Connect with us

Articles

മഴയെ പേടിക്കുന്നവര്‍

Published

|

Last Updated

ചൂടില്‍ വെന്തുരുകിത്തിളച്ചതിന് പിന്നാലെ കുളിരായെത്തി പെയ്യുന്ന മഴയിലും മലയാളിയുടെ സങ്കടങ്ങള്‍ക്ക് അവധിയുണ്ടാകുന്നില്ല. മഴക്ക് വേണ്ടി കാത്തിരുന്ന് മഴ പെയ്ത് തുടങ്ങിയാല്‍ “ഇതെന്തൊരു മഴ”യെന്ന പതിവ് പരിഭവങ്ങള്‍ക്കുമപ്പുറത്താണ് ഇപ്പോള്‍ മഴയെച്ചൊല്ലിയുള്ള ശരാശരി ആവലാതി ഉയരുന്നത്. വെള്ളക്കെട്ടും കൊതുകും പനിയുമെല്ലാം മാറ്റി നിര്‍ത്തിയാല്‍ മഴയെ ശരിക്കും പേടിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. കടലിന്റെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ സങ്കടഹര്‍ജികളുമായി അധികാരികള്‍ക്കു മുമ്പിലെത്തുന്ന തീരദേശവാസികളേക്കാള്‍ ഒരു പക്ഷേ, എണ്ണത്തില്‍ക്കൂടുതലായിരിക്കും ഇത്തരക്കാര്‍. എപ്പോഴാണ് സ്വന്തം വീടും നാടും കുത്തിയൊലിച്ചു പോകുകയെന്ന ആശങ്കയുമായി ജീവിക്കുന്ന മലയോരവാസികളുടെ ആശങ്ക ഒരു കാലത്തും പെയ്‌തൊഴിയാറില്ല. മലയോരത്തേക്കുള്ള പലായനം കൂടിയതോടെയാണ് മുമ്പെങ്ങുമില്ലാത്ത വിധം പെരുമഴ വഴി ഉരുള്‍പൊട്ടലിനും ഭൂമികുലുക്കത്തിനുമെല്ലാം കാരണമാകുന്നത്. മഴ തിമിര്‍ത്തുപെയ്യുമ്പോള്‍ മലയോര മേഖലക്ക് ഉറക്കം കെടും. അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗവും ഉരുള്‍പൊട്ടലിനെ ക്ഷണിച്ചുവരുത്തിയ കേരളത്തിലെ മലയോരപ്രദേശങ്ങളുടെ എണ്ണവും വിസ്തൃതിയും ഇപ്പോള്‍ വലുതാണ്. മുമ്പ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് മാത്രം കേട്ടിരുന്ന ഭൂദരന്തങ്ങള്‍ എത്രവേഗമാണ് കേരളത്തിലും കാലവര്‍ഷക്കാലത്ത് പതിവ് വാര്‍ത്തകളായി മാറുന്നത്? ഇനിയെങ്കിലും അതീവ ഗൗരവത്തോടെ പഠിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട വിഷയങ്ങളിലൊന്നാണിത്.അനിയന്ത്രിതമായ മലയോരകുടിയേറ്റവും അശാസ്ത്രീയ കൃഷിരീതികളും നിര്‍മാണപ്രവര്‍ത്തനങ്ങളും കേരളത്തെ ഉരുള്‍പൊട്ടലിന്റെ കൂടി നാടാക്കി മാറ്റിയിരിക്കുന്നുവെന്ന് അമ്പൂരിപോലുളള എത്രയോ അനുഭവങ്ങള്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. ചെങ്കുത്തായ മലഞ്ചെരിവുകളിലെ റോഡുനിര്‍മാണം, ചെരിവുകള്‍ വെട്ടിനിരത്തിയുള്ള വീടുവെക്കല്‍, അശാസ്ത്രീയ കൃഷി തുടങ്ങിയവയെല്ലാമാണ് ഉരുള്‍പൊട്ടല്‍ ക്ഷണിച്ചുവരുത്തുന്നതെന്ന്  ഭൗമശാസ്ത്രജ്ഞര്‍ സൂചന നല്‍കുമ്പോഴും ഭരണകൂടങ്ങള്‍ ഇതിന് വേണ്ട ഗൗരവം നല്‍കുന്നില്ല. മൂന്നാറിലുള്‍പ്പടെയുള്ള അനധികൃത നിര്‍മാണങ്ങളും ഭൂവിനിയോഗത്തിലുള്ള മാറ്റവും തടയാന്‍ ഇപ്പോഴും കഴിയാത്തത് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നു. മഴവെള്ളത്തില്‍ കുതിര്‍ന്ന് മലഞ്ചെരിവിന്റെ ഒരു ഭാഗം അപ്പാടെ താഴേക്ക് പതിക്കുന്നതിനെയാണ് ഉരുള്‍പൊട്ടല്‍ എന്നതു കൊണ്ടര്‍ഥമാക്കുന്നത്. കനത്ത മഴയില്‍ ഉരുള്‍പൊട്ടുമ്പോള്‍ മണ്ണും കല്ലും വലിയ ഉരുളന്‍പാറകളും വെള്ളത്തിനൊപ്പം കുത്തിയൊലിച്ച് താഴെയെത്തും. ഒഴുക്കില്‍ ഇത് വളരെ ദൂരംവരെ വലിച്ചിഴയ്ക്കപ്പെടാം. ഇതിന്റെ ഫലമായി  പ്രദേശത്തുള്ള മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്യും. ആള്‍നാശവും ഉണ്ടാകും. നിമിഷനേരംമതി ഒരു പ്രദേശമാകെ നാമാവശേഷമാകാന്‍. ഇതിനിടയില്‍ ആളുകള്‍ക്ക് ഓടിരക്ഷപ്പെടാന്‍ പോലുംസമയം കിട്ടിയെന്നുവരില്ലെന്ന് അനുഭവങ്ങള്‍ പലതും തെളിയിക്കുന്നു. രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളുമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കേന്ദ്രറോഡ് പഠന ഗവേഷണ വിഭാഗത്തിന്റെ പഠനമനുസരിച്ച് രാജ്യത്ത് 15 ശതമാനം പ്രദേശങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. ഭൂകമ്പസാധ്യതാ പ്രദേശമായ ഹിമാലയപ്രദേശത്താണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പശ്ചിമഘട്ട പ്രദേശത്താണ്. കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരിവിലാണ് ഇത്തരത്തിലുള്ള ഭീഷണി കൂടുതലുള്ളതെന്ന് ഭൗമശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഛേദം എടുത്താല്‍ പലതട്ടുകളായാണ് മലമ്പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ തട്ടാണ് സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. 1500- 2000 മീറ്റര്‍ ഉയരത്തിലാണിത്. പെരിയാര്‍തട്ട് 700- 1000 മീറ്റര്‍ ഉയരത്തിലും വയനാട്തട്ട് 500- 700 മീറ്റര്‍ ഉയരത്തിലുമാണ്. ഈ തട്ടുകളുടെ പാര്‍ശ്വങ്ങള്‍ ചെങ്കുത്തായ പ്രദേശങ്ങളാണ്. വയനാട് ചുരം, മണ്ണാര്‍ക്കാട് ചുരം, പീരുമേട് ചുരം എന്നിവയെല്ലാം പാര്‍ശ്വചെരിവുകളാണ്. ഉരുള്‍പൊട്ടല്‍ കൂടുതലുണ്ടാകുക ഇത്തരം പ്രദേശങ്ങളിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കേരളത്തിലെ 48 ശതമാനത്തോളം സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന മലമ്പ്രദേശങ്ങളില്‍ പലയിടത്തും നിലവിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം ഉരുള്‍ പൊട്ടല്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 350 വില്ലേജുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് ദുരന്തനിവാരണ അതോറിറ്റിയും പറയുന്നുണ്ട്. ഇടുക്കിയാണ് കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ലയത്രേ. ഇടുക്കിയിലെ 57 വില്ലേജുകളില്‍ ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആറും കൊല്ലത്ത് 18, കോട്ടയത്ത് 26, പത്തനംതിട്ടയില്‍ 27, എറണാകുളം ഏഴ്, തൃശൂര്‍ 12, പാലക്കാട് 35, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 27, കണ്ണൂര്‍ 33, കാസര്‍കോട് 38 എന്നിങ്ങനെയാണ് ഉരുള്‍പൊട്ടല്‍ സാധ്യത അധികമുള്ള വില്ലേജുകളുടെ നേരത്തെയുള്ള കണക്ക്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെല്ലാം കേരളത്തിനെയടക്കം കാര്യമായി ബാധിക്കുന്ന ഉരുള്‍പൊട്ടലടക്കമുള്ള ഭൂദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടുകളില്‍ ഒട്ടേറെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് വാദിക്കുന്നവര്‍ പോലും പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന  ഖനനം, റെഡ് കാറ്റഗറി വ്യവസായങ്ങള്‍, പരിസ്ഥിതി ലോല മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം തടയണമെന്ന നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുകയാണ്. പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തണം, വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിരുത്, കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല, ഏകവിളത്തോട്ടങ്ങള്‍ പാടില്ല, റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കു ശേഷമേ ആകാവൂ, പരിസ്ഥിതിക്ക് കോട്ടം പറ്റാത്ത രീതിയിലാവണം കെട്ടിടനിര്‍മാണം, പുഴകളുടെ തിരിച്ചുവിടല്‍ അനുവദിക്കരുത്,മണല്‍വാരലിനും പാറപ്പൊട്ടിക്കലിനും പുതിയ അനുമതി നല്‍കരുത് തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍  മാധവ് ഗാഡ്ഗില്‍ മുന്നോട്ട് വെക്കുന്നുണ്ട്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശ നിര്‍ണയം സംബന്ധിച്ച് വലിയതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമുണ്ടായെങ്കിലും ഗാഡ്ഗില്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഇത്തരം  നിര്‍ദേശങ്ങള്‍ ഏതൊരു മലമ്പ്രദേശത്തിന്റെയും സംരക്ഷണത്തിനുള്ള അടിസ്ഥാന കാര്യങ്ങള്‍ തന്നെയാണ്. ഭൂചലനം, വെള്ളപ്പൊക്കം എന്നിവയെത്തുടര്‍ന്നാണ് സാധാരണയായി ഉരുള്‍പൊട്ടല്‍ ഉണ്ടാകാറുള്ളതെങ്കില്‍  മനുഷ്യന്റെ ഇടപെടല്‍മൂലമാണ് കേരളത്തിലുള്‍പ്പടെ അടുത്തകാലത്തായി ഉരുള്‍പൊട്ടല്‍ വര്‍ധിച്ചുവരുന്നതെന്നാണ്  നിഗമനം. കുന്നുകള്‍ വെട്ടിനിരത്തി നീര്‍ച്ചാലുകളും തോടുകളും മണ്ണിട്ടുനികത്തുകയും ഈ സ്ഥലങ്ങളില്‍  വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരികയും ചെയ്യുന്നതാണ് ഉരുള്‍പൊട്ടലുകളുടെ സാധ്യത കൂട്ടുന്നത്. കുന്നുകളും താഴ്‌വാരങ്ങളും അതിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകളും പ്രകൃതിയുടെ സന്തുലനഘടകങ്ങളാണ്. ഇതിന് ആഘാതം തട്ടിയാല്‍ നീരൊഴുക്ക് തടസ്സപ്പെടുന്ന ചെരിവുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നത്. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് നേര്‍ത്ത നീര്‍ച്ചാലുകളായാണ് പുഴകളുടെ ഉത്ഭവം. ഇത്തരം നീര്‍ച്ചാലുകള്‍ കൂടിച്ചേര്‍ന്ന് മലമടക്കുകളിലൂടെ ഒഴുകിയാണ് അത് പുഴയായി പരിണമിക്കുന്നത്. കുന്നിന്‍പ്രദേശങ്ങളില്‍ വെള്ളം വാര്‍ന്ന് പോകാനുള്ള ഇത്തരം നീര്‍ച്ചാലുകള്‍ ധാരാളം കാണാം. കൂടുതലുള്ള വെള്ളം വാര്‍ന്ന് പോകാന്‍ പ്രകൃതിയൊരുക്കുന്ന ഒരു മാര്‍ഗമാണിത്. പ്രകൃത്യായുള്ള ഇത്തരം ചാലുകള്‍ തടസ്സപ്പെടുത്തുന്നത് ഒഴുക്കിനെ തടസ്സപ്പെടുത്തുകയും അത് ഉരുള്‍പൊട്ടലിന് വഴി തുറക്കുകയും ചെയ്യും. തുടരെത്തുടരെയുളള കനത്ത മഴയില്‍ മലയില്‍ വെള്ളമിറങ്ങി മണ്ണിനടിയില്‍ വെള്ളത്തിന്റെ മര്‍ദം കൂടുമ്പോള്‍ അസ്ഥിരമായ കുന്നിന്‍ ചരുവുകള്‍ മൊത്തമായി പൊട്ടിയൊഴുകുന്ന സ്ഥിതി വിശേഷമാണുണ്ടാകുക. കനത്ത മഴയില്‍ വെള്ളം വാര്‍ന്നുപോകാന്‍ നീര്‍ച്ചാലുകള്‍ ഇല്ലെങ്കില്‍ വെള്ളം മണ്ണിലേക്ക് ഊര്‍ന്നിറങ്ങും. മണ്ണ് വെള്ളത്തില്‍ കുതിര്‍ന്നാല്‍ മണ്ണിനുമുകളിലെ പാറയും മണ്ണും ഇളകി താഴേക്ക് പതിക്കും. വലിയ കല്ലും മണ്ണും വെള്ളവുമൊക്കെ മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വേഗതയിലെങ്കിലും താഴേക്കൊഴുകുന്നു. ഒഴുക്കിന്റെ പാതയിലുള്ള എന്തിനെയും ഇത് തീര്‍ത്തും നാമാവശേഷമാക്കുകയും ചെയ്യും. കുത്തനെയുളള കുന്നിന്റെ അടിവാരത്തിലൂടെയോ ഇടയിലൂടെയോ ഒഴുകുന്ന നദി കുന്നിന്റെ അടിവാരത്തെ പതുക്കെ കാര്‍ന്നു തിന്നുമ്പോള്‍ കുന്നിന്‍ ചെരിവു മൊത്തമായി പുഴയിലേക്ക് ഊര്‍ന്നിറങ്ങിയുള്ള മലയിടിച്ചിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലിന് സമാനമായ സ്ഥിതിയുണ്ടാക്കുന്നുണ്ട്. ക്വാറികളില്‍ വന്‍സ്‌ഫോടനം നടത്തി കരിങ്കല്‍ഖനനം നടത്തുന്നത് മൂലവും തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകാം. പ്രകമ്പനത്തില്‍ മണ്‍പാളിക്ക് ഇളക്കം തട്ടും. ഇങ്ങനെയുള്ള മണ്ണ് കുത്തിയൊലിച്ച് വരുന്നതും ഉരുള്‍പൊട്ടലിനിടയാക്കാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ കേരളത്തിലുള്ള ഉരുള്‍പൊട്ടലുകളുടെ വ്യാപ്തി വളരെ കുറവാണെന്നും പരിസ്ഥിതി ഗവേഷകര്‍ പറയുന്നു. ഒരു പഞ്ചായത്ത് പരിധിയിലെങ്കിലും ഒതുങ്ങുന്ന രീതിയിലാണ് ഇതിന്റെ വ്യാപ്തിയെന്നതിനാല്‍, ഉരുള്‍പൊട്ടലില്ലാതാക്കുന്നതിന് നമുക്ക് പലതും ചെയ്യാനുണ്ടെന്നും ഇവര്‍ പറയുന്നു. പഞ്ചായത്തിലെ ഭൂവിനിയോഗ രീതിയില്‍ മാറ്റം വരുത്തിയാല്‍ത്തന്നെ ഉരുള്‍ പൊട്ടല്‍ സാധ്യത കുറക്കാനാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകമായപ്പോള്‍ പശ്ചിമഘട്ടത്തിന്റെ പ്രകൃതി വിഭവങ്ങളെ ലക്ഷ്യമിട്ടു കെട്ടിടസമുച്ചയങ്ങളും ഏക വിളത്തോട്ടങ്ങളും കൊണ്ടുവന്നതാണ് പശ്ചിമഘട്ടത്തിന് ഉരുള്‍പൊട്ടല്‍ സാധ്യത കല്‍പ്പിച്ചു നല്‍കിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 62,000ച.കി.മി.നിത്യഹരിത വനമുണ്ടായിരുന്നത് 5,288 ആയിച്ചുരുങ്ങുകയും 1,82,500 ചി.കി.മി പ്രാഥമിക സസ്യജാലങ്ങള്‍ ഉണ്ടായിരുന്നത് 12,450ചി.കി.മി മാത്രമായി ചുരുങ്ങുകയും പശ്ചിമഘട്ടത്തിലെ ആദ്യ സസ്യാവരണത്തിലെ 40 ശതമാനം ഇങ്ങനെ നഷ്ടപ്പെടുകയും ചെയ്തതായുമുള്ള കണക്കുകള്‍ നമുക്ക് മുന്നിലുണ്ട്. കേരളത്തിലെ ഉരുള്‍പൊട്ടുന്ന എല്ലാ സ്ഥലവും ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍  പറഞ്ഞിട്ടുള്ള പരിസ്ഥിതി ദുര്‍ബല മേഖലയിലാണുള്ളത്. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രകൃതിക്ക് ഇണങ്ങിയ രീതിയിലുള്ള കൃഷി രീതികളും ചെറിയ പ്രകൃതി സൗഹൃദ വീടുകളുമാണ് നിര്‍മിക്കേണ്ടത്. വന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാറ പൊട്ടിക്കലും മണ്ണ് ഖനനം ചെയ്യുന്നതും ഇവിടങ്ങളില്‍ പ്രകൃതിക്കു ദോഷകരമാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest