Connect with us

Malappuram

തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റിനോട് ലീഗ് രാജി ആവശ്യപ്പെട്ടു

Published

|

Last Updated

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി രാജി വെക്കാനാവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ മൈമൂന രാജി വെച്ചില്ലെന്നു മാത്രമല്ല ലീഗ് നേതൃത്വത്തോട് ധിക്കാരപരമായ നടപടിയെടുക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നു.
ഈ സാഹചര്യത്തില്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡന്റിനെതിരെ മേല്‍ഘടകത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചിട്ടും മൈമൂന ഫോണെടുത്തില്ലെന്നും ആരോപണമുണ്ട്. അതേ സമയം സി പി എമ്മുമായി പ്രസിഡന്റ് വഴിവിട്ട ബന്ധം സ്ഥാപിക്കുന്നതായും ലീഗ് കമ്മിറ്റിക്ക് ആരോപണമുണ്ട്. പ്രസിഡന്റിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സി പി എം സമര്‍പ്പിച്ച കേസില്‍ നിന്ന് തടിയൂരാനാണ് നീക്കമെന്ന് കരുതുന്നു. അധ്യാപികയെന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും രണ്ട് ശമ്പളം പറ്റുന്നുവെന്നായിരുന്നു കേസ്.
പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടും. കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളം അവര്‍ ലീഗിന്റെ പിന്നിലുണ്ടായിരുന്നു. നേതൃത്വം കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ പ്രസിഡന്റ് പി കെ മൈമൂന രാജി വെക്കാമെന്നായി. വ്യാഴാഴ്ചയായിരുന്നു രാജി വെക്കേണ്ട അവസാന തീയതി. എന്നാല്‍ രാജിയുണ്ടായില്ല. അധികാര വടംവലി കാരണം ഭരണ സ്തംഭനം രൂക്ഷമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. വീട്ടുനികുതിയടക്കാന്‍ കഴിയുന്നില്ലെന്ന് രണ്ട് മാസമായി ജനം പറയുന്നു.
കോണ്‍ഗ്രസുമായി സഹകരിച്ച് യു ഡി എഫ് ധാരണയില്‍ മുന്നോട്ടു പോകണമെന്നും അതിന് വിട്ടുവീഴ്ചയെന്ന നിലയില്‍ പ്രസിഡന്റ് രാജി വെക്കണമെന്നുമായിരുന്നു പഞ്ചായത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. ഇ ടി മോയീന്‍കുട്ടി, എലാമ്പ്ര ബാപ്പുട്ടി, ബാപ്പു, ഗഫൂര്‍ ആമയൂര്‍, സി എ മജീദ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് യോഗം ചേര്‍ന്ന് തീരുമാനം പ്രസിഡന്റിന്റെ വീട്ടിലെത്തി അറിയിച്ചത്.

Latest