Connect with us

Gulf

സാമ്പത്തിക പരാധീനത; വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം വിടാനൊരുങ്ങിയ ഇന്ത്യന്‍ കുടുംബം നടപടി നേരിടുന്നു

Published

|

Last Updated

ദുബൈ: വ്യാജ പാസ്‌പോര്‍ട്ടുകളില്‍ കുടുംബത്തോടൊപ്പം രാജ്യം വിടുന്നതിന് ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് ദുബൈയില്‍ നിയമം നടപടി നേരിടുന്നു. തന്റെ പുതിയ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ആശുപത്രി അധികൃതര്‍ക്കുള്ള തുക അടച്ചു തീര്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 750,000 ദിര്‍ഹമിന്റെ ചെക്ക് നല്‍കി.

ചെക്കുകേസില്‍ പെട്ടതിനെ തുടര്‍ന്നാണ് കുടുംബത്തോടൊപ്പം രാജ്യം വിടുന്നതിന് 27കാരനായ യുവാവ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ചത്.
ഡെപ്പോസിറ്റായി നല്‍കിയ ചെക്കിന് മതിയായ തുക അക്കൗണ്ടിലില്ലാതെ മടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. നിയമ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെ യുവാവ് രാജ്യം വിടുന്നതിനായി ഒരു ഏജന്റ് മുഖേനെ 14,000 ദിര്‍ഹം നല്‍കി നാല് വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ചു. യാത്രാ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയ വിമാനത്താവള അധികൃതര്‍ യുവാവിന്റേയും ഭാര്യയുടെയും രണ്ട് കുട്ടികളുടെയും യാത്ര തടഞ്ഞുവെച്ചു. തുടര്‍ന്ന് രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് കടന്നതിന്റെയും പുറത്തേക്ക് പോയതിന്റെയും വ്യാജ എയര്‍പോര്‍ട്ട് സീല്‍ സംഘടിപ്പിച്ചതിനും പ്രോസിക്യൂഷന്‍ കുറ്റംചുമത്തി.
യു എ ഇയില്‍ താമസിക്കുന്ന ഒരാളുടെ കുടുംബത്തിന്റെ പാസ്‌പോര്‍ട്ടുകള്‍ സ്വായത്തമാക്കിയാണ് രാജ്യം വിടാന്‍ ശ്രമിച്ചതെന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചു.

സാമ്പത്തികമായ പരാധീനതകള്‍മൂലം ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ആശുപത്രി ബില്ലടക്കാന്‍ കൈയില്‍ പണമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതര്‍ തന്റെ പാസ്‌പോര്‍ട് പിടിച്ചുവെച്ച് ആശുപത്രി ബില്ല് അടക്കുന്നത് വരെയുള്ള കാലയളവില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 750,000 ദിര്‍ഹമിന്റെ ചെക്ക് നല്‍കാന്‍ നിര്‍ബന്ധിച്ചു. തൊഴിലുടമ ഒളിച്ചോടിയ കുറ്റംചുമത്തി താമസ കുടിയേറ്റ വിഭാഗത്തില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്, പ്രൊസിക്യൂഷന്‍ ചോദ്യങ്ങളോട് യുവാവ് പ്രതികരിച്ചു.
ആശുപത്രി ബില്ലടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ ചെക്ക് ആശുപത്രി അധികൃതര്‍ ബേങ്കില്‍ സമര്‍പിക്കുകയായിരുന്നു. അക്കൗണ്ടില്‍ മതിയായ തുകയില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയും അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. സാമ്പത്തിക സ്ഥിതി മോശമായ തനിക്ക് ഏതു മാര്‍ഗേനെയും രാജ്യം വിടുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. ഇതിനായി ഒരു ഏജന്റിനെ കണ്ടെത്തി വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കുന്നതിന് ശ്രമിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അധികൃതരുടെ വിശദമായ പരിശോധനയില്‍ പാസ്‌പോര്‍ട്ടുകള്‍ വ്യാജമെന്ന് കണ്ടെത്തി യാത്ര തടഞ്ഞുവെന്നും യുവാവ് കോടതിയെ ബോധിപ്പിച്ചു. യുവാവിനെയും കുടുംബത്തെയും യാത്ര തടഞ്ഞ വിമാനത്താവള ഉദ്യോഗസ്ഥനെയും കോടതി വിസ്തരിച്ചു. വിസയെ സംബന്ധിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഭാര്യയും യുവാവും വ്യത്യസ്തമായ ഉത്തരങ്ങളാണ് നല്‍കിയത്.

വിശദമായ പരിശോധനയിലൂടെ പാസ്‌പോര്‍ട്ടുകള്‍ വ്യാജമെന്ന് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. മെയ് 23ന് കേസില്‍ വിധി പറയും.

 

Latest