Connect with us

Idukki

പെറ്റമക്കളെ തേടി വൃദ്ധ അലയുന്നു

Published

|

Last Updated

മുവാറ്റുപുഴ: ലോകം വനിതാ ദിനം ആഘോഷിക്കുമ്പോഴും നോന്ത് പെറ്റ മക്കള്‍ കൈ ഒഴിഞ്ഞ വൃദ്ധ സഹായത്തിനായി കേഴുന്നു. നൊന്ത് പെറ്റ മക്കളുണ്ടങ്കിലും മുവാറ്റുപുഴ ജനറലാശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും നാട്ടുകാരുടെയും സംരക്ഷണത്തിലാണ് സല്‍മ മുഹമ്മദ്. മക്കള്‍ സംരക്ഷിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് കാവുംങ്കര പുത്തേത്ത് പീടികക്കുടിയില്‍ സല്‍മ മുഹമ്മദ്(79) മുവാറ്റുപുഴ നഗരസഭയില്‍ അഭയം തേടിയത്. ഇതേ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ കെ. ബി ബിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മുവാറ്റുപുഴ ജനറലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അവശയായ സല്‍മ മുഹമ്മദിന് പത്ത് മക്കളുണ്ട്. ഇതില്‍ നാല് പേര്‍ മരണപ്പെട്ടു. ആറ് മക്കള്‍ നിലവിലുണ്ട്. മക്കളെല്ലാം നല്ല നിലയിലാണങ്കിലും വൃദ്ധയായ മാതാവിനെ സംരക്ഷിക്കാന്‍ മക്കളാരും തയ്യാറല്ല. ഇവരുടെ സ്വത്തുക്കള്‍ മക്കള്‍ വീതം വെച്ച് എടുത്തുവെന്നും സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും സല്‍മയുടെ പേരിലില്ല. മക്കള്‍ പരസ്പരം പഴിചാരി കൈ ഒഴിയുമ്പോള്‍ മാതാവിനെ സംരക്ഷിക്കാന്‍ ആരും തയ്യാറുമല്ല.

പരസഹായമില്ലാതെ പ്രാഥമിക ആവശ്യം പോലും നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവരെ ജനറലാശുപത്രിയിലെ 11ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ മുവാറ്റുപുഴ പോലീസിനെ വിവരമറിയിച്ചങ്കിലും പോലീസ് ഇവരുടെ മക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരാരും സല്‍മയെ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ പോലീസും കയ്യൊഴിഞ്ഞു. ജില്ലാ കലക്ടറേയും ആര്‍ ഡി ഒനെയും വിവരമറിയിക്കാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍.

Latest