Connect with us

Gulf

ഇന്റര്‍നാഷനല്‍ റോബോട്ടിക് ചാലഞ്ച് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

അബുദാബി: മുഹമ്മദ് ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോബോട്ടിക് ചാലഞ്ച് ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. 1.8 കോടി ദിര്‍ഹം വിലമതിക്കുന്ന റീം എന്ന മള്‍ട്ടി പര്‍പസ് റോബോട്ടിനെ അവതരിപ്പിച്ചുകൊണ്ടാണ് റോബോട്ടിക് ചാലഞ്ച് ഉദ്ഘാടനം ചെയ്തത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് റോബോട്ടിക് ചാലഞ്ച് ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറാറ്. ഇത്തരം പരീക്ഷണങ്ങള്‍ ലോകത്തെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ പ്രചോദനമാവുമെന്ന് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് അല്‍ ഹമ്മാദി അഭിപ്രായപ്പെട്ടു.
റോബോട്ടിക് ചാലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും മികച്ച രീതിയിലുള്ള റോബോട്ടുകളെയാണ് രൂപകല്‍പന ചെയ്യേണ്ടതെന്ന് ഖലീഫ യൂണിവേഴ്‌സിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അല്‍ മുഅല്ല വ്യക്തമാക്കി. ചലിക്കുന്ന വാഹനങ്ങളുടെ മുകളില്‍ സ്ഥാപിക്കാവുന്നതോ, അഗ്നിബാധ ഉള്‍പെടെയുള്ള മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത അപകട മേഖലകളില്‍ പ്രവര്‍ത്തിപ്പിക്കാ വുന്നതോ ആയ റോബോട്ടുകളെയാണ് രൂപകല്‍പന ചെയ്യേണ്ടത്. ആളില്ലാ വിമാനങ്ങളുടെ രൂപകല്‍പനക്ക് യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭീമമായ പാരിതോഷികം ഇത്തരം കണ്ടുപിടുത്തങ്ങളിലേക്ക് ഇറങ്ങാന്‍ വലിയ പ്രചോദനമായിട്ടുണ്ടെന്നും അല്‍ മുഅല്ല പറഞ്ഞു.

---- facebook comment plugin here -----

Latest