Connect with us

Malappuram

ദുരൂഹതകള്‍ ബാക്കിയാക്കി സുന്ദരന്‍ വീടണഞ്ഞു

Published

|

Last Updated

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ അപ്രത്യക്ഷനായ കോണ്‍ഗ്രസ് അംഗം കോട്ടമ്മല്‍ വീട്ടില്‍ സുന്ദരന്‍ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് സുന്ദരന്‍ വീട്ടിലെത്തിയത്. ഗ്രാമ പഞ്ചായത്തിലെ 16 -ാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് അംഗവും ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുന്ദരന്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ഒരംഗത്തിന്റെ പിന്തുണ നഷ്ടപ്പെട്ടിരുന്നു.
ഇതോടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പരാജയപ്പെടാനും ലീഗ് അംഗമായ പൈനാട്ടില്‍ അശ്‌റഫ് പ്രസിഡന്റായി തിരഞ്ഞെടുക്കാനുമിടയായത്. അമ്പലത്തില്‍ പോയതാണെന്നും ഇടക്കിടെ അങ്ങനെ പോകാറുണ്ടെന്നും, അമ്പലങ്ങളില്‍ പോയാല്‍ അഞ്ചോ, ആറോ ദിവസം കഴിഞ്ഞാണ് തിരിച്ചെത്താറുള്ളതെന്നും സുന്ദരന്‍ മാധ്യമങ്ങളോട് മറുപടി നല്‍കി.
ഏത് അമ്പലത്തില്‍ എന്നോ എവിടെയൊക്കെ പോയി എന്നോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ലീഗിലേക്ക് പോകുമെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താനൊരു സി പി എമ്മുകാരനായിരുന്നു എന്നും അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും മറുപടി പറഞ്ഞു.” വെള്ളിയാഴ്ച ഉച്ചക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടവണ്ണയിലുള്ള ഭാര്യ വീട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞത്. ആരാണ് സുന്ദരന്റെ അപ്രത്യക്ഷമാകലിന് പിന്നിലെന്നും പണം ലഭിച്ചിട്ടുണ്ടെന്ന ആരോപണത്തെ കുറിച്ചും ചോദിച്ചപ്പോള്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ടയാളായതു കൊണ്ടാണ് ഇത്തരം ആരോപണങ്ങളെന്നായിരുന്നു മറുപടി.
അടുത്ത ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുമെന്നും സുന്ദരന്‍ അറിയിച്ചു. സുന്ദരന്റെ ഒളിച്ച്കളിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന് ലീഗ് ആരോപിച്ചപ്പോള്‍ കുതിരക്കച്ചവടം നടത്തി പി കെ ബശീര്‍ എം എല്‍ എയുടെ വീട്ടില്‍ ലീഗുകാര്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

Latest