Connect with us

International

പലസ്തീനെതിരെ ട്രംപ്: സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

വാഷിംഗ്ടണ്‍: പലസ്തീനിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാന് നല്‍കിവന്നിരുന്ന ധനസഹായം നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് പലസ്തീനെ നോട്ടമിട്ട് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ക്ക് താത്പര്യം കാട്ടുന്നില്ലെന്ന വിമര്‍ശനമുയര്‍ത്തിയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

പാക്കിസ്ഥാനെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളെയും യുഎസ് കോടിക്കണക്കിന് ഡോളര്‍ നല്‍കി സഹായിക്കുന്നു. ഇതില്‍ ഒരു കാര്യവുമില്ല. “ഉദാഹരണത്തിന്, പലസ്തീന് വര്‍ഷങ്ങളായി കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് യുഎസ് നല്‍കുന്നത്. എന്നാല്‍, അതിനനുസരിച്ചുള്ള ബഹുമാനമോ പ്രതികരണമോ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇസ്‌റാഈലുമായുള്ള സമാധാന ചര്‍ച്ചകളോട് മുഖം തിരിച്ച് നില്‍ല്‍ക്കുകയാണ് പലസ്തീന്‍. ഇരുവര്‍ക്കുമിടയിലെ ഏറ്റവും വലിയ തര്‍ക്കവിഷയമായ ജറുസലം ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കിയിട്ടുപോലും അവര്‍ സഹകരിക്കാന്‍ മനസ്സുകാട്ടുന്നില്ല. ഇതിന് ഇസ്‌റാഈല്‍ ആകട്ടേ, വലിയ വില കൊടുക്കേണ്ടിയും വരുന്നു. സമാധാന ചര്‍ച്ചകളോട് മുഖം തിരിക്കാനാണ് പരിപാടിയെങ്കില്‍, നമ്മളെന്തിനാണ് അവര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ സഹായമായി നല്‍കുന്നത്? ട്രംപ് ചോദിച്ചു.

ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനം യുഎന്‍ പൊതുസഭ വോട്ടിനിട്ട് തള്ളിയതിന് പിന്നാലെ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളോട് പ്രതികരിക്കില്ലെന്ന് പലസ്തീനും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം, പാക്കിസ്ഥാന് നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കിയതായി  ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി 33 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന് യുഎസ് നല്‍കിയതെന്നും തങ്ങളുടെ നേതാക്കള്‍ക്ക് പറ്റിയ വിഡ്ഢിത്തമായിരുന്നു അതെന്നും ട്രംപ് പറഞ്ഞു. കള്ളവും വഞ്ചനയും മാത്രമാണ് തിരിച്ചു ലഭിച്ചതെന്നും അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളെ യു എസ് വേട്ടയാടുമ്പോള്‍ പാക്കിസ്ഥാന്‍ അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest