Connect with us

National

നോട്ടുക്ഷാമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ കേരളത്തിലെ എംപി മാരെ പരിഹസിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്തെ രൂക്ഷമായ നോട്ടുപ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണാനെത്തിയ കേരളത്തില്‍ നിന്നുളള എംപിമാര്‍ക്ക് നേരിടേണ്ടി വന്നത് പരിഹാസം. വിഷു ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് നോട്ടുപ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രിയോട് എംപിമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍ കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു ഇതിനെതിരെ മന്ത്രിയുടെ പരിഹാസം നിറഞ്ഞ ഉത്തരം.

അതേസമയം കൈനീട്ടമായത് കൊണ്ടുതന്നെ ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് എംപിമാരും കാര്യം അറിയിച്ചു. സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

അവധിക്കാലവും വിഷു, ഈസ്റ്റര്‍ എന്നിങ്ങനെയുളള ആഘോഷങ്ങളും അടുത്തെത്തിയതോടെ നോട്ടുക്ഷാമം രൂക്ഷമാകുകയാണ്. സംസ്ഥാനത്തെ മിക്ക ബാങ്കുകളിലും പണമില്ല. അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടാല്‍ പതിനായിരം രൂപ മാത്രം നല്‍കുന്ന അവസ്ഥയാണ് പലയിടത്തും. മിക്ക ജില്ലകളിലെയും ഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. എസ്ബിഐയോട് സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടത് 174 കോടി രൂപയായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ 51 കോടി രൂപമാത്രമാണ്. ദിന പ്രതി 6070 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തെ ട്രഷറികളിലുളളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest