Connect with us

Kerala

കേസ് നടത്തിപ്പിനായി ഫണ്ട് പിരിവ്: ചേളാരി വിഭാഗത്തിനെതിരെ രക്ഷിതാക്കള്‍

Published

|

Last Updated

തിരൂരങ്ങാടി: കേസ് നടത്തിപ്പിനായി ചേളാരി വിഭാഗം സുന്നികള്‍ പ്രഖ്യാപിച്ച ഫണ്ട് പിരിവിനെതിരെ മുഅല്ലിംകളും രക്ഷിതാക്കളും. വിവിധ കേസുകളുടെ നടത്തിപ്പിന്നായി കോടികള്‍ സ്വരൂപിക്കാന്‍ മദ്‌റസാവിദ്യാര്‍ഥികളില്‍ നിന്ന് 100 രൂപ വീതം പിരിച്ചെടുക്കണമെന്നാണ് റെയ്ഞ്ച് കമ്മിറ്റികള്‍ വഴി മദ്‌റസാ പ്രധാനാധ്യാപകര്‍ക്ക് ചേളാരി വിഭാഗം നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്.
തിരുകേശം, നോളജ്‌സിറ്റി നിര്‍മാണം, നാദാപുരം പാറക്കടവിലെ ഇംഗ്ലീഷ് മീഡിയം, ചെമ്പരിക്കയിലെ സി എം അബ്ദുല്ല മൗലവിയുടെ മരണം തുടങ്ങിയവയിലും വിവിധ മഹല്ലുകളില്‍ പള്ളി, മദ്‌റസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വരെ കൈകാര്യം ചെയ്യുന്നതിനാണത്രെ കോടികള്‍ സ്വരൂപിക്കുന്നത്. ഇതിനകം തന്നെ ഈ ഇനത്തില്‍ ഇവര്‍ വന്‍തുകയാണത്രെ ചിലവഴിച്ചിട്ടുള്ളത്. നോളജ് സിറ്റിക്കെതിരെ വടകരക്കടുത്തുള്ള ഒരു വ്യക്തിയെ ലക്ഷങ്ങള്‍ നല്‍കിയാണത്രെ ഇവര്‍ രംഗത്തിറക്കിയിട്ടുള്ളത്. ഇയാളുടെ മരുമകനായ അഭിഭാഷകന്‍ വഴിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കേരളീയ സമൂഹത്തിന് വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്ന നോളജ്‌സിറ്റിക്കെതിരെയുള്ള ഇവരുടെ നീക്കം അവസാനിപ്പിക്കണമെന്ന് മതരാഷ്ട്രീയ നേതാക്കളും സമുദായ സ്‌നേഹികളുമായ പലപ്രമുഖരും ഇവരെ ഉപദേശിച്ചുവെങ്കിലും അംഗീകരിക്കാന്‍ ചേളാരി വിഭാഗം തയ്യാറായിട്ടില്ല. മാത്രവുമല്ല നോളജ്‌സിറ്റിക്കെതിരെ കേസുമായി നടക്കുന്ന വ്യക്തിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ചേളാരി വിഭാഗം ഇയാള്‍ക്ക് ഒരു അംഗരക്ഷകനെ നിയമിച്ചുകൊടുത്തതായും അറിയുന്നു. ഈ കേസ് തള്ളുന്ന പക്ഷം മേല്‍കോടതിയെ സമീപിക്കാന്‍ 25 ലക്ഷം രൂപ ഇവര്‍ വാഗ്ദാനം ചെയ്തതായും അറിയുന്നു. മറ്റുള്ളവരെകൊണ്ട് കേസ് നടത്തിച്ച് പണം പൂര്‍ണമായും ഇവര്‍ നല്‍കുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ നിഷ്പക്ഷമായി നടക്കുന്ന സ്ഥാപനങ്ങളുടെ കമ്മിറ്റിയില്‍ നിന്ന് സുന്നീ പ്രവര്‍ത്തകരെ പുറത്താക്കുകയും സ്ഥാപനം പിടിച്ചെടുക്കുകയും ചെയ്യുന്നതിനും ഇവര്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി വരികയാണ്. എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും പള്ളിയും മദ്‌റസയും അടച്ചുപൂട്ടേണ്ടി വന്നാലും നിയമപ്രശ്‌നങ്ങള്‍ സംഘടന ഏറ്റെടുക്കുമെന്നും അതിനാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നും അണികള്‍ക്ക് വിശദീകരണം നല്‍കി. എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങളില്‍ നിന്ന് ഫണ്ട് പിരിച്ചെടുക്കുന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സമൂഹം ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഇത്തരത്തില്‍ ഒരാവശ്യത്തിന് പണം പിരിക്കാന്‍ സാധിക്കുകയില്ലെന്ന് പല മദ്‌റസാ കമ്മിറ്റികളും തുറന്ന് പറയുന്നതായും അറിയുന്നു. രക്ഷിതാക്കളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ തത്കാലം മറ്റേതെങ്കിലും പേരില്‍ പണംപിരിക്കാമെന്ന ആലോചനയിലാണത്രെ ചേളാരി വിഭാഗം.

Latest