Connect with us

Wayanad

സമഗ്ര കുടിവെള്ള പദ്ധതി: സി പി എമ്മിന് തിരിച്ചടിയായി

Published

|

Last Updated

ഒറ്റപ്പാലം: നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചപ്പോള്‍ സി പി എം ഒറ്റപ്പെട്ടു. ഭൂരിപക്ഷം നഷ്ടപ്പെട്ട ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രവാക്യം മുഴക്കി. സമഗ്ര കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍മേള സംബന്ധിച്ചാണ് ഇന്നലെ രാവിലെ 10.30ന് ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നത്.
ഇന്ന് ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിലും 31ന് പാലപ്പുറം കാവേരി ഓഡിറ്റോറിയത്തിലും കണക്ഷന്‍ മേളകള്‍ നടത്തുവാനാണ് ചെയര്‍മാന്റെ തീരുമാനം. ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുവാനാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതെന്ന് ചെയര്‍മാന്‍ യോഗത്തില്‍ വിശദീകരിച്ചു.
മേളയുടെ ഭാഗമായി ഇക്കഴിഞ്ഞ 26ന് ഒറ്റപ്പാലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്ക്കരണ യോഗത്തിലേക്ക് വാര്‍ഡ് കൗണ്‍സിലറെ പോലും ക്ഷണിക്കാതെ സി പി എം ഏകാധിപത്യ സ്വഭാവമാണ് കാണിച്ചചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെട്ടുത്തി. കണക്ഷന്‍ മേള നടത്തുന്നതില്‍ ഞങ്ങള്‍ എതിരല്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. മേളയില്‍ പങ്കെടുക്കുന്ന കണക്ഷന്‍ ഉപഭോക്ത കുടുംബങ്ങള്‍ക്ക് എ പി എല്‍, ബി പി എല്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും സൗജന്യമായി നഗരസഭ പൈപ്പുകണക്ഷന്‍ നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. 29നും 31നും നടക്കുന്ന മേളയില്‍ കണക്ഷന്‍ ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് അപേക്ഷ ഫോറത്തിന് 15 രൂപയും ബി പി എല്‍ കുടുംബം 250 രൂപയും എ പി എല്‍ കുടുംബ 500 രൂപയും ഫീസടക്കണം. മാത്രവുമല്ല വാട്ടര്‍ കണക്ഷനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ഓരോ ഉപഭോക്താവും 6500 രൂപ വീതം ചെലവഴിക്കുകയും വേണം. നഗരസഭയുടെ ഈ നയം ജനദ്രോഹിക്കുന്ന നടപടിയാണെന്ന് എതിര്‍ത്താണ് പ്രതിപക്ഷങ്ങളായ കോണ്‍ഗ്രസും, മുസ്്‌ലിം ലീഗും ബി ജെ പിയും സി പി എം വിമതരും ഏക സ്വതന്ത്രനും ഉള്‍പ്പെടെ 21 കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെയാണ് സി പി എം ഒറ്റപ്പെട്ടത്.
മേള നടത്തുവാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗം തീരുമാനിച്ചതാണന്ന് ചെയര്‍മാന്‍ അവകാശപ്പെട്ടു. മേളക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചതോടെ അടിയന്തര യോഗം അലങ്കോലമായി മാറുകയായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ മുദ്രവാക്യം വിളിയായിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷ അംഗങ്ങള്‍ മേള തട്ടിപ്പാണെന്ന് ആരോപിച്ചു പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി. ഒടുവില്‍ ചെയര്‍മാന്‍ തീരുമാനം പ്രഖ്യാപിച്ചു യോഗം പിരിച്ചുവിടുകയായിരുന്നു.
ചെയര്‍മാന്റെ തീരുമാനം അംഗീകാരം ഉണ്ടാവുമോ എന്ന് നിയമ വിദഗ്ധരുമായി പ്രതിപക്ഷം ആലോചിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സഹകരണമില്ലാതെ നഗരസഭയില്‍ ഒരു അജണ്ടപോലും പാസാക്കിയെടുക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് സി പി എം. ഭൂരിപക്ഷ നഷ്ടപ്പെട്ട ചെയര്‍മാന്റെ രാജിക്കുള്ള മുറവിളികളാവും ഇനിയുള്ള നാളുകളില്‍ പ്രതിപക്ഷം ഉയര്‍ത്തുക.

Latest