Connect with us

Business

സ്വര്‍ണ വില തകര്‍ന്നു; വിദേശ ഓഡറില്ലാതെ കുരുമുളക്

Published

|

Last Updated

കൊച്ചി: ന്യൂയോര്‍ക്ക്, ലണ്ടന്‍ എക്‌സ്‌ചേഞ്ചുകളില്‍ സ്വര്‍ണത്തിന് തിളക്കം മങ്ങിയത് പവന്റെ നിരക്ക് ആകര്‍ഷകമാക്കി. ഏലക്ക സീസണ്‍ വൈകിയത് വ്യവസായികളെയും കയറ്റുമതി സമൂഹത്തെയും അസ്വസ്തരാക്കി. ഇന്ത്യന്‍ കുരുമുളകിന് വിദേശ ഓര്‍ഡറില്ല. ടയര്‍ വ്യവസായികളുടെ തണുപ്പന്‍ മനോഭാവം റബ്ബര്‍ മാര്‍ക്കറ്റിന്റെ കുതിപ്പിന് തടസമായി. വെളിച്ചെണ്ണ മാസാരംഭ ഡിമാന്‍ഡില്‍ ചുടുപിടിക്കുന്നു.

സ്വര്‍ണം വിറ്റുമാറാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ആഗോള വിപണിയില്‍ മത്സരിച്ചത് വില തകര്‍ച്ചക്ക് ഇടയാക്കി. 1239 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണത്തിന്റെ വില വാരാന്ത്യം അഞ്ച് മാസത്തെ താഴ്ന്ന നിരക്കായ ഔണ്‍സിന് 1207 ഡോളറിലെത്തി. സ്വര്‍ണം അതിന്റെ 200 ദിവസങ്ങളിലെ ശരാശരി വിലയെക്കാള്‍ താഴ്ന്നത് വിപണിയെ കൂടുതല്‍ ദുര്‍ബലമാക്കാം. വിപണിയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ 1181 ഡോളറിലേയ്ക്ക് സ്വര്‍ണം പരീക്ഷണങ്ങള്‍ നടത്താം.
കേരളത്തില്‍ സ്വര്‍ണ വില പവന് 520 രൂപ ഇടിഞ്ഞു. പവന്‍ 21,880 രൂപയില്‍ നിന്ന് 21,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ 2735 രൂപയില്‍ നിന്ന് 2670 ലേക്ക് താഴ്ന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് പിടിച്ചു നില്‍ക്കാന്‍ ക്ലേശിക്കുന്നു. വരും മാസങ്ങളില്‍ പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ സ്വരുപിക്കാനാവുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കയറ്റുമതിക്കാര്‍ യുറോപ്യന്‍ ഷിപ്പ്‌മെന്റിന് ടണ്ണിന് 8150 ഡോളറും അമേരിക്കന്‍ കയറ്റുമതിക്ക് 8400 ഡോളറും ആവശ്യപ്പെട്ടു. ഈ നിരക്കില്‍ ഉല്‍പ്പന്നം വിദേശ വിപണികളില്‍ വിറ്റഴിക്കാനാവില്ല. ഇന്ത്യന്‍ വിലയുടെ പകുതി വിലയ്ക്ക് മുളക് മറ്റ് ഉല്‍പാദന രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആഗോള വിപണിയുടെ നിയന്ത്രണം വിയെറ്റ്‌നാമിന്റെ കൈപിടിയിലാണ്. ഇതിനിടയില്‍ ഇന്തോനേഷ്യയില്‍ വിളവെടുപ്പ് തുടങ്ങിയത് കണ്ട് ബ്രസീല്‍ സ്‌റ്റോക്ക് വില കുറച്ചു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 49,100 ലും ഗാര്‍ബിള്‍ഡ് മുളക് വില 51,100 രൂപ.
ഏലക്ക വിളവെടുപ്പ് വൈകിയത് വ്യവസായികളെ പിരിമുറുക്കത്തിലാക്കി. ജൂണ്‍ രണ്ടാം പകുതിയില്‍ പുതിയ ചരക്ക് വരവ് വിപണി പ്രതീക്ഷിച്ചെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങളാണ് വിളവെടുപ്പ് വൈകാന്‍ കാരണം. പുതിയ സാഹചര്യത്തില്‍ മാസത്തിന്റെ രണ്ടാംപകുതിയില്‍ പുതിയ ഏലക്ക വരവ് ഉയരുമെന്ന നിഗമനത്തിലാണ് ലേല കേന്ദ്രങ്ങള്‍. ലഭ്യത കുറഞ്ഞെങ്കിലും ഇടപാടുകാര്‍ മത്സരിച്ച് വില ഉയര്‍ത്തിയില്ല. അല്‍പ്പം കാത്തിരുന്നാല്‍ ചരക്ക് വരവ് ഉയരുമെന്ന നിഗമത്തിലാണവര്‍. വലിപ്പം കൂടി ഏലക്ക കിലോ 1200 രൂപ. അറബ് രാജ്യങ്ങളില്‍ നിന്ന് പുതിയ ഏലത്തിന് അന്വേഷണങ്ങളുണ്ട്.

പുതിയ ലാറ്റക്‌സ് ചെറിയതോതില്‍ വില്‍പ്പനയ്ക്ക് എത്തി. ഒരു വിഭാഗം കര്‍ഷകര്‍ റബര്‍ ടാപ്പിങിന് താല്‍പര്യം കാണിച്ചത് ലാറ്റക്‌സ് അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ചെറുകിട വ്യവസായികള്‍ക്ക് ആശ്വാസമായി. ലാറ്റക്‌സ് 8800 രൂപയിലാണ്. നാലാം ഗ്രേഡിന് 100 രൂപ ഉയര്‍ന്ന് 12,700 രൂപയായി. അഞ്ചാം ഗ്രേഡ് 12,600 ല്‍ വ്യാപാരം നടന്നു. നാളികേരാത്പന്നങ്ങളുടെ നിരക്ക് മെച്ചപ്പെട്ടു. മഴ മുലം കൊപ്ര സംസ്‌കരണ രംഗം നിര്‍ജീവമാണ്. മാസാരംഭ ഡിമാണ്ടില്‍ വെളിച്ചെണ്ണ വില 200 രൂപ ഉയര്‍ന്ന് 12,700 ല്‍ കൈമാറി. മില്ലുകാര്‍ വില്‍പ്പനക്ക് തിടുക്കം കാണിച്ചാല്‍ വിപണി വീണ്ടും തളരാം.

Latest