Connect with us

International

പാക് സൈന്യം തിരിച്ചടി തുടങ്ങി; 57 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബറില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 57 തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഭീകരര്‍ നടത്തിയ പെഷാവര്‍ സ്‌കൂള്‍ കൂട്ടക്കുരുതിയെ തുടര്‍ന്നാണ് സൈനികര്‍ ശക്തമായ തിരിച്ചടി നല്‍കി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെയാണ് വ്യോമാക്രമണം ശക്തിപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സൈന്യം 20ലേറെ തവണ തീവ്രവാദികള്‍ക്കെതിരെ വ്യോമാക്രമണം നടത്തി. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ജനറല്‍ ബജ്‌വ ചൂണ്ടിക്കാട്ടി.

ഭീകരതയെ തോല്‍പ്പിക്കും
ഭീകരതെ തോല്‍പ്പിക്കുമെന്നും സ്‌കൂളുകളിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നും തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ക്രൂരമായി കൊല്ലചെയ്യപ്പെട്ടതിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഇതുവരെയും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കിലും വീണ്ടും വിദ്യാലയ മുറ്റത്തെത്തുമെന്നാണ് കുട്ടികളുടെ പ്രതിജ്ഞ. ആക്രമണം നടന്ന കെട്ടിടം എത്രയും പെട്ടെന്ന് കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തന യോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി നാലിന് മുമ്പ് സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തന യോഗ്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മരിച്ചവരുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ കണ്ണീര്‍ വാര്‍ത്ത് നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുമ്പില്‍ ഒത്തുകൂടി. പല കുട്ടികളും ഭീകരര്‍ക്കെതിരെ രോഷാകുലരാകുന്നത് കാണാമായിരുന്നു. സ്‌കൂള്‍ തുറക്കുന്ന നിമിഷം താന്‍ ഇവിടെയെത്തുമെന്നും ഭീകരവാദികളെ തനിക്ക് ഭയമില്ലെന്നും 14കാരനായ മുഹമ്മദ് ബിലാല്‍ ഉറപ്പിച്ചു പറഞ്ഞു. സ്‌കൂള്‍ തുറക്കുന്ന നിമിഷം തന്നെ താന്‍ ഇവിടെ എത്തിയിരിക്കുമെന്നും ജീവിതവും മരണവും എല്ലാം അല്ലാഹുവിന്റെ വിധിച്ചായിരിക്കുമെന്നാണ് മൗകാല്‍ ജന്‍ എന്ന കുട്ടി പ്രതികരിച്ചത്. അതേസമയം, സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണ സാധ്യതയുള്ളതിനാല്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് ക്ലാസുകള്‍ നല്‍കിയിരുന്നു.

ഗൂഢാലോചന
പെഷാവറില്‍ നടന്ന സ്‌കൂള്‍ ആക്രമണത്തിന് ഗൂഢാലോചന നടന്നത് ഡിസംബര്‍ ആദ്യ വാരത്തില്‍ പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ വെച്ച്. ചര്‍ച്ചക്ക് നേതൃത്വം നല്‍കിയിരുന്നത് തഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍ മേധാവി മുല്ലാ ഫസലുല്ലയും. പദ്ധതി നടപ്പാക്കാനുള്ള ആളുകളെയും ഈ യോഗത്തിലാണ് നിശ്ചയിച്ചത്. അബൂസര്‍, ഉമര്‍, ഇംറാന്‍, യൂസുഫ്, ഉസൈര്‍, ഖാരി, ചാംനെ എന്നിവരാണ് ചാവേറുകളായി ആക്രമണം നടത്തിയതെന്ന് പിന്നീട് പാക് പോലീസ് സ്ഥിരീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest