Connect with us

Gulf

കാഴ്ചപ്പാടുകള്‍ മാറുന്നു: പ്രതീക്ഷ വര്‍ധിക്കുന്നു

Published

|

Last Updated

പ്രശ്‌നങ്ങള്‍, പ്രതികരണങ്ങള്‍-11

പ്രവാസി സംഗമങ്ങളില്‍ ഉയര്‍ന്നുവന്ന
വിഷയങ്ങളെക്കുറിച്ചുള്ള വിശകലനം

പ്രവാസി ഭാരതീയ ദിവസ് അവസാനിക്കുമ്പോള്‍ ഗള്‍ഫ് പ്രതിനിധികളുടെ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ടാവുക, “തൊഴില്‍ പ്രശ്‌നങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ സാധ്യതകളും” എന്ന സെഷനാണ്. വേദിയില്‍ വിദേശകാര്യ, പ്രവാസികാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ്, എം എ യൂസുഫലി, സി കെ മേനോന്‍, ഡോ. ബി ആര്‍ ഷെട്ടി, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ സദസില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, നോര്‍ക്ക ഉദ്യോഗസ്ഥര്‍, വ്യവസായ വാണിജ്യ പ്രമുഖര്‍. ഒരു വേള കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സദസില്‍ അണി ചേര്‍ന്നു.

ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ഓരോരുത്തരും അക്കമിട്ടു നിരത്തി. ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്ക് മതിയായ വിദ്യാലയങ്ങളില്ലാത്തത്, യാത്രാ പ്രശ്‌നം, തടവില്‍ കിടക്കുന്നവരുടെ നിസഹായത എന്നിങ്ങനെ ചര്‍ച്ചക്ക് വിഷയീഭവിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. ചില ചോദ്യങ്ങള്‍ക്ക് മന്ത്രി വി കെ സിംഗ് മറുപടി നല്‍കി. അതിനെക്കാള്‍ പ്രധാനം, ചോദ്യങ്ങളും അഭിപ്രായങ്ങളും മന്ത്രി മുഖവിലക്കെടുക്കാതിരുന്നില്ല എന്നതാണ്.
യു എ ഇയില്‍ എത്ര ഇന്ത്യന്‍ തടവുകാരുണ്ടെന്ന ചോദ്യത്തിന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമാണ് മറുപടി പറഞ്ഞത്. “ആയിരത്തില്‍ താഴെയാണ് ഇന്ത്യക്കാര്‍. ഇന്ത്യയിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമുണ്ട്. പക്ഷേ, മിക്കവരും യു എ ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു” ടി പി സീതാറാം പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മാഈല്‍ റാവുത്തര്‍, അഡ്വ. ആശിഖ്, അഡ്വ. സാജിദ് അബൂബക്കര്‍ തുടങ്ങിയവര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ക്ക് നയതന്ത്രകാര്യാലയം വഴി സൗജന്യമായി നിയമ സഹായം ലഭ്യമായിരുന്നു. പിന്നീട്, അത് സ്വകാര്യ നിയമ സ്ഥാപനത്തെ ഏല്‍പിച്ചു. ഇപ്പോള്‍, അത്തരമൊരു സാധ്യത തന്നെ ഇല്ലാതായി. പലരും ചൂണ്ടിക്കാട്ടി. അറബ് അഭിഭാഷകരെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് ഫലപ്രദമാവുകയെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിദേശത്തു നിന്ന് ഇന്ത്യയിലേക്കയക്കുന്ന പണത്തിന്റെ സേവന നികുതി വര്‍ധിപ്പിച്ചത്. ശരിയായില്ലെന്നും സാധാരണക്കാര്‍ക്കും ഭാരം വരുകയാണെന്നും ഇസ്മാഈല്‍ റാവുത്തര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. മന്ത്രി വി കെ സിംഗിന്റെ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നു.
ഓരോ അഭിപ്രായങ്ങളും ശ്രദ്ധയോടെ കേട്ടു. അറിയാവുന്ന കാര്യങ്ങളില്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമായിരിക്കണം. ഗള്‍ഫിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ജീവനക്കാരെ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
പ്രവാസി ഭാരതീയ ദിവസും കൊച്ചിയിലെ ആഗോള മലയാളീ പ്രവാസി ദിവസും യാതൊരു പ്രയോജനവും ചെയ്തില്ലെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് പ്രതിനിധികള്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു ഇടം ലഭിക്കുന്നുവെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ. അതേ സമയം, നിക്ഷേപത്തിനു വേണ്ടി മാത്രമായി സമ്മേളനങ്ങളെ ചുരുക്കുന്നതിന് ചിലരുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളെ കരുതിയിരിക്കുകയും വേണം. നിക്ഷേപകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന മറുവശം കൂടിയുണ്ട്. എയര്‍ കേരള പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലായിടത്തും പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് കൊച്ചി പ്രവാസി ഭാരതീയ ദിവസ് തൊട്ട് തുടങ്ങിയതാണ്. അന്ന് നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ന് രാജ്യാന്തര സര്‍വീസ് ആരംഭിക്കാമായിരുന്നു. കേരളത്തിന് സ്വന്തമായി വിമാനക്കമ്പനി എന്ന അസൂയാര്‍ഹമായ ഔന്നിത്യം കൈവരിക്കാമായിരുന്നു.
അന്ന് എം എ യൂസുഫലി, രവി പിള്ള തുടങ്ങിയവര്‍ നിക്ഷേപം നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന്, അവര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. കേരള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന പരിഭവം ഇവര്‍ക്കെല്ലാമുണ്ട്.
കോഴിക്കോട് നടക്കാവ് മാതൃകയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ പുനരുദ്ധരിക്കാമെന്ന് ഷാര്‍ജയിലെ ഫൈസല്‍ ആന്റ് ശബാന ചാരിറ്റബിള്‍ കേരള സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ട് മാസങ്ങളായി. അതിന് പ്രതികരണമുണ്ടായില്ലെന്ന് വ്യവസായി കൂടിയായ ഫൈസല്‍ പറഞ്ഞു.
ഇന്ത്യക്കാര്‍ കൂടുതലുള്ള വിദേശ രാജ്യങ്ങളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആഭിമുഖ്യത്തില്‍ പ്രവാസി സംഗമങ്ങള്‍ നടത്തണമെന്നാണ് മറ്റൊരു നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന് ഏവരും കരുതുന്നു. നാട്ടിലെ പ്രവാസി സംഗമങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവരില്‍ കുറേ പേര്‍ക്കു കൂടി ഇതില്‍ ഭാഗഭാക്കാകാന്‍ കഴിയും.
എണ്ണയുടെ വിലയിടിവ് തുടര്‍ന്നാല്‍ ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിനു കൂടി അത് വലിയ ആഘാതമാകുമെന്ന് തിരിച്ചറിഞ്ഞ സംഗമങ്ങളായിരുന്നു ഗാന്ധി നഗറിലേതും കൊച്ചിയിലേതും എന്നതാണ് അടിവര.
അവസാനിച്ചു

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest