Connect with us

Gulf

ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ 6.7 ബില്യന്‍ യൂറോയുടെ കരാര്‍

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഡിംഡക്‌സ് ഉദ്ഘാടനം ചെയ്ത ശേഷം പ്രദര്‍ശനം കാണുന്നു

ദോഹ: ഫ്രാന്‍സില്‍ നിന്നും 24 റാഫൈല്‍ മള്‍ട്ടി ടാസ്‌കിംഗ് ജെറ്റ് യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഖത്വര്‍ കരാറില്‍ ഒപ്പു വെച്ചു. ഡസ്സോള്‍ട്ട് ഏവിയേഷന്‍ നിര്‍മിക്കുന്ന യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് 6.7 ബില്യന്‍ യൂറോയുടെ കരാറിലാണ് രാജ്യം ഇന്നലെ ഡിംഡക്‌സില്‍വെച്ച് ഒപ്പു വെച്ചത്. പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും ഫ്രാന്‍സ് പ്രതിരോധ മന്ത്രി ജീന്‍ വേസ് ലി ഡാറിനും തമ്മിലാണ് മേഖലിലെ വന്‍ യുദ്ധോപകരണക്കരാറില്‍ ഒപ്പു വെച്ചത്.
ഖത്വര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഇന്നലെ രാവിലെ പത്തിന് ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുള്‍പ്പെടെ 58 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തെ പ്രദര്‍ശനത്തിനും മികച്ച പ്രതികരണമുണ്ടാക്കാനായിട്ടുണ്ടെന്നും സമുദ്രപ്രതിരോധ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും പങ്കുവെക്കുന്നതിന് അവസരമൊരുക്കുന്ന ഡിംഡക്‌സ് ഇതിനകം മേഖയിലെ പ്രധാനപ്പെട്ട സംരഭമായി മാറിയിട്ടുണ്ടെന്നും ഉദ്ഘാടന വേളയില്‍ സംസാരിച്ച ഖത്വര്‍ അമീരി നേവല്‍ സ്റ്റാഫ് ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ മുഹന്നദി പറഞ്ഞു.
25000 ചതുരശ്ര മീറ്റര്‍ വിസിതൃതിയില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ട്. രാജ്യത്തെ സൈനിക രംഗത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഡിംഡക്‌സില്‍ പവലിയിനുകളുണ്ട്. ഇതര ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ, പാക്കിസ്ഥാന്‍, അമേരിക്ക, യു കെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളും പങ്കെടുക്കുന്നു. എയര്‍ ബസ്, ബോയിംഗ് തുടങ്ങിയ വന്‍കിട വിമാന കമ്പനികളും ലോകത്തെ വന്‍കിട പ്രതിരോധ വാഹന നിര്‍മാതാക്കളും തങ്ങളുടെ പുതിയ ഉത്പന്നങ്ങളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി എട്ടു യുദ്ധക്കപ്പലുകളുടെ പ്രദര്‍ശനം ദോഹ പോര്‍ട്ടില്‍ നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest