Connect with us

National

ക്യാമ്പസുകളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിംകളെ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആര്‍ എസ് എസ് രൂപം നല്‍കിയ മുസ്‌ലിം രാഷ്ട്രീയ മഞ്ച് കേന്ദ്ര സര്‍വകലാശാലകളിലെ ക്യാമ്പസുകളില്‍ സജീവമാക്കാന്‍ നീക്കം. വിവിധ സര്‍വകലാശാലകളില്‍ എ ബി വി പിയുടെ വിജയത്തിന് പിന്നാലെയാണ് ക്യാമ്പസുകളിലെ മുസ്‌ലിം വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചിനെ കരുവാക്കി ആര്‍ എസ് എസ് പുതിയ നീക്കം നടത്തുന്നത്.
ഇതിന്റെ ആദ്യഘട്ടമായി മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ 84ാം ജന്മദിനമായ ഇന്ന് സ്റ്റഡന്‍സ് ഡേ എന്ന പേരില്‍ ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. ആര്‍ എസ് എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മലേഗാവ് സ്‌ഫോടനക്കേസിന്റ സൂത്രധാരനെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന ഇന്ദ്രേഷ് കുമാറാണ് മുഖ്യപ്രഭാഷകന്‍. കൂടാതെ ബി ജെ പിയോട് അനുഭാവം പുലര്‍ത്തുന്ന മുസ്‌ലിം ബുദ്ധിജീവികളെയും പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്.
ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജെ എന്‍ യു, ജാമിഅ മില്ലിയ തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളില്‍ ഇതിനോടകം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സെമിനാര്‍ വിജിയിപ്പിക്കുന്നതിനായി ഈ സര്‍വകലാശാലകള്‍ക്ക് ഓരോ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലും ജെ എന്‍ യുവിലും ആര്‍ എസ് എസ് വിദ്യാര്‍ഥി സംഘടന എ ബി വി പി പ്രവര്‍ത്തനം ശക്തമാണ്. ഈ സ്വധീനം മുസ്‌ലിം വിദ്യാര്‍ഥികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പുതിയ നീക്കം.
2002ലാണ് മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി ആര്‍ എസ് എസ് മുസ്‌ലിം മഞ്ച് എന്ന പേരില്‍ പോഷക സംഘടനക്ക് രൂപം നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയുടെ പ്രചാരണത്തിന് രാഷ്ട്രീയ മഞ്ചിനെ ആര്‍ എസ് എസ് കൃത്യമായി ഉപയോഗപ്പെടുത്തിയിരുന്നു. സെമിനാറിന് ശേഷം സര്‍വകലാശാലകളില്‍ അനുഭാവം പുലര്‍ത്തുന്ന മുസ്‌ലിം വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി സംഘടന കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്.