൽ പഠിക്കാൻ തുടങ്ങി. ഇവിടെയല്ലാം കമ്പ്യൂട്ടറിന്റെയും സോഫ്റ്റ്‌വെയറിന്റെയും സഹായത്തോടെയാണ് പഠിച്ചത്. ക്ലാസിലിരിക്കുന്നതും ഹോംവർക്ക് ചെയ്യുന്നതും സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാനത്തിലാണ്. ഹോംവർക്കെല്ലാം ടൈപ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് കൊടുക്കുകയാണ് ചെയ്യുന്നത്. പരീക്ഷ എഴുത്തെല്ലാം ഈ രീതിയിൽ തന്നെയാണ്. നൂതന സാങ്കേതിക വിദ്യയെ ഉപയോഗിച്ച് അന്ധതയെ മറികടക്കാൻ കഴിയുമെന്ന് ഹാറൂൺ റശീദ് പറയുന്നു. ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി ഭാഷകളിൽ പരിജ്ഞാനം നേടിയിട്ടുണ്ട്. വിൻഡോസ്, ലിനക്‌സ് എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള സോഫ്റ്റ്‌വെയർ നിർമാണത്തിന്റെ ഭാഗമായിരിക്കുകയാണ് ഒരു വർഷമായി. ആപ്ലിക്കേഷനുകളെല്ലാം ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

അധ്യാപകരുടെ
“അധ്യാപകൻ”

അവധിക്കാലത്ത് സ്‌കൂളിലെ അധ്യാപകർക്ക് പരിശീലനം നൽകുന്ന തിരക്കിലായിരുന്നു ഹാറൂൺ. കാഴ്ചാപരിമിതിയും അംഗവൈകല്യവുമുള്ള കുട്ടികൾക്ക് എങ്ങനെ ക്ലാസെടുക്കണമെന്നായിരുന്നു അധ്യാപകർക്കുള്ള ക്ലാസ്.

സ്‌പെഷ്യൽ സ്‌കൂൾ സമ്പ്രദായം ഒഴിവാക്കി എല്ലാവരും സാധാരണ സ്‌കൂളിൽ പഠിക്കണമെന്നാണ് ഹാറൂൺ പറയുന്നത്. ആധുനിക വിദ്യ ഉപയോഗിക്കാൻ പരിമിതിയുള്ളവർക്ക് പരിശീലനം നൽകണം. കമ്പ്യൂട്ടറിന്റെ സ്‌ക്രീൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ പഠിക്കണം. മാത്‌സ് ക്ലാസെടുക്കുമ്പോൾ ചോദ്യങ്ങൾ ബോർഡിൽ മാത്രം എഴുതിയാൽ പോരാ അത് പറയുകയും വേണം. ബ്രെയിലി ലിപി എന്ന സമ്പ്രദായം ഒഴിവാക്കണം. ബ്രെയിലി ലിപിയിൽ മൂന്നിൽ ഒരു ശതമാനം പുസ്തകം മാത്രമേ ലഭ്യമാവുകയുള്ളൂ. ഇത് കാഴ്ചാപരിമിതിയുള്ളവർക്ക് വിജ്ഞാനം വർധിക്കാൻ തടസ്സമാകുകയാണ്. എന്നാൽ കമ്പ്യൂട്ടർ സ്‌ക്രീൻ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ലോകത്തെ ഏത് പുസ്തകവും വായിക്കാൻ കഴിയും. മറ്റുള്ളവരുമായി സംവദിക്കാനും സാധിക്കും. കാഴ്ചാ പരിമിതിയുള്ളവരും മറ്റു വിദ്യാർഥികളും ഒത്തൊരുമിച്ചുള്ള പഠനത്തിന് സൗകര്യമൊരുക്കണം. ഇത് അവരിലെ ഒറ്റപ്പെടൽ ഇല്ലാതാക്കും.

പുസ്തകങ്ങൾ മലയാളത്തിൽ
വായിച്ച് കേൾപ്പിക്കും

കാഴ്ചയില്ലാത്തവർക്ക് വായിച്ച് കേൾപ്പിക്കാൻ കഴിയുന്ന മറ്റൊരു ആപ്പാണ് ഒ സി ആർ ഇൻസ്റ്റന്റ്. പുസ്തകമോ പത്രമോ തുടങ്ങി എന്തിന്റെയും ഫോട്ടോ എടുത്താൽ ആപ്പ് ഉള്ളടക്കം വായിച്ചു കേൾപ്പിക്കും. സ്‌കാൻ ചെയ്താൽ ഇംഗ്ലീഷ് ടെക്സ്റ്റാണ് വായിക്കുക. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഹാറൂൺ എം എൽ ഒ സി ആർ എന്ന ആപ്ലിക്കേഷന് പിറവി നൽകിയത്. കാഴ്ചാ ശേഷിയില്ലാത്ത കൂട്ടുകാർക്ക് മലയാളത്തിൽ ടെക്സ്റ്റ് വായിച്ച് കേൾക്കാം.

കാഴ്ചാ പരിമിതിയുള്ളവർ നാല് ചുമരുകളിൽ ഒതുങ്ങിക്കൂടാതെ കർമ മണ്ഡലങ്ങളിൽ സജീവമാകണം. പരിമിതിയെന്ന് കരുതി തളർന്നിരിക്കരുത്. ലക്ഷ്യബോധവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ എന്തും നേടാം. ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയാൽ അന്ധതയെ മറികടക്കാൻ സാധിക്കും. ഇതിലൂടെ വായിക്കാനും സഞ്ചാരപാത മനസ്സിലാക്കാനും പൊതുസമൂഹവുമായി സംവദിക്കാനും കഴിയും. കാഴ്ചാ പരിമിതർ ശാസ്ത്രവിഷയങ്ങളിലേക്ക് കടന്നുവരാൻ തയ്യാറാകണം. സാങ്കേതിക മേഖലയിൽ വിജ്ഞാനം നേടിയാൽ മാത്രമേ തൊഴിലവസരങ്ങൾ നേടാൻ സാധ്യമാകുകയുള്ളൂ. മത്സരാധിഷ്ഠിത ലോകത്ത് ശാസ്ത്ര വിഷയങ്ങളിലും വിജ്ഞാനം നേടണം. എവിടെയും ഒതുങ്ങിക്കൂടരുത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് ധൈര്യപൂർവം അയക്കാൻ രക്ഷിതാക്കളും തയ്യാറാകണം. കാഴ്ചാ പരിമിതിയുള്ളവരോട് പൊതുസമൂഹത്തിന്റെ അവഗണന മാറ്റേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ ഭാഗമായി കാണാൻ തയ്യാറാകണം. ഞങ്ങളെ അനുകമ്പയോടെ നോക്കരുത്. പ്രത്യേക പരിഗണന കൊടുക്കുന്നതിലുപരി ആവശ്യങ്ങൾ നിറവേറ്റാനും പ്രചോദനം നൽകി ആത്മവിശ്വാസമുള്ളവരായി ഉയർത്തിക്കൊണ്ടുവരാനും പൊതുസമൂഹത്തിന് സാധ്യമാകേണ്ടതുണ്ട്.

അധ്യാപകർക്ക് ക്ലാസെടുക്കുന്നതിന് പുറമേ സ്‌പോക്കൺ ഇംഗ്ലീഷ്, മോട്ടിവേഷൻ ക്ലാസ് എന്നിവയിലും സജീവമാണ്. സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിലും തത്പരനാണ്. മഞ്ചേരി എഫ് എമ്മിൽ ഉൾക്കാഴ്ച എന്ന പരിപാടി അവതരിപ്പിക്കാറുണ്ട്. “എ ഡയറി ഓൺ ബ്ലൈൻഡ്‌നസ്സ്” എന്ന പേരിൽ ഹാറൂണിനെ കുറിച്ച് കലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. ഐ ടി സോഫ്റ്റ്‌വെയർ എൻജിനീയറിംഗിൽ ബിരുദം സ്വന്തമാക്കിയതിന് ശേഷം സിവിൽ സർവീസ് നേടണമെന്നതാണ് ഹാറൂണിന്റെ തെളിച്ചമുള്ള സ്വപ്‌നം. ഹന്ന (എം ബി ബി എസ് വിദ്യാർഥിനി, മഞ്ചേരി മെഡി. കോളജ്), ഹനീന എന്നിവരാണ് സഹോദരിമാർ.

കമറുദ്ദീൻ എളങ്കൂർ • kamaruelankur@gmail.com

Latest