Connect with us

National

പത്താന്‍കോട് ഭീകരാക്രമണം: ഗുരുദാസ്പൂര്‍ എസ്പിയെ ഹണിട്രാപ്പില്‍ കുടുക്കിയതായി സംശയം

Published

|

Last Updated

ന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗും ഹണിട്രാപ്പില്‍ കുടുങ്ങിയതായി സംശയം. ചാരസുന്ദരികളെ ഉപയോഗിച്ച് എസ്പിയില്‍ നിന്ന് ഭീകരര്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സല്‍വീന്ദര്‍ സിംഗിനെ എന്‍ഐഎ സംഘം ഉടന്‍ കസ്റ്റഡിയില്‍ എടവുത്തേക്കും.

സല്‍വീന്ദര്‍ സിംഗിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് എന്‍ഐഎക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സല്‍വീന്ദറിന്റെ മൊഴിയിലെ വൈരുദ്യം അദ്ദേഹത്തിന് ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. ഭീകരവാദികള്‍ തന്നെ തട്ടിക്കൊണ്ടുപോയി ഔദ്യോഗിക വാഹനവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് സല്‍വീന്ദറിന്റെ വാദം. എന്നാല്‍ തട്ടിക്കൊണ്ടുപോയ ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ സല്‍വീന്ദറിന് നല്‍കാനായിട്ടില്ല. അതിര്‍ത്തി മേഖലയിലൂടെ സുരക്ഷയില്ലാതെയും യൂനിഫോം ധരിക്കാതെയും ഔദ്യോഗിക വാഹനത്തില്‍ സല്‍വീന്ദര്‍ യാത്ര ചെയ്തത് എന്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്. തട്ടിക്കൊണ്ടുപോകുമ്പോള്‍ സല്‍വീന്ദറിന് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും സല്‍വീന്ദറിന്റെ മൊഴിയുല്‍ തമ്മിലുള്ള വൈരുദ്ധ്യവും അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട്.

സല്‍വീന്ദറിന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടോ എന്ന കാര്യവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. നേരത്തെ വ്യോമസേനാ ഉദ്യോഗസ്ഥരെ വലയിലാക്കിയതുപോലെ സല്‍വീന്ദറിനെയും ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി സല്‍വീന്ദറിനെ എന്‍ഐഎ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

---- facebook comment plugin here -----

Latest