Connect with us

Malappuram

വാഗണ്‍ ട്രാജഡി സ്മരണയില്‍ തിരൂര്‍

Published

|

Last Updated

തിരൂര്‍: വാഗണ്‍ ദുരന്തത്തിന്റെ സ്മരണകളുമായി തിരൂര്‍. ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ഇന്ന് 94 വയസ്സ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സമാനതകളില്ലാത്ത അധ്യായമായിരുന്നു വാഗണ്‍ ട്രാജഡി. മാലബാറിലെ പോരാളികള്‍ക്കു മേല്‍ മരണമണി മുഴക്കി കടന്നുപോയ വാഗണുകള്‍ ഇന്നും തിരൂരിന്റെ ചരിത്രത്തില്‍ നടുക്കുന്ന ഓര്‍മയായി നിലകൊള്ളുന്നു. പിറന്ന മണ്ണില്‍ ജീവിക്കാനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ അറുപതിലധികം ജീവനുകളായിരുന്നു വാഗണില്‍ പൊലിഞ്ഞത്. മലബാര്‍ കലാപത്തിന്റെ പേരില്‍ നവംബര്‍ പത്ത് മുതല്‍ മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചിരുന്നു. നവംബര്‍ 19ന് അറസ്റ്റ് ചെയ്ത പോരാളികളെ വാഗണിലടക്കാന്‍ തിരൂരിലേക്ക് പുറപ്പെട്ടു.
ബ്രിട്ടീഷ് പട്ടാള മേധാവികളായ സ്‌പെഷ്യല്‍ ഡിവിഷനല്‍ ഉദ്യോഗസ്ഥന്‍ ഇവാന്‍സ്, പട്ടാള കമാന്റ് കര്‍ണ്ണന്‍ ഹംഫ്രിഡ്, ജില്ലാ പട്ടാള മേധാവി ഹിച്ച് കോക്ക് എന്നിവരുടെ നേതൃത്വത്തില്‍ മാലബാറിലെ പോരാളികള്‍ക്കു നേരെയുണ്ടായ ബോധപൂര്‍വമായ നരഹത്യകൂടിയായിരുന്നു വാഗണ്‍ട്രാജഡി. നവംബര്‍ 20ന് സന്ധ്യയോടെ വാഗണ്‍ തിരൂരിലെത്തി.
തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ മദ്രാസ് സൗത്ത് കമ്പനിക്കാരുടെ എം എസ് എം-എല്‍ വി 1711ാം നമ്പര്‍ വാഗണില്‍ ആളുകളെ കുത്തിനിറച്ചു. ചരക്കു സംഭരിക്കാന്‍ പാകത്തില്‍ ക്രമീകരിച്ച ഇരുമ്പ് തകിട് കൊണ്ട് ചുറ്റപ്പെട്ട ബോഗിയിലായിരുന്നു 90 പേരെ കുത്തി നിറച്ചത്. ശ്വാസം വലിക്കാന്‍ കഴിയാത്ത രീതിയില്‍ മനുഷ്യര്‍ അകപ്പെട്ട വാഗണ്‍ മരണപ്പുക തുപ്പി രാത്രി ഒമ്പതിന് തിരൂര്‍ സ്റ്റേഷന്‍ വിട്ടു.
അടച്ചിട്ട വാഗണില്‍ ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ ദാഹജലവുമില്ലാതെ തീവണ്ടി മരണപ്പുക പുറംതള്ളി കുതിച്ചു പാഞ്ഞു. മണിക്കൂറുകള്‍ മല്ലിട്ട മനുഷ്യ ജീവനുകളുടെ രോദനം കേള്‍ക്കാന്‍ ബ്രിട്ടീഷ് പട്ടാളം തയ്യാറായില്ല. മരണ വെപ്രാളത്തില്‍ പരസ്പരം മാന്തിപൊളിച്ചും ഞെക്കിയമര്‍ന്നും വാഗണില്‍ ചലനമറ്റുവീണു. പുലര്‍ച്ചെ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി വാഗണ്‍ തുറന്നപ്പോള്‍ 64 ശരീരങ്ങള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. യാത്രക്കിടയില്‍ ഭൂരിഭാഗം പേരും ശ്വാസംമുട്ടി അന്ത്യം വരിച്ചവരിക്കുകയായിരുന്നു.

മരിച്ചവരെ ഏറ്റെടുക്കാന്‍ തയ്യാറാകാതെ സ്റ്റേഷന്‍ അധികൃതര്‍ വാഗണ്‍ തിരൂരിലേക്ക് തിരിച്ചയച്ചു. നാട്ടുകാരും തിരൂരിലെ സന്നദ്ധസേനാ പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് അനുബന്ധ കര്‍മങ്ങള്‍ നടത്തുകയായിരുന്നു. രക്തസാക്ഷിത്വം വരിച്ച 44 മൃതശരീരങ്ങള്‍ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും, 11 മയ്യിത്തുകള്‍ കോട്ട് ജുമാ മസ്ജിദ് പറമ്പിലും ഖബറടക്കി. ഹൈന്ദവ പോരാളികളുടെ മൃതശരീരങ്ങള്‍ ഏഴൂരിലെ പൊതു ശ്മശാനത്തിലും മറവ് ചെയ്തു.

വാഗണില്‍ കയറ്റി നാടുകടത്തിയ നൂറ് കണക്കിന് പോരാളികള്‍ എവിടെയെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. 32 തവണകളായി ആന്തമാനിലേക്കും കോയമ്പത്തൂരിലേക്കും സമരക്കാരെ നാടുകടത്തുകയായിരുന്നു. ബെല്ലാരി ജയില്‍ കുറച്ചുക്കാലം പാര്‍പ്പിച്ച ശേഷമായിരുന്നു മലബാറില്‍ നിന്നുള്ള പോരാളികളെ ആന്തമാനിലേക്ക് നാടുകടത്തിയത്. നാടുകടത്തലിന്റെ സ്മരണയായി ആന്തമാനിലെ പ്രദേശങ്ങള്‍ക്ക് മലബാറിലെ വിവിധ സ്ഥലപ്പേരുകള്‍ നല്‍കി. തിരൂര്‍, താനൂര്‍, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, കോഴിക്കോട് തുടങ്ങിയ മലബാറിലെ ഓരോ നഗരങ്ങളും ഇന്നും ആന്തമാനില്‍ നിലകൊള്ളുന്നു.

വാഗണ്‍ ദുരന്തമടക്കമുള്ള ഓരോ നാടുകടത്തലിന് പിന്നിലും ബ്രിട്ടീഷ് പട്ടാള മേധാവികളുടെ ആസൂത്രിതമായ നീക്കങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര സമര ചരിത്രത്തില്‍ മലബാറിലെ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ എക്കാലവും ചിത്രത്തില്‍ ഇടം പിടിക്കാതെ പോകുകയായിരുന്നു. പോരാളികളോടുള്ള ആദര സൂചകമായി തിരൂര്‍ നഗരത്തില്‍ വാഗണ്‍ ട്രാജഡി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.

---- facebook comment plugin here -----

Latest