Connect with us

Articles

13ലെ കറുത്ത വെള്ളിയാഴ്ച !

Published

|

Last Updated

അടി, ഇടി, പിടി, തട ഇതൊക്കെ കേരള നിയമസഭയില്‍ മാത്രമല്ല പാര്‍ലിമെന്റെറി ജനാധിപത്യം നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളുടെ നിയമനിര്‍മാണ സഭകളിലും പല തവണ ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ കടി, 2015 മാര്‍ച്ച്13ലെ കേരളനിയമസഭയിലായിരിക്കണം ആദ്യമായിട്ടു സംഭവിക്കുന്നത്. പട്ടി മനുഷ്യനെ കടിച്ചാല്‍ അതു വാര്‍ത്തയല്ല. മനുഷ്യന്‍ പട്ടിയെക്കടിച്ചാല്‍ അതിലാണ് വാര്‍ത്തയുള്ളതെന്നാണ് ജേര്‍ണലിസ്റ്റ് വിദ്യാര്‍ഥികള്‍ക്കവരുടെ ഗുരുക്കന്മാര്‍ പറഞ്ഞു കൊടുക്കാറുള്ള ആദ്യപാഠം. ആ നിലക്കു ഈ കടിക്കു പിന്നിലെ വാര്‍ത്ത നമുക്കേറെ നാള്‍ ചര്‍ച്ച ചെയ്യേണ്ടി വരും. ചര്‍ച്ചകളെ ഈ വഴിക്കു വഴിതിരിച്ചുവിടുക എന്നൊരു ഗൂഢോദ്ദേശ്യവും നിയമസഭയുടെ ഫ്‌ളോര്‍ (തറ) മാനേജര്‍മാരായ കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലി കൂട്ടുകെട്ടിനുണ്ടായിരുന്നില്ലേ എന്നൊരു സംശയവും ന്യായമായും ഉന്നയിക്കാവുന്നതാണ്.
മാണിയുടെ 13-ാമത്തെ ബജറ്റില്‍ നിന്നും ആരും അത്ര വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മാണി ബജറ്റ് അവതരിപ്പിച്ചു പോലും അവതരിപ്പിച്ചില്ല പോലും, രണ്ടായാലും അതു നമ്മളെ ആരെയും കാര്യമായി ബാധിക്കാന്‍ പോകുന്നില്ല. സകലമാന നിത്യോപയോഗ സാധനങ്ങള്‍ക്കും വിലകൂടുക എന്നത് ഒരു പതിവു ബജറ്റാനന്തര പ്രവണതയാണെന്നും നമുക്കറിയാം. കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ നടത്തിയ വാഗ്ദാനങ്ങള്‍ എല്ലാം വെറും കടലാസുപുലികളായി ഇപ്പോഴും നമ്മളെ തുറിച്ചുനോക്കുന്നു.
ദോഷം പറയരുതല്ലോ കെ എം മാണി അന്ധവിശ്വാസിയല്ല, “സത്യവിശ്വാസി”യാണ്. അദ്ദേഹത്തിനു 13 എന്ന സംഖ്യയോട ബന്ധപ്പെട്ട് സായിപ്പന്മാര്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളോടു പുച്ഛമാണ്. ആരാണീ പാവം 13? 13നെ ഇത്രമാത്രം ലോകം വെറുക്കാന്‍ കാരണമെന്ത്? യേശു ക്രിസ്തുവിനു 12 ശിഷ്യന്മാരാണുണ്ടായിരുന്നത്. ഒന്നാമന്‍ യേശുക്രിസ്തു. 13-ാമന്‍ യേശുവിനെ 30 വെള്ളിക്കാശിന് വിറ്റ യൂദാസ്. ക്രിസ്ത്യാനികള്‍ക്കു ഈ യൂദാസിനോടുള്ള മുഴുവന്‍ വെറുപ്പും യൂദാസിന്റെ നമ്പറായ 13ലേക്കു സംക്രമിപ്പിക്കുകയായിരുന്നു. ഒടുവില്‍ 13 നിര്‍ഭാഗ്യത്തിന്റെ പര്യായപദമായി മാറി. കലണ്ടറിലെ 13 എന്ന അക്കം രേഖപ്പെടുത്തേണ്ട കോളം പോലും ഒരു കാലത്തൊഴിച്ചിട്ടിരുന്നു. ഹോട്ടല്‍ മുറികള്‍ 13 ഒഴിവാക്കി പന്ത്രണ്ടില്‍ നിന്നും നേരെ 14 പോയി. എന്നാല്‍ .മാണിക്കുണ്ടോ ഈ പതിമൂന്നിനെ പേടി. അദ്ദേഹം തന്റെ 13-ാമത്തെ ബജറ്റ് 13-ാമത്തെ നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ 13-ാം തീയതി തന്നെ തിരഞ്ഞെടുത്തു. എന്നാല്‍ താന്‍ ഉദ്ദേശിച്ചിരുന്നതുപോലെ രാവിലെ ബജറ്റ് രേഖകളടങ്ങിയ പെട്ടിയും ആയി പള്ളിയില്‍ പോയി പ്രാര്‍ഥിച്ച് പെട്ടി വെഞ്ചിരിച്ച് മുന്‍ ബജറ്റുകളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിന്റെ പാപമോചനം പ്രാപിച്ചിട്ടു നിയമസഭയില്‍ വരാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. തലേ രാത്രി തന്നെ നിയമസഭാ മന്ദിരത്തില്‍ തങ്ങേണ്ടി വന്നു. മാണിക്കു ബജറ്റവതരണത്തിനു മുമ്പ് പള്ളിയില്‍ പോകാന്‍ പറ്റുകയില്ലെന്ന അവസ്ഥ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു വേണമെങ്കില്‍ നിയമസഭാ മന്ദിരത്തിലെ ഒരു മുറിയില്‍ കെ എം മാണിക്ക് വേണ്ടി ഒരു താത്ക്കാലിക പള്ളി സജ്ജമാക്കാമായിരുന്നു. ഒരു പക്ഷേ അതു ചെയ്തിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിലെ ഈ ഭീഷ്മാചാര്യനു ഇത്രമേല്‍ അപമാനിതനാകേണ്ടി വരുമായിരുന്നില്ല.
നിയമസഭ യുദ്ധക്കളമാക്കിയതില്‍ ആരാണ് കുറ്റക്കാര്‍ എന്നതാണിപ്പോള്‍ വിഷയം. ഭാഗ്യവശാല്‍ ഈ വടംവലി മത്സരത്തില്‍ വടത്തിന്റെ രണ്ടറ്റത്തും നിന്നും ബലപരീക്ഷണം നടത്താന്‍ തക്ക മസ്സില്‍പവറുള്ള വിദഗ്ധ നിരീക്ഷകന്മാര്‍ക്കു നമ്മുടെ നാട്ടില്‍ ഒരു ക്ഷാമവും ഇല്ല. ശാന്തി, സമാധാനം ഇതേക്കുറിച്ചൊക്കെ സംസാരിച്ചു കൊണ്ടിരിക്കാന്‍ വളരെ എളുപ്പമാണ്. അത് ശമ്ശാനത്തിലല്ലാതെ മറ്റൊരിടത്തും ഇല്ലാതെ വരുമ്പോള്‍ നിയമസഭയില്‍ മാത്രമായി അതെങ്ങനെ ഉണ്ടാകും? സമാധാനം ഉണ്ടാക്കലല്ല നിയമം ഉണ്ടാക്കലാണ് നിയമ നിര്‍മ്മാണ സഭകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടു വരുന്ന ജനപ്രതിനിധികളുടെ ജോലി. നിയമവും ക്രമസമാധാനവും തമ്മില്‍ എപ്പോഴും പൊരുത്തപ്പെട്ടു പൊയ്‌ക്കൊള്ളണം എന്നില്ല. ക്രമം ഇല്ലാത്തിടത്ത് ക്രമം ഉണ്ടാക്കലും (From disorder to order) പാര്‍ലമെന്റെറി ജനാധിപത്യത്തില്‍ ഭരിക്കുന്ന സര്‍ക്കാറുകളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടായിരിക്കണമല്ലോ നമ്മുടെ നിയമസഭകളിലേക്ക് പാര്‍ലമെന്ററി ലോകം ഒക്കെ സ്പീക്കര്‍ന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഉരുവിടേണ്ടി വരുന്ന വാക്ക്, ഓര്‍ഡര്‍, ഓര്‍ഡര്‍ എന്നായത്. ജനപ്രതിനിധികള്‍ പൊതുവെ ഡിസ്ഓര്‍ഡര്‍ ആയിരിക്കും എന്നറിയാവുന്ന സ്പീക്കര്‍ അവരെ ഓര്‍ഡറിലാക്കാന്‍ (ക്രമത്തില്‍) ബാധ്യസ്ഥനായിരിക്കുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും പരസ്പരം അക്രമത്തിനു സജ്ജമായി നില്‍ക്കുന്ന ഒരു യുദ്ധക്കളമായിട്ടാണ് നിയമസഭകളെ വിഭാവന ചെയ്തിരിക്കുന്നത്. ആ നിലക്കു അതൊരിക്കലും ഒരു പള്ളി പോലെയോ അമ്പലം പോലെയോ നിശബ്ദയുടെ ശാന്തിസ്ഥലങ്ങളായിരിക്കേണ്ട ഒരിടം അല്ല. പ്രാര്‍ഥനാ മന്ത്രങ്ങളും സ്‌നേഹഗീതങ്ങളും മുഴങ്ങേണ്ട ഒരു സ്ഥലവും അല്ല. ജനജീവിതത്തിന്റെ വിപരീത ധ്രുവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണവിടെ നടക്കേണ്ടത്. ബൂര്‍ഷ്വാസിയുടെ പന്നിതൊഴുത്തെന്ന പാര്‍ലിമെന്റിനെ വിശേഷിപ്പിച്ചത് മാവോസെതൂങ് ആയിരുന്നെങ്കില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റിനെ വേശ്യകളുടെ മാതാവെന്ന് വിളിച്ച് സാക്ഷാല്‍ മഹാത്മഗാന്ധി തന്നെ ആയിരുന്നു.
ഈ അര്‍ഥത്തില്‍ 13-ാം തീയതിയിലെ നിയമസഭാ സമ്മേളനമാണ് യഥാര്‍ഥത്തില്‍ ചരിത്രത്തില്‍ ഇടം നേടിയ ഒരു നിയമസഭാസമ്മേളനം. എന്തൊക്കെ അവിടെ നടന്നു എന്നതിലും അധികം എന്തൊക്കെ അവിടെ നടന്നില്ല എന്നതിനെ കേന്ദ്രീകരിച്ച് പുതുതലമുറയിലെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ ഗവേഷണവിഷയമാക്കേണ്ടിയ ഒരു ദിവസമായി 2015 മാര്‍ച്ച് 13 കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. കാര്യങ്ങളൊക്കെ കുഴപ്പത്തിലാക്കിയത് പ്രതിപക്ഷമാണെന്നാരോപിക്കാന്‍ ഭരണകക്ഷിക്ക് എളുപ്പമാണ്. പ്രതിപക്ഷത്തിനവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിനു മറ്റെന്താണ് ഒരു പോംവഴി എന്നുകൂടെ നിര്‍ദേശിക്കേണ്ട ബാധ്യത ഈ വിമര്‍ശകരില്‍ നിക്ഷിപ്തമായിരിക്കുന്നു. അഞ്ച് വര്‍ഷം മന്തു വലതു കാലിലും അടുത്ത അഞ്ചു വര്‍ഷം മന്തു ഇടതു കാലിലും മാറിമാറി ഏറ്റുവാങ്ങിക്കൊണ്ട് ശിഷ്ടകാലം ഒരു മന്തുകാലനായി ജീവിക്കുകയെന്നതാണോ കേരളത്തിന്റെ തലവിധി. അങ്ങനെയെങ്കില്‍ ആ തലവിധി നമ്മള്‍ തിരുത്തേണ്ടതുണ്ട്. അതങ്ങനെയെന്ന ചോദ്യത്തിനുത്തരം തേടുമ്പോഴാണ് ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും റോളെന്തെന്നു വ്യവഛേദിച്ചു മനസ്സിലാക്കേണ്ടിരിക്കുന്നത്. ഭൂരിപക്ഷ ഹിതം മാത്രമല്ല ഭൂരിപക്ഷ താത്പര്യവും നിറവേറ്റുക എന്നത് ഭരണകക്ഷിയുടെയെന്നതു പോലെ പ്രതിപക്ഷത്തിന്റെയും ബാധ്യതയാണ്. പലപ്പോഴും ഇതു രണ്ടും തമ്മില്‍ പൊരുത്തപ്പെട്ടു കൊള്ളണം എന്നില്ല. അതാണ് പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ പ്രതിസന്ധി.
ബാര്‍ കോഴയും ബജറ്റ് വില്‍പ്പന പോലുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നതിന്റെ പിന്നാലെയാണ് കേരളത്തിന്റെ ഒരു കോണില്‍ മാത്രം ജനസമ്മതി തെളിയിച്ചിട്ടുള്ള കെ എം മാണിക്കെതിരായ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കിയത്. ഇത്തരം ഒരു കാലത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയും എന്നതിനാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ പിടിച്ചുതൂങ്ങുകയാണ് ഭരണകക്ഷികള്‍. സീസറുടെ ഭാര്യ സംശയരഹിതയായിരിക്കണമെന്ന റോമന്‍ പഴഞ്ചൊല്ല് ഓര്‍മിപ്പിക്കുന്നതു പോലെ ഭരണം കൈയാളുന്നവരുടെ ഉത്തരവാദിത്വമാണ് തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇടം നല്‍കാതിരിക്കുക എന്നതും. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്ന നമ്മുടെ പഴയ കാല നേതാക്കള്‍ എത്രയോ പേര്‍ ഇതിലും ലഘുവായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ പോലും രാജിവെച്ചു മാറി നിന്ന് അന്വേഷണത്തെ നേരിടുവാന്‍ സ്വമേധയാ സന്നദ്ധരായിരുന്നു. ആ നിലക്കു ഈ ഉമ്മന്‍ചാണ്ടിക്കും .മാണിക്കും മാത്രമാണിതിത്ര സ്വയംപ്രഖ്യാപിത അപ്രമാദിത്തം? നിയമസഭയിലേക്കു ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച 140 എം എല്‍ എമാരില്‍ ആരെ വേണമെങ്കിലും അവര്‍ക്കു സമ്മതമെങ്കില്‍ ഒരു മുഖ്യമന്ത്രിക്കു തന്റെ സഹമന്ത്രിമാരാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ആ നിലക്കു ഒരു മുഖ്യമന്ത്രി ഒരു മാണിക്കു വേണ്ടി മാത്രം എന്തിനിത്രയധികം വെള്ളം കുടിക്കുന്നു. മാത്രമല്ല ബിജു രമേശ് എന്ന അബ്കാരി പ്രമുഖനെ മാണിക്കെതിരെ രംഗത്തിറക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ മുഖ്യമന്ത്രി തന്നെയാണെന്നു മറ്റാരേക്കാളും അധികം അറിയാവുന്നത് മാണിയുടെ പാര്‍ട്ടിക്കാര്‍ക്കു തന്നെയാണ്. അവരതു പരസ്യമായും രഹസ്യമായും പറയാറുണ്ട്. അതുകൊണ്ടു തന്നെയാണ് ബാര്‍ക്കോഴയുടെ പേരില്‍ മാണിക്കു മാത്രമായി ഒരു പരുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നു കേരള കോണ്‍ഗ്രസുകാര്‍ തറപ്പിച്ചു പറയുന്നത്. മാണി കുറ്റക്കാരനാണെന്നു ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും നീതിന്യായക്കോടതി അസന്നിഗ്ദമായി കണ്ടെത്തിയാല്‍ ആ നിമിഷം ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള പല കോണ്‍ഗ്രസ് മന്ത്രിമാരുടെയും നില പരുങ്ങലിലാകും. കൊള്ള മുതല്‍ പങ്കിട്ടനുഭവിച്ചവര്‍ക്ക് പരസ്പരം തള്ളിപ്പറയല്‍ എളുപ്പമല്ല. അതാണിപ്പോള്‍ കോണ്‍ഗ്രസ് കേരളാകോണ്‍ഗ്രസ്സ് ബന്ധത്തിന്റെ അവസ്ഥ.
നിയമസഭ നന്നായി നടത്തിക്കൊണ്ടു പോകണം. ബജറ്റ് അവതരണം ഉത്തരവാദിത്തങ്ങള്‍ യഥാവസരം നിറവേറ്റണം എന്ന വല്ല നിര്‍ബന്ധവും ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് മാര്‍ച്ച് 13 എന്ന കറുത്ത വെള്ളിയാഴ്ച ഒഴിവാക്കാമായിരുന്നു. ആരോപണ വിധേയനായ ഒരു ധനമന്ത്രി അധികാരത്തില്‍ നിന്നു മാറി നില്‍ക്കുന്നില്ലെങ്കില്‍ പോകട്ടെ, അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നെങ്കിലും വിട്ടുനില്‍ക്കണം അല്ലെങ്കില്‍ പ്രതിപക്ഷം അവരുടെ ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്തു പ്രയോഗിക്കും എന്ന കാര്യം അവര്‍ വളരെ നേരത്തെ തന്നെ പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ അതൊരു വെല്ലുവിളിയായിരുന്നു. ഇത്തരം വെല്ലുവിളികള്‍ക്കുള്ള അവകാശം കൃത്യമായി വിനയോഗിച്ചു കൊണ്ടു തന്നെ ആയിരുന്ന പാര്‍ലമെന്റെറി ജനാധിപത്യം ലോകത്തെവിടെയും ഇന്നത്തെ നിലയില്‍ വളര്‍ച്ച പ്രാപിച്ചത്.
പ്രാധിനിത്യ ജനാധിപത്യം ഒരര്‍ഥത്തില്‍ പ്രതീകാത്മകജനാധിപത്യം കൂടിയാണ്. പ്രതീകങ്ങളെ വിഗ്രഹവത്കരിച്ച് അവയെ ആരാധിക്കലാണ് ജനാധിപത്യം എന്ന് ജനങ്ങളെ പഠിപ്പിക്കുന്ന തരത്തില്‍ മുഖപ്രസംഗം പടച്ചുവിടുന്ന പത്രാധിപന്മാര്‍ക്ക് ഇതൊന്നും മനസ്സിലാകുകയില്ല. സ്പീക്കറും സ്പീക്കറുടെ ഡയസും ഒക്കെ സമുന്നത ജനാധിപത്യ തത്വങ്ങളുടെ പ്രതീകങ്ങളാണ്. അത്തരം തത്വങ്ങള്‍ക്ക് വില കല്‍പിക്കാത്ത അല്‍പബുദ്ധികള്‍ക്ക് കേറിനിരങ്ങാനുള്ള സ്ഥലമല്ല അവയൊന്നും. അത്തരം സാഹചര്യങ്ങളില്‍ സ്പീക്കറുടെ കസേര കേവലം ഒരു മരസാമാനം മാത്രമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ തടവറയില്‍ നിന്ന് മോചിതനാകാത്ത ഒരു സ്പീക്കര്‍ കേവലം ദുര്‍ബലനായ ഒരു രാഷ്ട്രീയ ഭാഗ്യാന്വേഷി മാത്രമാണ്. സ്പീക്കറുടെ അഭാവത്തില്‍ കുറേ പ്രതിപക്ഷാംഗങ്ങള്‍ ഡയസ്സില്‍ കയറിയതും കസേര പൊക്കിയെടുത്ത് പുറത്തേക്കിറങ്ങിയതും അവര്‍ അകത്തും പുറത്തും നടത്തിവരുന്ന പ്രതീകാത്മക പ്രതീഷേധത്തിന്റെ ഭാഗം മാത്രമാണ്. ഇതിന്റെ പേരില്‍ അവര്‍ക്കു നല്‍കപ്പെട്ട ശിക്ഷ മറ്റൊരു പ്രതീകാത്മക പ്രതികാരം മാത്രമാണ്.
തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ കുറെ പോലീസുകാര്‍ എന്തും ചെയ്യാന്‍ സന്നദ്ധരായി ഒപ്പം ഉണ്ടെന്നത് അടിസ്ഥാനമാക്കി പ്രതിപക്ഷ ശബ്ദത്തിനു പുല്ലു വില കല്‍പിച്ചു കൊണ്ട് നാടു ഭരിച്ചു കളയാം എന്നു കരുതുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. പാര്‍ലമെന്റുകളുടെ മാതാവായി അറിയപ്പെടുന്ന ബ്രിട്ടീഷ് പാര്‍ലമെന്റില്‍പ്പോലും മാര്‍ച്ച് 13നു കേരള നിയമസഭയില്‍ നടന്നതിലും ഭീകരമായ അക്രമപ്രവര്‍ത്തികള്‍ അരങ്ങേറിയിട്ടുണ്ട്. സ്വേച്ഛാധിപതികളായ പല രാജാക്കന്മാരുടെയും ശിരച്ഛേദനത്തിനു പോലും പല പാര്‍ലമെന്റുകള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. പാര്‍ലിമെന്റുകളുടെ മാതാവെന്നറിയപ്പെടുന്ന ബ്രിട്ടീഷ് പാര്‍ലിമെന്റ് 1649 ജനുവരി 30 നു ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ തലവെട്ടിയ സംഭവം ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 1980ല്‍ ജമ്മുകാശ്മീര്‍ നിയമ സഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ അവിടുത്തെ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കയറി സ്പീക്കറെ കസ്സേരയോടെ എടുത്തു പുറത്തേക്കെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍! ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണെന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം.
ജനാധിപത്യം ഒരു ഭരണക്രമം മാത്രമല്ല അതൊരു ജീവിതശൈലി കൂടിയാണ്. ഭരണകക്ഷിക്കെന്നതുപോലെ പ്രതിപക്ഷത്തിനും ഈ വ്യവസ്ഥക്കു കീഴില്‍ ചില അവകാശങ്ങളൊക്കെയുണ്ട്. ഭരണകക്ഷിയുടെ അഴിമതികള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കും എതിരെ, കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരിക്കേണ്ട ജോലിയാണ് പ്രതിപക്ഷത്തിന്റേത്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ ദുര്‍ബലമാണ്. എങ്ങനെയും അധികാരത്തില്‍ കടിച്ചുതൂങ്ങുക എന്ന ഏക കാര്യപരിപാടിയില്‍ ഭരണപക്ഷവും എങ്ങനെയും അധികാരത്തില്‍ പിടിച്ചു കയറുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പ്രതിപക്ഷവും പിടിവാശി പിടിച്ചു നില്‍ക്കുമ്പോള്‍ ജനാധിപത്യം ഒരു ജീവിതശൈലി പോയിട്ട് അതൊരു കുറ്റമറ്റ ഭരണസമ്പ്രദായമായി പോലും നമ്മുടെ നാട്ടില്‍ ശക്തിപ്രാപിക്കാത്തതില്‍ ആശ്ചര്യപ്പെടാനില്ല.

Latest