Connect with us

Wayanad

മലബാറിലെ പക്ഷികള്‍: സര്‍വേ റിപ്പോര്‍ട്ട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: മലബാറിലെ പക്ഷികളെക്കുറിച്ച് 2010-11ല്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് സംസ്ഥാന വനം-വന്യജീവി വകുപ്പ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. പ്രസിദ്ധ പക്ഷി ശാസ്ത്രജ്ഞരായ സി എസ് ശശികുമാര്‍, സി കെ വിഷ്ണുദാസ്, എസ് രാജു, പി എ വിനയന്‍, വി എ ഷെബിന്‍ എന്നിവരടങ്ങുന്ന സംഘം തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടാണ് “മലബാര്‍ ഓര്‍ണിത്തോളജിക്കല്‍ സര്‍വേ 2010-2011 റിപ്പോര്‍ട്ട്” എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ എത്തുന്നത്. അച്ചടി ജോലികള്‍ പൂര്‍ത്തിയാക്കി പുസ്തകം അടുത്തമാസത്തോടെ വിപണിയിലടക്കം ലഭ്യമാക്കാനാണ് വനം-വന്യജീവി വകുപ്പിന്റെ തീരൂമാനം.
ശശികുമാര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായി 2009ല്‍ കേരളത്തിലെ പക്ഷികളെക്കുറിച്ച് വനം-വന്യജീവി വകുപ്പ് സര്‍വേ നടത്തിയിരുന്നു. ഏഴ് പതിറ്റാണ്ടുമുന്‍പ് പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഡോ.സാലിം അലി പക്ഷികളെക്കുറിച്ച് പഠിക്കുന്നതിനു യാത്രചെയ്ത അതേ വഴികളിലൂടെ സഞ്ചരിച്ചാണ് സര്‍വേ സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് 2011ല്‍ ” എലോംഗ് ദ ട്രെയില്‍ ഓഫ് സാലിം അലി- ട്രാവന്‍കോര്‍-കൊച്ചിന്‍ ഓര്‍ണിത്തോളജിക്കല്‍ സര്‍വേ 2009″ എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മലബാറിലെ പക്ഷികളെക്കുറിച്ചുള്ള പഠനം.
മലബാറിലെ പക്ഷിജാതികളെക്കുറിച്ചുള്ള സമഗ്ര സര്‍വേയാണ് ശശികുമാറും സംഘവും നടത്തിയത്. 341 ജാതി പക്ഷികളെയാണ് മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലായി സര്‍വേ സംഘം കണ്ടത്. ഇതില്‍ 240-ഉം തദ്ദേശ ജാതികളാണ്. 94 ദേശാടന ജാതികളെയും സര്‍വേയില്‍ കണ്ടു. പ്രജനനത്തിനു മലബാറിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ ജാതികളാണ് മറ്റുള്ളവ. പശ്ചിമഘട്ടത്തിലെ 15 തനത് ജാതികളെയും സര്‍വേയില്‍ കാണാനായി.
ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍(ഐ.യു.സി.എന്‍) തയാറാക്കിയ ആഗോളതലത്തില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷിയിനങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് സര്‍വേയില്‍ കണ്ടതില്‍ 22 ജാതികളും ഒരു ഉപജാതിയും. ഇത് കേരളത്തിലുള്ള പക്ഷി ജാതികളുടെ അഞ്ചും മലബാറിലുള്ളതിന്റെ 6.3-ഉം ശതമാനമാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെട്ടതാണ് മലബാറിലുള്ളതില്‍ ആഗോളതലത്തില്‍ വംശനാശം നേരിടുന്നതില്‍ കഴുകന്മാരുടേതടക്കം ആറ് ജാതികളെന്ന് സര്‍വേ ടീം അംഗം സി കെ വിഷ്ണുദാസ് പറഞ്ഞു.

---- facebook comment plugin here -----

Latest