Connect with us

Wayanad

മെഡിക്കല്‍ കോളജ് ഭൂമി വിവാദമുണ്ടാക്കുന്നവര്‍ക്ക് 'ഒരു ചുക്കും ചെയ്യാന്‍' കഴിയില്ലെന്ന് എം എല്‍ എ

Published

|

Last Updated

കല്‍പ്പറ്റ: മെഡിക്കല്‍ കോളജിന് സൗജന്യമായി വിട്ടു നല്‍കിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ രംഗത്തെത്തിയവര്‍ക്ക് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെ അസഭ്യ വര്‍ഷം. ഭൂമി സര്‍ക്കാറിനന്റേതല്ല, അങ്ങനെ വാദിക്കുന്നവര്‍ ഏതു തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോയാലും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും എം എല്‍ എ പറഞ്ഞു. കല്‍പ്പറ്റ നഗരസഭയുടെ വികസന സെമിനാറിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മെഡിക്കല്‍ കോളജിന് സൗജന്യമായി വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെതിരെ എം എല്‍ എ പൊട്ടിത്തെറിച്ചത്. ഭൂമിയുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വിവാദമുണ്ടാക്കുന്നവരുടെ തലയുടെ മുകളില്‍ മെഡിക്കല്‍ കോളജ് പണിയാന്‍ കഴിയില്ല. സൗജന്യമായി ഭൂമി നല്‍കുന്നവരെ മോശമായി ചിത്രീകരിക്കുകയാണ്. ഭൂമി സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാന്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്‌തോളൂ എന്നും എം എല്‍ എ വെല്ലുവിളിച്ചു. കമ്മീഷന്‍ ലഭിക്കില്ലെന്ന കാരണത്താലാണ് സൗജന്യ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിവാദങ്ങളുയര്‍ത്തുന്നത്. സ്വകാര്യഭൂമി വില കൊടുത്തു വാങ്ങുകയാണെങ്കില്‍ യാതൊരു നിയമതടസ്സവും ഉണ്ടാകുമായിരുന്നില്ല. “ഇട്ടുനക്കാന്‍” വകുപ്പില്ലാത്തതിനാലാണ് വിവാദങ്ങളുണ്ടാക്കിയതെന്ന് എം എല്‍ എ ആരോപിച്ചു. മെഡിക്കല്‍ കോളജ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഏപ്രില്‍ 13 ഓടെ തറക്കല്ലിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.

Latest