Connect with us

National

ക്രിസ്ത്യാനികള്‍ക്ക് ജറൂസലമിലേക്ക് സൗജന്യ യാത്ര; പ്രകടനപത്രികയുമായി ബിജെപി; വിമര്‍ശനം

Published

|

Last Updated

കൊഹിമ: ഹജ്ജ് സബ്‌സിഡി അവസാനിപ്പിച്ച് ഒരു മാസമാകുന്നതിന് മുമ്പ്, ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറൂസലം ട്രിപ്പുമായി ബി ജെ പി. നാഗാലാന്‍ഡില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ ജറൂസലം യാത്രക്ക് അവസരം നല്‍കുമെന്നാണ് ബി ജെ പി യുടെ വാഗ്ദാനം. എല്ലാ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കുമാണോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണോ അതല്ല നാഗാലാന്‍ഡിലുള്ളവര്‍ക്കാണോ ഈ വാഗ്ദാനമെന്നതില്‍ വ്യക്തതയില്ല.

നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ മാസം അവസാനമാണ് തിരഞ്ഞെടുപ്പ്. മേഘാലയയില്‍ ജനസംഖ്യയുടെ 75 ശതമാനവും ക്രിസ്ത്യാനികളാണ്. നാഗാലാന്‍ഡില്‍ 88 ശതമാനവും. നാഗാലാന്‍ഡിലെ ക്രിസ്ത്യാനികള്‍ക്ക് മാത്രമാണ് സൗജന്യ ജറൂസലം ട്രിപ്പെന്നാണ് യു എന്‍ ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹജ്ജ് സബ്‌സിഡി റദ്ദാക്കിയ പശ്ചാത്തലത്തില്‍, ക്രിസ്ത്യാനികളുടെ തീര്‍ഥാടന കേന്ദ്രമായ ജറൂസലമിലേക്ക് ട്രിപ്പ് വാഗ്ദാനം ചെയ്തത് ബി ജെ പിയുടെ കാപട്യത്തിന്റെയും അവസരവാദത്തിന്റെയും തെളിവാണെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായിരുന്നെങ്കില്‍ ബി ജെ പി സബ്‌സിഡി തുടരുമായിരുന്നെന്ന തന്റെ അഭിപ്രായം ശരിവെക്കുന്നതാണ് ഇതെന്നും “ഇന്ത്യ ആദ്യം” എന്നതുകൊണ്ട് ബി ജെ പി ഉദ്ദേശിക്കുന്നത് ഇതാണെന്നും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി ട്വീറ്റ് ചെയ്തു. എല്ലാ മതങ്ങള്‍ക്കുമുള്ള തീര്‍ഥാടന സബ്‌സിഡി ഇല്ലാതാക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഹിന്ദുക്കളുടെ തീര്‍ഥാടന കേന്ദ്രമായ മാനസരോവര്‍ യാത്രക്ക് സബ്‌സിഡി നല്‍കുന്നുണ്ട്.
ബി ജെ പിയുടെ വാഗ്ദാനത്തില്‍ ഇസ്‌റാഈലി പത്രം സന്തോഷം പ്രകടിപ്പിച്ചു. അതേസമയം ഇത് പ്രചാരണ വാഗ്ദാനമാണെന്നും പലപ്പോഴും കൃത്രിമമാകാറുണ്ടെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest