Connect with us

National

ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനായില്ല; സംഘര്‍ഷം, വെടിവെപ്പ്

Published

|

Last Updated

ഹിസാര്‍: ഹരിയാനയിലെ ഹിസാറില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊലക്കേസ് പ്രതിയായ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ആശ്രമത്തിലെത്തിയ പോലീസ് സംഘത്തെ അയാളുടെ അനുയായികള്‍ തടയുകയായിരുന്നു. ഇതിനിടെ പോലീസിനു നേരെ വെടിവെപ്പും പെട്രോള്‍ ബോംബേറുമുണ്ടായി. ക്ഷുഭിതരായ അനുയായികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ടിയര്‍ഗ്യാസും പ്രയോഗിച്ചു. പോലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2006ല്‍ നടന്ന ഒരുകൊലക്കേസിലാണ് രാംപാല്‍ പ്രതിചേര്‍ക്കപ്പെട്ടത്. കേസില്‍ രാംപാല്‍ ഇന്നലെ കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ 63കാരനായ രാംപാലിന് ആരോഗ്യപ്രശ്‌നങ്ങളാല്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്നും കൂടുതല്‍ സമയം വേണമെന്നും അയാളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നേരത്തെ മൂന്ന് തവണയും ഇയാള്‍ ഇതേ കാരണം പറഞ്ഞ് കോടതിയില്‍ ഹാജരായിരുന്നില്ല. ഇതോടെ ഈ വാദം തള്ളിയ കോടതി രാംപാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹരിയാന പോലീസ് സംഘം ഇയാെള അറസ്റ്റ് ചെയ്യാനായി ആശ്രമത്തിലെത്തിയത്.

പോലീസ് എത്തുന്നതറിഞ്ഞ് സായുധധാരികളായ നൂറുക്കണക്കിന് അനുയായികള്‍ ആശ്രമം വളയുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest