Connect with us

Gulf

മക്കളെയും ബന്ധുക്കളെയും കാണാന്‍ ഒടുവില്‍ റഹീം നാട്ടിലേക്ക്

Published

|

Last Updated

സാമൂഹിക പ്രവര്‍ത്തകരായ ജോപ്പച്ചന്‍ തെക്കേക്കൂറ്റിനും അബു കാട്ടിലിനുമൊപ്പം റഹീം (വലത്ത്)

ദോഹ : സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച നിയമക്കുരുക്കുകള്‍ക്കിടെ ഭാര്യയും കുഞ്ഞും അനുജത്തിയും ആത്മഹത്യ ചെയ്ത ദുരന്തം നേരിട്ടിട്ടും നാട്ടില്‍ പോകാനാകാതെ ഖത്വറില്‍ കഴിയേണ്ടി വന്ന കൊല്ലം തട്ടാമല സ്വദേശി റഹീം ഇന്നു പുലര്‍ച്ചെ നാട്ടിലേക്കു തിരിക്കും. ഇവിടെ ക്രിമിനല്‍ കേസുകള്‍ നേരിട്ടിരുന്ന റഹീമിന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഖത്വറിലെ മലയാളി വ്യവസായി ശംസുദ്ദീന്‍ ഒളകര നടത്തിയ ഇടപെടലുകളെത്തുടര്‍ന്നാണ് രണ്ടു മാസത്തെ താത്കാലിക അവധിയില്‍ നാട്ടിലേക്കു പോകാന്‍ അവസരം ലഭിച്ചത്. സാമൂഹിക പ്രവര്‍ത്തകരായ അബു കാട്ടില്‍, ജോപ്പച്ചന്‍ തെക്കക്കുറ്റ് എന്നിവരും റഹീമിനു വേണ്ടി ഇടപെട്ടു.
സാമ്പത്തിക ഇടപാടില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് കുടുംബത്തില്‍ ഭാര്യയുള്‍പ്പെടെ മൂന്നുപേര്‍ ആത്മഹത്യ ചെയ്ത ദുരന്ത സാഹചര്യത്തിലും റഹീമിനു നാട്ടില്‍ പോകാന്‍ കഴിയാതെ വന്നത്. രണ്ടു മാസത്തിനകം തിരിച്ചെത്തി കേസിനാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കുമെന്ന് രാജകുടുംബാംഗമുള്‍പ്പെടെയുള്ള ഖത്വരി പ്രമുഖര്‍ക്ക് ശംസുദ്ദീന്‍ ഒളകര ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് യാത്രാ നിരോധനം നീക്കുന്നതിന് പരാതിക്കാര്‍ തയ്യാറായത്. റഹീമിനെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ശംസുദ്ദീന്‍ ഒളകര ഇടപെട്ടത്. തനിക്ക് വലിയ സഹായമാണ് ലഭിച്ചിരിക്കുന്നതെന്നും നാട്ടില്‍ പോയി മക്കളെ കാണുകയും വസ്തുക്കള്‍ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കുകയുമാണ് ലക്ഷ്യമെന്നും റഹീം പറഞ്ഞു. അതോടൊപ്പം ഭാര്യയുടെയും ബന്ധുക്കളുടെയും ആത്മഹത്യയിലേക്കു നയിച്ച സാഹചര്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ തെളിവുകള്‍ നല്‍കണം. തന്റെ കുടുംബം തകര്‍ത്ത് പ്രതികള്‍ രക്ഷപ്പെടരുതെന്ന് ആഗ്രഹമുണ്ട്. മക്കളെ ഇങ്ങോട്ടു കൊണ്ടു വന്ന് അവരോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റഹീം പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 29നാണ് തിരുവനന്തപുരം കിളിമാനൂരില്‍ ആക്കുളം കായലില്‍ ചാടി റഹീമിന്റെ ഭാര്യ ജാസ്മിന്‍ മകള്‍ മൂന്നു വയസ്സുകാരി ഫാത്വിമക്കൊപ്പം ആത്മഹത്യ ചെയ്തത്. ഫാത്വിമയെക്കൂടാതെ മൂത്ത ആണ്‍കുട്ടികളായ റയാന്‍ (10), റംസിന്‍ (ആറ്) എന്നിവര്‍ക്കും ഉമ്മക്കുമൊപ്പമാണ് ജാസ്മിന്‍ ആത്മഹത്യക്കു ശ്രമിച്ചത്. എന്നാല്‍ ആണ്‍കുട്ടികള്‍ ഭയം കാരണം കായലില്‍ ചാടിയില്ല. ഉമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് ജാസ്മിന്റെ സഹോദരി സജിന തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. നാടിനെയാകെ നടുക്കിയ ദുരന്തമായിരുന്നു ഇത്. സംഭവത്തെത്തുടര്‍ന്ന് ജാസ്മിന്റെ ഉമ്മയുടെ സഹോദരിമാരായ മുംതാസ്, മെഹര്‍ബാന്‍, അകന്ന ബന്ധു ഈരാണിക്കോണം നാസര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തന്റെ സ്വത്ത് തട്ടിയെടുക്കാനായി വിശ്വസിച്ചേല്‍പ്പിച്ചവര്‍ നടത്തിയ ചതിയെത്തുടര്‍ന്നാണ് കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് നേരത്ത റഹീം പറഞ്ഞിരുന്നു.
ഖത്വറിലെ ബിസിനസില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് റഹീമിന് കേസുണ്ടായത്. കേസ് അവസാനിപ്പിക്കാനുള്ള പണത്തിനായി സ്ഥലം വില്‍പ്പന നടത്തുന്നതിന് ഭാര്യയുടെ ഉമ്മയുടെ സഹോദരിമാര്‍ സഹായവാഗ്ദാനവുമായി രംഗത്തു വരികയും ഇവര്‍ പരിചയപ്പെടുത്തിയ നാസറും ചേര്‍ന്ന് ഇടപാട് ആരംഭിക്കുകയുമായിരുന്നു. ചെക്ക് കേസ് നിലവിലുള്ളതിനാല്‍ റഹീമിന് നാട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹായം വേണ്ടി വന്നത്. വിശ്വസിച്ചേല്‍പ്പിച്ചവരാല്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു മനസ്സിലാവുകയും തനിക്കിനി രക്ഷപ്പെടാനാകില്ലെന്നു കരുതുകയും ചെയ്തതാണ് ഭാര്യയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും റഹീം പറഞ്ഞിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന റഹീമിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരും സാമൂഹിക പ്രവര്‍ത്തകരും സ്വീകരിക്കും. റഹീമിന് എല്ലാവിധ നിയമസഹായം ലഭ്യമാക്കുന്നതിനും സാമ്പത്തിക പ്രശ്‌നം തീര്‍ക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ നാട്ടിലും ചെയ്തുകൊടുക്കുമെന്ന് ഒ ഐ സി സി നേതാക്കളായ അബു കാട്ടിലും ജോപ്പച്ചന്‍ തേക്കേക്കൂറ്റും പറഞ്ഞു.

Latest