Connect with us

Editorial

പട്ടിയോ മനുഷ്യനോ?

Published

|

Last Updated

തെരുവ് നായ്ക്കളുടെ ശല്യം സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കയാണ്. കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം തെരുവ് പട്ടികളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. രക്ഷിതാക്കള്‍ ഭീതിയോടെയാണ് കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കുന്നത്. പല പ്രദേശങ്ങളിലും മുതിര്‍ന്നവരും പുറത്തിറങ്ങാന്‍ ഭയക്കുന്നു. രാത്രിയില്‍ ബൈക്ക് യാത്രക്കാര്‍ ആക്രമിക്കപ്പെടുന്നു. വളര്‍ത്തു മൃഗങ്ങളെയും ഇവ കടിച്ചു കൊല്ലുന്നു. കഴിഞ്ഞ വര്‍ഷം 88,721 പേര്‍ക്ക് കടിയേല്‍ക്കുകയും 11 പേര്‍ പേവിഷബാധയേറ്റു മരിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. പത്ത് കോടി രുപ പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് ചെലവഴിക്കുകയുമുണ്ടായി. ഈ വര്‍ഷം കൂടുതല്‍ രൂക്ഷമാണ് സ്ഥിതിഗതികള്‍. നാട്ടിലെങ്ങും ഇപ്പോള്‍ തെരുവുകള്‍ വാഴുന്നത് നായ്ക്കളാണ്. മെഡിക്കല്‍ കോളജുകളിലടക്കം ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ ആക്രമണത്തിന് ഇരയായവര്‍ ചികിത്സക്ക് പ്രയാസപ്പെടുകയും ചെയ്യുന്നു.
തെരുവ് നായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലാണ് സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും. 1982ലെ ജന്തുദ്രോഹ നിവാരണ നിയമം അനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. ഇടക്കാലത്ത് ഇവയുടെ ശല്യം അസഹ്യമായപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇവയെ കൊല്ലുന്നതിനു പ്രത്യേകം പരിശീലനം നേടിയ ആളുകളെ നിയോഗിക്കുകയും ഒരെണ്ണത്തിന് 75 രൂപ നിരക്കില്‍ പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി അത് വിലക്കി. 2013 ഡിസംബര്‍ നാലിന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പട്ടികളെ കൊല്ലുന്നത് വിലക്കി ഉത്തരവിറക്കി. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ പെരുപ്പം തടയുന്ന പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്. ഇതനുസരിച്ചു തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശങ്ങളിലുള്ളവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ടവര്‍ വന്നു പട്ടികളെ പിടിച്ചുകൊണ്ടു പോയി വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയ ശേഷം അവയെ വാസസ്ഥലത്ത് തിരിച്ചു വിടുകയും ചെയ്യണമെന്നാണ് ചട്ടം. ഈ പദ്ധതി വിജയകരമല്ലെന്നാണ് അനുഭവം. കഴിഞ്ഞ വര്‍ഷം വന്ധ്യംകരണം വിജയകരമായി നടപ്പാക്കിയെന്നവകാശപ്പെടുന്ന കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകള്‍ നായശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കയാണിപ്പോള്‍.
നായകള്‍ക്കു പ്രത്യേക ആവാസകേന്ദ്രങ്ങള്‍ സ്ഥാപിച്ചു അവയെ സംരക്ഷിക്കുന്ന ഒരു പദ്ധതി നിയമ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു നായകള്‍ക്കു പ്രതിരോധ കുത്തിവെപ്പ് നല്‍കിയും പട്ടികളെ വന്ധ്യംകരിച്ചും ജീവിതാവസാനം വരെ അവയെ സംരക്ഷിക്കുന്നതാണ് പദ്ധതി. ഒരു മൃഗഡോക്ടര്‍, ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ ബി സി) പ്രതിനിധി, തദ്ദേശ ഭരണ സെക്രട്ടറി, ഒന്നോ രണ്ടോ ജനപ്രതിനിധികള്‍, തദ്ദേശവാസികളായ മൃഗസ്‌നേഹികള്‍ എന്നിവരടങ്ങുന്ന നിരീക്ഷണ സമിതിക്കായിരിക്കും ഇതിന്റെ ചുമതല. എന്നാല്‍ സംസ്ഥാനത്തെ 1100ത്തോളം വരുന്ന തദ്ദശ സ്ഥാപനങ്ങളില്‍ എത്രയെണ്ണത്തിന് ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കാനാകും?
തെരുവ് പട്ടികളെ കൊല്ലുന്നതിനുള്ള അനുമതി പുനഃസ്ഥാപിക്കുകയാണ് പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നായ്ക്കളെ കൊല്ലുന്നത് നിരോധിച്ച സുപ്രീം കോടതിയുടെ ഇടക്കാല വിധിവന്ന കേസില്‍, സര്‍ക്കാര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. മിണ്ടാപ്രാണികളോട് കരുണയും സ്‌നേഹവും ആവശ്യമാണ്. എന്നാല്‍, മനുഷ്യരുടെയും മറ്റു ജീവികളുടെയും ജീവന് അവ ഭീഷണിയാകാതരിക്കുമ്പോഴാണ്. മനുഷ്യരേക്കാള്‍ വലുതല്ലല്ലോ നായ്ക്കള്‍. അനിവാര്യമായ ഘട്ടത്തില്‍ അവയെ കൊല്ലാന്‍ അനുമതി നല്‍കുന്നില്ലെങ്കില്‍ അപകടത്തിലാകുന്നത് മനുഷ്യജീവനാണ്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നരനായാട്ട് നടത്തിയാലും കൊല്ലാന്‍ പാടില്ലെന്ന വന്യജീവി സംരക്ഷണ നിയമം മൂലം മലയോര മേഖലകളില്‍ എത്ര മനുഷ്യജീവനുകളാണ് നഷ്ടമായത്്? വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുകയും പ്രത്യേക പരിരക്ഷയുള്ള ഔദ്യോഗിക ഭവനങ്ങളില്‍ മാത്രം താമസിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും തെരുവ് നായ ശല്യം എന്തെന്നറിയുമോ? അത്തരക്കാരാണല്ലോ നിയമം നിര്‍മിക്കുന്നതും നീതിപീഠങ്ങളെ നിയന്ത്രിക്കുന്നതും. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതും ഇതുകൊണ്ടായിരിക്കണം. മനുഷ്യരാണോ നായ്ക്കളാണോ വലുതെന്ന് കോടതി ചിന്തിക്കണമായിരുന്നു എന്ന കോഴിക്കോട് മേയര്‍ എം കെ പ്രേമജത്തിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.

Latest