National
വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ മോദി വാരണാസിയില്‍
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് ശേഷം നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണാസിയിലെത്തി. വീണ്ടും അധികാരം ലക്ഷ്യമിട്ട് മോദി പ്രചാരണം തുടങ്ങിയ കാശി വിശ്വാനാഥ ക്ഷേത്രം അദ്ദേഹം സന്ദര്‍ശിച്ചു. അല്‍പ്പ സമയത്തിനകം പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന മോദി പിന്നീട് വാരണാസിയില്‍ റോഡ് ഷോയും നടത്തും.
ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കാശിയില്‍ നിന്ന് തുടങ്ങിയ തിരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിക്ക് വന്‍സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പതിന് വാരണാസി വിമാനത്താവളത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മോദിയെ വരറ്റു. തുടര്‍ന്ന് ദര്‍ശനത്തിനായി റോഡ് മാര്‍ഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തുകയായിരുന്നു.
കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷം വോട്ട് കൂടുതല്‍ നല്‍കിയാണ് വാരണാസി ഇക്കുറി മോദിയെ പ്രധാനമന്ത്രിയാക്കുന്നത്. ഇത്തവണത്തെ ഭൂരിപക്ഷം 4.8 ലക്ഷമാണ്. ഇന്നലെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് മോദി കാശിയിലെത്തിയത്. റോഡ്ഷോ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചക്ക് ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും.