Connect with us

Kerala

അപാകങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിന് നാഷനല്‍ ഇലക്ടറല്‍ റോള്‍ പ്യൂരിഫിക്കേഷന്‍ എന്ന പുതിയ കര്‍മ പരിപാടി തയ്യാറാക്കുന്നു. വോട്ടര്‍പട്ടികയില്‍ നിലവിലുള്ള ഇരട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനും മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കം ചെയ്യുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള പരിപാടി പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുകളായിരിക്കാന്‍ സാധ്യതയുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്തി അതിന്റെ പട്ടിക ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കും. അതാത് സ്ഥലത്തെ ബൂത്തുതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. 2011ലെ ജനസംഖ്യാ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള വോട്ടര്‍ പട്ടികയുടെ ഗുണനിലവാരം പരിശോധനാ വിധേയമാക്കുകയും ന്യൂനതകള്‍ കണ്ടെത്തുന്നപക്ഷം അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍, തെറ്റുകള്‍ എന്നിവ സ്വയം വെളിപ്പെടുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലിലും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും സൗകര്യം ഒരുക്കും. അതോടൊപ്പം ഓരോ ബൂത്തിന്റെയും വോട്ടര്‍ പട്ടികയിലുള്ള സ്ഥലത്തില്ലാത്തവര്‍, മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍ എന്നിവരുടെ വിവരങ്ങള്‍ ബൂത്തുതല ഉദ്യോഗസ്ഥര്‍ മുഖേനെ ശേഖരിക്കുകയും ചെയ്യും. വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യേണ്ടതായി കണ്ടെത്തുന്ന വോട്ടര്‍മാരുടെ വിവരങ്ങള്‍ അടങ്ങുന്ന ലിസ്റ്റ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതിന്റെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കും.
വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടേണ്ടതായ ആളുകളുടെ ലിസ്റ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുതല ഏജന്റുമാര്‍, ബൂത്തുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ദിഷ്ട തീയതികളില്‍ സംയുക്തയോഗം ചേര്‍ന്ന് വിശദമായി പരിശോധിച്ചശേഷം നീക്കം ചെയ്യേണ്ടതായ ആളുകളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കും. ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് രജീസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിയമാനുസൃതമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചശേഷം അത്തരം പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യും.

Latest