Connect with us

Wayanad

വിദ്യാഭ്യാസവും ചികിത്സയും വ്യാപാരമായി മാറി: എം ടി വാസുദേവന്‍നായര്‍

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്ത് വിദ്യാഭ്യാസവും ചികിത്സയും വ്യാപാരമായി മാറിയെന്ന് ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എം ടി വാസുദേവന്‍നായര്‍ പറഞ്ഞു. സരളാദേവി മെമ്മോറിയല്‍ എല്‍ പിസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസചികിത്സാ കച്ചവടം അനുദിനം വളരുകയാണ്. എന്നാല്‍ പഴയകാലത്ത് അങ്ങിനെയായിരുന്നില്ല. അന്ന് വിദ്യാഭ്യാസവും ചികിത്സയും സേവനമായിരുന്നു. ചെറിയ സൗകര്യങ്ങളില്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വളര്‍ന്നു വന്നവര്‍ നിരവധിയാണ്. പണ്ടത്തെ വിദ്യാഭ്യാസവും ചികിത്സയും മാനസികമായി വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഇന്ന് അത് നിരവധി മാനസിക വൈഷമ്യങ്ങള്‍ക്കു കാരണമാവുന്നു. അന്നും ഇന്നും സമൂഹത്തിനു മാതൃകയായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളാണ് എസ് കെ എം ജെ യും എസ് ഡി എം എല്‍ പി യും. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനവും മികച്ച പഠനാന്തരീക്ഷവുമാണ് ഇവിടുത്തെ പ്രത്യേകത. മറ്റു സ്ഥലങ്ങളിലേതുപോലെ പണം ഇവിടെ മാനദണ്ഡമല്ല. ഇത്തരമൊരു സ്ഥാപനത്തിനു മുന്‍കൈയെടുത്ത പൂര്‍വ്വസൂരികളെ ആദരിക്കണം.
പഠിച്ച വിദ്യാലയത്തെക്കുറിച്ചുള്ള അനുഭവം ഓരോരുത്തരുടെയും സ്വകാര്യ അഹങ്കാരമാണ്. ജീവിതത്തിന്റെ പല മേഖലകളില്‍ എത്തിപ്പെട്ടാലും വിദ്യാഭ്യാസകാലം ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ല. ഓരോരുത്തരെയും സ്വാധീനിച്ച വ്യക്തികള്‍ അവരുടെ ആദ്യകാലങ്ങളിലെ അധ്യാപകരായിരിക്കും. അങ്ങിനെ ഏതു പ്രശസ്ത വ്യക്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തണല്‍പ്പാടുകളിലേക്കു കടന്നുവരും. ഒരു വിദ്യാഭ്യാസ സ്ഥാപനം 50 വര്‍ഷം പിന്നിടുക ചെറിയ കാര്യമല്ലെന്നും എം.ടി. പറഞ്ഞു.
തെക്കെ മലബാറുകാരനായ തനിക്ക് പണ്ട് വയനാട് അജ്ഞാതമായ പ്രദേശമായിരുന്നു. കാടും വന്യമൃഗങ്ങളും നിറഞ്ഞ ആ പ്രദേശത്തേക്ക് ആളുകള്‍ പോകുന്നത് ആശങ്കയോടെയാണ് താന്‍ കണ്ടിരുന്നതെന്നും എം.ടി. പറഞ്ഞു. എന്നാല്‍ കുറേ കഴിഞ്ഞ് വയനാടിനെ അടുത്തു കണ്ടപ്പോള്‍ മനസ്സിലുണ്ടായിരുന്നതൊക്കെ മാറി. ആശ്വാസവും പ്രതീക്ഷയും നല്കുന്ന ദേശമായി പിന്നീട് വയനാട് മനസ്സില്‍ കുടിയേറിയെന്നും എം.ടി. പറഞ്ഞു.
എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആദ്യമായി പഠിച്ച സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന് അധ്യക്ഷ പദവി അലങ്കരിക്കുന്നതു തന്നെ ആദരവാണെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജീവിതത്തില്‍ അപൂര്‍വ്വമായി ലഭിക്കുന്ന നിമിഷമാണിത്. ജില്ലയില്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവന നല്കിയ സ്‌കൂളാണ് എസ്.ഡി.എം.എല്‍.പി. ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ ഈ വിദ്യാലയത്തില്‍ പഠിച്ചതു കൊണ്ടാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജീവിതത്തില്‍ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനും അറിവു നേടാനുള്ള ആഗ്രഹം ഉണര്‍ത്തുന്നതും വിദ്യാലയങ്ങളാണ്. പഴയകാലത്ത് വിജയ ശതമാനം കുറവായിരുന്നുവെങ്കിലും അന്നത്തെ പാഠ്യരീതി ജീവിതത്തില്‍ മുന്നേറാന്‍ സഹായിച്ചിരുന്നുവെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
സ്‌കൂളിലെ ആദ്യവിദ്യാര്‍ഥിനി എം. നന്ദിനിയെ ആദരിച്ചു. പ്രവീണതാ പുരസ്‌കാരം നേടിയ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളായ കെ. അലൈന, ദിയ അന്‍വര്‍, ഹൃത്വിക് എസ്. ബിജു, പാര്‍വന അശോക്, ജാന്‍സമീര, എസ്. അപര്‍ണ, ടി.പി. മെഹറിന്‍ ജലാല്‍, നിത ഫാത്തിമ, ആന്‍ഡ്രിയ മരിയ ഡിസില്‍വ, എം.എസ്. അമന്‍ കാര്‍ത്തിക്, ടി.ജി. നന്ദന, എ.ഡി. ആരതി, ആര്‍ദ്ര ദാസ്, പി. ഫിത ഫാത്തിമ, കെ.എസ്. ശിരണ്‍ജ് എന്നിവര്‍ക്ക് എം.ടി. ഉപഹാരം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ടി.ബി. സുരേഷ്, കേയംതൊടി മുജീബ്, കെ. പ്രകാശന്‍, എ. സുധാറാണി എന്നിവര്‍ സംസാരിച്ചു. പി.ജി. സതീഷ് സ്വാഗതവും എം.പി. ബാലാംബിക നന്ദിയും പറഞ്ഞു

Latest