Connect with us

Ongoing News

വീണ്ടും ഇസ്‌റാഈല്‍ ക്രൂരത; ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

Published

|

Last Updated

ജറൂസലം: ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഗാസ മുനമ്പില്‍ നടന്ന വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പ്രദേശത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടത് തയ്‌സീര്‍ അസ്‌മെയ്‌രി എന്ന ഹമാസില്‍ അംഗത്വമുള്ള യുവാവാണെന്ന് ഗാസയിലെ ഹമാസ് വക്താക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തിയിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ തങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായും ഇതിനോടുള്ള പ്രതികാരമായാണ് ഫലസ്തീന്‍ യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കി. ഇസ്‌റാഈല്‍ സൈന്യം ഇതേ ഭാഗത്ത് കര, വ്യോമ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്‌റാഈല്‍ ദീര്‍ഘകാലമായി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി നീങ്ങുന്നതിനിടയിലാണ് വീണ്ടും ആക്രമണങ്ങളുമായി ഇസ്‌റാഈല്‍ സൈന്യം രംഗത്തെത്തുന്നത്.
ഫലസ്തീനികള്‍ നടത്തിയെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്ന ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. നിലവില്‍ സാഹചര്യം ശാന്തമാണെന്ന് ഹമാസ് വക്താവ് ചൂണ്ടിക്കാട്ടി.
50 ദിവസത്തിലധികം നീണ്ടുനിന്ന ഗാസ ആക്രമണത്തിന്റെ മുറിവുണങ്ങും മുമ്പാണ് വീണ്ടും പ്രകോപനപരമായ നടപടികളുമായി ഇസ്‌റാഈല്‍ രംഗത്തെത്തുന്നത്. ഗാസ യുദ്ധത്തിനിടെ രണ്ടായിരത്തിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നാണ് ഫലസ്തീന്റെ ഇപ്പോഴത്തെ നിലപാട്.

---- facebook comment plugin here -----

Latest