Connect with us

Kerala

മലപ്പുറത്ത് എംബി ഫൈസല്‍ ഇടത് സ്ഥാനാര്‍ഥി; പോര്‍മുഖം തെളിഞ്ഞു

Published

|

Last Updated

മലപ്പുറം: മലപ്പുറത്ത് എല്‍ഡിഎഫ് കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പോര്‍മുഖം തെളിഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. എംബി ഫൈസലാണ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി ജില്ലാ വൈസ് പ്രസിഡന്റ് എന്‍ പ്രകാശനും മത്സരിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

വര്‍ഗീയതയ്ക്ക് എതിരായ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് ജനങ്ങളെ സമീപിക്കുകയെന്ന് സ്ഥാനാർഥിത്വ‌ം പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഉരുത്തിരിഞ്ഞ രാഷ്ട്രീയ കാലാവസ്ഥ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റും ചങ്ങരംകുളം ഡിവിഷനിൽ നിന്നുള്ള ജില്ലാപഞ്ചായത്ത് അംഗവുമാണ് എം.ബി. ഫൈസൽ. വട്ടംകുളം സ്വദേശിയായ ഇദ്ദേഹം തിരൂരിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രചാരണത്തിനുള്ള ഒരുക്കത്തിലാണ് സ്ഥാനാര്‍ഥികള്‍ എല്ലാം.

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.

---- facebook comment plugin here -----

Latest