Connect with us

Sports

വെംഗര്‍ ആശാന്‍ പടിയിറങ്ങി

Published

|

Last Updated

കാണികളെ അഭിവാദ്യം ചെയ്യുന്ന വെംഗര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ആര്‍സെന്‍ വെംഗര്‍ പടിയിറങ്ങി. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബേണ്‍ലിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പ്രിയ പരിശീലകന് ആഴ്‌സണല്‍ താരങ്ങള്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കി.

ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്ത് 22 വര്‍ഷം തുടര്‍ന്ന വെംഗറെ യാത്രയയക്കുമ്പോള്‍ എമിറേറ്റ് സ്‌റ്റേഡിയത്തില്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടി. ബോബ് വിത്സണും പാറ്റ് റൈസും ചേര്‍ന്ന് വെംഗര്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിച്ചു. തുടര്‍ന്ന് വെംഗറൂടെ വികാരനിര്‍ഭര പ്രസംഗം. ആദ്യം, തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥന.

പിന്നെ, ഇത്രയും കാലം തന്നെ പരിശീലകനായി നിയമിച്ച ആഴ്‌സണലിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കല്‍. താന്‍ ഒരു ആഴ്‌സണള്‍ ആരാധകനാണെ പ്രഖ്യാപനം. ആഴ്‌സണലില്‍ ദീര്‍ഘകാലം തുടരാന്‍ സാധിച്ചത് മഹാഭാഗ്യമാണ്. ഇക്കാലമത്രയും ഏറെ സ്‌നേഹം നല്‍കിയ മാനേജ്‌മെന്റിനും ക്ലബ്ബ് ആരാധകര്‍ക്കും മുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്നു.- അദ്ദേഹം തുടര്‍ന്നു.

പിന്നീട് സ്റ്റേഡിയത്തെ വലംവെച്ച് വെംഗര്‍ ആരാധകരെ അഭിവാദ്യം ചെയ്തു. ആരാധകര്‍ക്കിടയിലേക്ക് പോയി കുശലം പറയാനും അദ്ദേഹം മറന്നില്ല. നന്ദി വെംഗര്‍ എന്ന ജേഴ്‌സിയുമണിഞ്ഞ് ആഴ്‌സണല്‍ താരങ്ങളും വെംഗറെ അനുഗമിച്ചു. കിക്കോഫിന് മുമ്പ് ഇരു ടീമുകളും വെംഗര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെയാണ് വെംഗര്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ആഴ്‌സണലിനെ മൂന്ന് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി വെംഗര്‍ ഏഴ് എഫ് എ കപ്പുകള്‍ നേടിക്കൊടുത്തു. 1998, 2002 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടി ആഴ്‌സണല്‍ വെട്ടിത്തിളങ്ങിയത് പരിശീലകന്‍ എന്ന നിലയില്‍ വെംഗറുടെ കരിയറിന്റെ ഔന്നത്യമായിരുന്നു. ഒരിക്കല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ആഴ്‌സണലിനെ എത്തിച്ചതും വെംഗറുടെ പരിശീലക മികവായി. 1996 ഒക്ടോബര്‍ ഒന്നിനാണ് ആര്‍സെന്‍ വെംഗര്‍ ആഴ്‌സണലിന്റെ കോച്ചായെത്തുന്നത്. പ്രീമിയര്‍ ലീഗില്‍ 824 മത്സരങ്ങളില്‍ ആഴ്‌സണലിനൊപ്പം തുടര്‍ന്ന വെംഗറാണ് ഏറ്റവും കൂടുതല്‍ കാലം പ്രീമിയര്‍ ലീഗ് പരിശീലകനായിരുന്ന വ്യക്തി.
ബേണ്‍ലിക്കെതിരായ മത്സരത്തില്‍ പിയെറി എമെറിക് ഔബെമെയാംഗ് ഇരട്ട ഗോളുകള്‍ നേടി. അലക്‌സാണ്ടര്‍ ലകാസെറ്റെ, സീദ് കൊലാസിനാക്, അലക്‌സ് ഇവോബി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

Latest