Connect with us

Ongoing News

രാഷ്ട്രീയക്കൊലയാളി

Published

|

Last Updated

ചന്ദ്രൻ കണ്ണുചിമ്മി ഉറക്കം നടിച്ചത് കാരണം ഇരുൾമൂടിയ തെരുവിൽ അർധരാത്രി പിന്നിട്ടിരിക്കുന്നു. പതുക്കെ വീശുന്ന തണുത്ത കാറ്റ് മരങ്ങളിൽ പേടിപ്പെടുത്തുന്ന സീൽക്കാരമുണ്ടാക്കുന്നുണ്ട്. ഇരുളിന്റെ വ്രണിത കരങ്ങൾ ജാലക ചില്ലിലൂടെ ആർത്തലച്ച് വരുന്നത് സൗമ്യ ഭയം തുറിച്ച കണ്ണുകളോടെ നോക്കി. “അയാൾ ഇപ്പൊ വരും” അവൾ ആത്മാവിനോടെന്നപോലെ സംസാരിച്ചു. അകലെ ഇരുളിന്റെ നിഗൂഢതയിലെവിടെയോ രവീന്ദ്രന്റെ കാലടികൾ മുഴങ്ങുന്നതുപോലെ. തണുത്ത കാറ്റിൽ പൊട്ടിയടർന്ന മരച്ചില്ലകളുടെ ശബ്ദം പോലും രവീന്ദ്രന്റെ ശബ്ദമാകുന്നോയെന്ന് ഭയന്ന് അവൾ നെടുവീർപ്പിട്ടു.
“സൗമ്യ”
അവൾ തിരിഞ്ഞുനോക്കി. കണ്ണാടിയാണ്. ഇരുളിൽ അവളുടെ കൂട്ടുകാരനാണ് കണ്ണാടി. “ഇന്ന് നിന്റെ കഥ പറയണം”- കണ്ണാടി പറഞ്ഞു. “കുഞ്ഞു കാലുകളെ സ്വപ്നം കണ്ട് ബാല്യം നനച്ച പാവയോർമകൾ..” അവൾ തുടങ്ങി. അടിവയറ്റിൽ ബന്ധിച്ച മാതൃത്വം നാഭിക്കുഴിയിലൂടെ ഉരുകിയൊലിക്കുന്നത് അവൾ കണ്ടു. ഏകാന്തതയിലെ തുണയെയവൾ പുണർന്നു. “മംഗല്യ പുതുനാരീ” ഹൃദയത്തിന്നടിത്തട്ടിലുണർന്ന കല്യാണപ്പാട്ട് അവൾ മൊഴിഞ്ഞു. കണ്ണാടി നിറഞ്ഞ് ചിരിച്ചു. സൗമ്യ പറഞ്ഞു “ഞാൻ നിനക്കൊരു പേരിടുന്നു, “ജാവേദ്”, പ്രിയപ്പെട്ട ജാവേദ്. “വീടിന്റെ മുറ്റം മുഴുവനും തിളങ്ങുന്ന ബൾബുകൾ കൊണ്ടലങ്കരിച്ച കാനോത്ത് ദിനം എന്റെ മനസ്സിൽ മിന്നിത്തെളിയുന്നു. മണ്ഡപത്തിൽ വരന്റെ മുഖത്ത് നോക്കാനാകാതെയിരിക്കുന്ന എന്നെയൊന്ന് സങ്കൽപ്പിക്കൂ ജാവേദ്.. എന്റെ കവിളിൽ നുണക്കുഴി തിരിഞ്ഞിരിക്കണം, ജീവിതസായാഹ്നത്തിൽ അമ്മ ചിരിച്ചിരിക്കണം. ഹൃദയമറിഞ്ഞ വരൻ താലിയുമായി കൈനീട്ടിയപ്പോൾ വീട്ടുമുറ്റത്തേക്ക് മുക്രയിട്ടു വന്ന ജീപ്പിന്റെ ശബ്ദം ഞാൻ മാത്രം കേട്ടു. ഞാൻ മാത്രം കണ്ടു. ജീപ്പിൽ നിന്ന് ചാടിയിറങ്ങിയ വരനെയും ഞാൻ മാത്രം കണ്ടു.

കിനാവുകളുടെ ദൂതനായിരിക്കണം. എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി. “രവീന്ദ്രൻ” ആത്മാവ് മന്ത്രിച്ചു. സ്‌കൂളിൽ പോകുമ്പോൾ സൈക്കിൾ കുറ്റിക്കാട്ടിലേക്ക് മറിച്ചിട്ട് എന്റെ മേനിയിൽ കാമം തീർക്കാൻ ശ്രമിച്ചവൻ.. മതിലുകളിൽ നിറഞ്ഞ രവീന്ദ്രന്റെ മുഖം, വിജയിപ്പിക്കുക.. വിജയിപ്പിക്കുക.. വിജയിച്ചു. ജനങ്ങളെ വഞ്ചിച്ചു. സ്ത്രീകൾ ഹൃദയ വാതിലുകൾ കൊട്ടിയടച്ചു. കനത്ത കാവലുകൾക്കിടയിലൂടെ നുഴഞ്ഞുകയറി പെണ്ണിന്റെ മാനം നഷ്ടമാക്കിയ രവീന്ദ്രൻ. എന്റെ ആത്മാവ് പതുക്കെ മിടിച്ചു. അച്ഛൻ ബിരിയാണി ചെമ്പിനടുത്തും അമ്മ താലികെട്ടുന്നത് കാണാൻ തിടുക്കം കൂട്ടുകയും അമ്മാവൻ വരന്റെ വീട്ടുകാർക്ക് തണുത്തവെള്ളം കൊടുക്കുന്നതിലുമായതിനാൽ മരണ ദൂതന്റെ പ്രയാണം ഞാനല്ലാതെയാരും കണ്ടില്ല. പന്തലിൽ നിന്നെവിടെ നിന്നോ ഉപ്പൻ ചിലച്ചു. അത് മരണത്തിന്റെ വിളിയാളമായിരുന്നു. കിനാവുകളുടെ മരണം.. ആട്ടിൻ കുട്ടി പാൽ ചൂരിൽ തലപൂഴ്ത്തിക്കിടന്ന് മോങ്ങി. എന്റെ ഹൃദയമപ്പോൾ ചിലച്ചു- “ഇത് മരണദൂതൻ തന്നെ, കിനാവുകളുടെ ആത്മാവിനായി ആർത്തി പൂണ്ടവൻ”.

ഭണ്ഡാരി മുത്തുവിന് നിർദേശങ്ങൾ കൊടുത്തു. ദം പൊട്ടിക്കാൻ ഒരുങ്ങിനിൽക്കുന്ന ചെമ്പിനരികിൽ നിന്ന് അച്ഛന്റെ കഴുത്തിലേക്ക് നീണ്ട തിളങ്ങുന്ന കത്തി ആദ്യം കണ്ടത് ഞാനാണ്. “ദൈവമേ എന്റെ കണ്ണടഞ്ഞു പോയിരുന്നെങ്കിൽ”. നീല ഞരമ്പുകൾ പതുക്കെ മുറിയുന്നുണ്ടായിരുന്നു. “അച്ഛാ..” ആ സ്വാഭാവിക ശക്തിയുടെ പ്രേരണയിൽ വിവാഹ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് അച്ഛന്റെ അടുത്തേക്കോടി.” അച്ഛന്റെ കഴുത്തിലെ ചുളിഞ്ഞ നീലഞരമ്പുകളിൽ അമർന്നുനിൽക്കുന്ന കത്തി. തുറിച്ചു നോക്കുന്ന കഞ്ചാവ് ലഹരിയിൽ മരിച്ച കണ്ണുകൾ എന്നെ പേടിപ്പിച്ചു. വിദേശ സിഗരറ്റുകളുടെ കറപുരണ്ട രവീന്ദ്രന്റെ ചുണ്ടുകൾ ക്രൗര്യത്തോടെ ചലിച്ചു- “അവളെ എനിക്ക് വേണം”. “ജാവേദ്” നിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞിരിക്കുന്നു. എന്റെ ചുണ്ടുകളിൽ ആരുടെയും കണ്ണിൽപ്പെടാതെ ഒരു നേർത്ത പുഞ്ചിരി ഉറങ്ങുന്നത് നീ കാണുന്നുണ്ടാകും. മരിച്ച സ്വപ്നത്തിന്റെ വിലാപമാണത്.

“ബാക്കി പറയൂ”, കണ്ണാടി ഇടറിയ ശബ്ദത്തോടെ പറഞ്ഞു. അവളുടെ ഹൃദയം പിടഞ്ഞു മിടിച്ചു. അതൊടുക്കമായിരുന്നു. കിനാവുകൾ വറ്റി ഹൃദയഭിത്തികൾ വരണ്ടു പൊട്ടിയിരിക്കുന്നു. ചുണ്ടുകൾ പതുക്കെ മിടിച്ചു. “ഞാൻ പറയാം”. മുറ്റത്തെ പൂഴിയിലേക്ക് മൗനം ഏകാന്തതയുടെ പേമാരിയായി പെയ്തിറങ്ങി. കല്യാണ കോലാഹലങ്ങൾ പൊടുന്നനെ വാർധക്യം ബാധിച്ച് മരിച്ചുവീണു. രവീന്ദ്രന്റെ പിന്നിൽ നിന്നിരുന്ന മഞ്ഞക്കണ്ണട ധരിച്ച അനുയായികൾ മുന്നോട്ടുവന്നു. എന്റെ കൈകളിൽ പിടിച്ചു വലിച്ചു. “അമ്മേ”, ഞാൻ ആർത്തലച്ചു. ഒരു തടവുകാരിയെപ്പോലെ ജീപ്പിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഹൃദയ സ്വപ്നങ്ങൾ ബന്ധിച്ച വിലങ്ങുകൾക്കിടയിൽ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. മണ്ഡപത്തിൽ അനാഥമായ താലിപിടിച്ച കൈകൾ വിറക്കുന്നത് ഞാൻ കണ്ടു. അവന്റെ കണ്ണുകളിലൂറിയ രക്തച്ചുവപ്പ് എന്റെ ഹൃദയം പൊള്ളിച്ചു. എന്റെ കണ്ണുകളിൽ കണ്ണീർത്തടങ്ങൾ പൊട്ടിവീഴുന്നത് ഞാനറിഞ്ഞു.
മുറ്റത്തുനിന്ന് റോഡിലേക്ക് കയറിയപ്പോൾ പത്തായപ്പുരകളുടെ ഉള്ളറകളിൽ എവിടെയോ മാതൃവിലാപം ഉയർന്നുകേട്ടു. അച്ഛന്റെ കണ്ണുകൾ പൂർവാധികം ഉള്ളിലേക്ക് കുഴിഞ്ഞുപോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ കവിൾത്തടം.. ഞാൻ ഹൃദയം പൊട്ടിയലറി. ഇരുൾമൂടിയ ഭൂമിയിൽ കരുണയുടെ വേരുകൾ മരിച്ചിരുന്നു. വിട… സകലതിനോടും. ബാല്യം ഊഞ്ഞാൽ കെട്ടിയാടിയ ആൽമരത്തോട്.. അതേ, ജാവേദ്, ബാല്യം ചവർപ്പു നുണഞ്ഞ നെല്ലി മരത്തോട്.. ബാല്യത്തോട് തന്നെ വിട ചൊല്ലി. കണ്ണീർ നിറഞ്ഞ കണ്ണാടിയുടെ കണ്ണിൽ ഭയം പിറവിയെടുക്കുന്നത് ഞാൻ കണ്ടു. “എന്താ ജാവേദ്?” “ഹ്… ഹ്” – അവൻ വിക്കി.
രാത്രിയുടെ ഇരുളിൽ എവിടെയോ രവീന്ദ്രന്റെ പതിഞ്ഞ കാൽവെപ്പുകൾ മുഴങ്ങുന്നു. പേടിച്ചരണ്ട സൗമ്യ നേർത്ത വസ്ത്രം വാരിച്ചുറ്റി. ഇരുളിന്റെ ഗന്ധം വമിക്കുന്ന മന്ദമാരുതനിൽ പുകയുന്ന സിഗരറ്റ് ഗന്ധം.. പെരുമ്പറകൊട്ടുന്ന ഹൃദയം രാത്രിയിലെ ഇരുളിന്റ മറവിൽ ശബ്ദിക്കുന്ന കാൽവെപ്പുകളെ ഭയന്നു. തളർന്ന നീലഞരമ്പുകൾ തിടം വെച്ച കൈകൾ അറിയാതെ സാക്ഷയാൽ ബന്ധിതമായി.

തെരുവിന് അഭിമുഖമായ ഇടനാഴിയിലെ ജനലിലൂടെ മഞ്ഞിന്റെ നേർത്ത വെളിച്ചം കിനിഞ്ഞിറങ്ങുന്നിടത്ത് നിഴൽ തെളിഞ്ഞു. “ജാവേദ്.. രവീന്ദ്രൻ തന്നെ”- അവൾ മന്ത്രിച്ചു. അവർ മൗനം ദീക്ഷിച്ചു. ചുണ്ടിൽ എരിയുന്ന സിഗരറ്റ് അവൾ കണ്ടു. പിടയുന്ന പെൺഹൃദയം വിരിപ്പിനിടയിൽ നിന്ന് കത്തിയെടുത്ത് ബ്ലൗസിനുള്ളിൽ തിരുകി.

വാതിൽ പതുക്കെ ശബ്ദിച്ചു. ശബ്ദം ഉയർന്നുയർന്ന് ഹൃദയം തറക്കുമെന്ന് തോന്നിയപ്പോൾ തളർന്ന തുറന്ന വാതിലിലൂടെ മഞ്ഞിന്റെ നേർത്ത തണുപ്പിനൊപ്പം മദ്യത്തിന്റെ മുശടുവാട നിറഞ്ഞ പ്രവാഹം ഉള്ളിലേക്ക് ഗമിച്ചു. മുഖത്തേക്ക് ക്രൂരമായി നോക്കി കട്ടിലിലേക്കിരുന്നു. രവീന്ദ്രൻ രോമാവൃതമായ മാറിടം തടവിക്കൊണ്ടിരിക്കേ, ബ്ലൗസ് കീറിയ മൂർച്ച അയാളുടെ നെഞ്ചിലേക്കാഴ്ന്നു. സ്ത്രീരക്തം നക്കിക്കുടിച്ച അയാളുടെ ഹൃദയം പൊട്ടിയൊലിച്ചു. അവളുടെ അധരങ്ങൾ രക്തം നുണഞ്ഞു. അവളുടെ കൈകൾ വർധിതവീര്യത്തോടെ വീണ്ടും വീണ്ടും കുത്തിയിറക്കി. അവളപ്പോഴേക്കും ഒരു ഭദ്രകാളി ആയിരുന്നു. ദ്രംഷ്ടകൾ പുറത്തേക്കുന്തിയ മുടി പാറിക്കളിക്കുന്ന കാളി.. ആ രക്തച്ചുവപ്പിൽ അവൾ നൃത്തം ചെയ്തു. അയാളുടെ കണ്ണുകൾ ഭയന്നു തുറിച്ചിരുന്നു. അതുകണ്ടവൾ പൊട്ടിച്ചിരിച്ചു. “ജാവേദ്” ഞാൻ പോകുന്നു, ജീവിതത്തിൽ നിന്ന് പ്രണയങ്ങളുടെ ലോകത്തേക്ക്.. സമാധാനത്തിലേക്ക്..” കണ്ണാടിയുടെ മിഴികളിൽ കണ്ണീര് പൊടിയുന്നുണ്ടായിരുന്നു. അവൾ വാതിൽ തുറന്നു. അകലെ മലകൾക്ക് മുകളിൽ സൂര്യൻ കൈനീട്ടി ആർത്തു വിളിക്കാൻ തുടങ്ങുന്നു. രക്തം പുരണ്ട കൈകളുമായി തെരുവിലെ അരണ്ട വെളിച്ചത്തിലേക്ക് അവളിറങ്ങി. “രാഷ്ട്രീയക്കൊലയാളി”- ഇരുൾമുറ്റിയ തെരുവ് കണ്ണുപൊത്തി മന്ത്രിച്ചു. ഇലകൾ ഭയം കൊണ്ടാടി. കൊലപാതകിയുടെ കൊലക്കയറിൽ തൂങ്ങിയ ജഡം പതുക്കെ ചിരിക്കുന്നത് പകലോൻ കണ്ടു. അവളുടെ വീട്ടിൽ നിന്ന് ഉയർന്ന മാതൃവിലാപം ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു. ജഡത്തിന്റെ മുഖം ചുവന്നുതുടുത്തു.

മിദ്ലാജ് തോട്ടുപൊയിൽ • trendmidlaj@gmail.com

Latest