Connect with us

Kerala

സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് കേരളത്തില്‍ ജാഗ്രതാ മുന്നറയിപ്പ്

Published

|

Last Updated

തിരുവനന്തപുരം: ന്യൂനമര്‍ദമായി ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറിയ “സാഗര്‍” ഇന്ത്യന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കെ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. കേരളമുള്‍പ്പെടെ രാജ്യത്തെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപിനുമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റ് 90 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശമുണ്ട്.

അടുത്ത 12 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും പിന്നീട് പടിഞ്ഞാറന്‍ ദിശയിലേക്കും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ തെക്കു പടിഞ്ഞാറ് ദിശയിലേക്കും നീങ്ങുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനകം ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലേ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകരുതെന്നും നിര്‍ദേശമുണ്ട്.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവര്‍ അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാന്‍ പാടില്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്ഥിരീകരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest