Connect with us

Palakkad

വിതരണസ്വീകരണ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് സൗകര്യം

Published

|

Last Updated

പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണസ്വീകരണ കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി മേരിക്കുട്ടി അറിയിച്ചു. 15 നാണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.
എല്‍ എസ് എന്‍ ജി എച്ച് എസ് എസ് ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. വിക്‌ടോറിയ കോളേജ് പാലക്കാട്, ബി എസ് എസ് ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആലത്തൂര്‍ എന്നിവിടങ്ങളാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണസ്വീകരണ കേന്ദ്രങ്ങള്‍.
വിതരണസ്വീകരണ കേന്ദ്രത്തില്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് പോളിംഗ് കേന്ദ്രം സജ്ജമാക്കും. പോസ്റ്റല്‍ ബാലറ്റിനൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താന്‍ ഗസറ്റഡ് ഓഫീസറുടെ സേവനം ഇവിടെ ഏര്‍പ്പെടുത്തും.
16 ന് വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ വോട്ടുചെയ്യുന്നതിനും വിതരണസ്വീകരണ കേന്ദ്രത്തില്‍ സൗകര്യമുണ്ടാകും. ഉദ്യോഗസ്ഥന്‍ വോട്ടിംഗ് രേഖപ്പെടുത്തുകയും തുടര്‍ന്ന് ഫോം 13 എയിലെ നിര്‍ദിഷ്ട സ്ഥാനത്തും പോസ്റ്റല്‍ ബാലറ്റ് അയയ്‌ക്കേണ്ട കവറിലും പോസ്റ്റല്‍ ബാലറ്റിന്റെ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തണം.
വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ഫോം 13 ബി കവറില്‍ നിക്ഷേപിക്കുകയും സീല്‍ ചെയ്യുകയും വേണം. അതിനുശേഷം ഫോം 13എയിലെ സത്യവാങ്മൂലം പൂരിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങണം.
പിന്നീട് ഫോം 13എയും പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ ഫോം 13 ബി മുദ്രവച്ച കവറും മറ്റൊരു വലിയ കവറില്‍ (ഫോം 13 സി) ഇട്ട് മുദ്രവച്ച ശേഷം വോട്ടര്‍ സഹായ കേന്ദ്രത്തിലെ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം. വിതരണസ്വീകരണ കേന്ദ്രത്തിലെ പോളിംഗ് കേന്ദ്രത്തില്‍ അല്ലാതെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യുന്നവര്‍ തപാല്‍ മാര്‍ഗം അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അയയ്ക്കണം.
തപാല്‍ വഴി മാത്രമേ ഇവ സ്വീകരിക്കുകയുള്ളു. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ ഡ്രോപ്പ് ബോക്‌സ് സൗകര്യം ഉണ്ടായിരിക്കില്ല. വോട്ടെണ്ണല്‍ ദിവസമായ 19ന് രാവിലെ എട്ടുവരെ തപാല്‍ വഴി ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest