Connect with us

Thrissur

വെള്ളാങ്ങല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ജീവനക്കാരുടെ കുറവ് ; ജനം ദുരിതത്തില്‍

Published

|

Last Updated

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ജീവനക്കാരുടെ കുറവ് മൂലം വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ജനം ദുരിതത്തിലകപ്പെടുകയായി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ തസ്തികയിലെത്തുന്നവര്‍ വളരെ ദൂരത്ത്‌നിന്നും വരുന്നവരാണ്. ഇവര്‍ ഒഴിവു ദിനങ്ങളില്‍ നാട്ടിലേക്ക് പോകുന്നതും വരുന്നതും ഓഫീസ് പ്രവര്‍ത്തിയെ ബാധിക്കുകയാണ്.
സബ് രജിസ്ട്രാര്‍ പദവിയില്‍ പരിസര പ്രദേശങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല. യു ഡി ക്ലാര്‍ക്ക് പോസ്റ്റില്‍ രണ്ട് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരാള്‍ സ്ഥാലം മാറിപ്പോയതോടെ അവിടെ നിന്നും ലഭിക്കേണ്ട മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും മുടങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ ആ തസ്തിക എടുത്തുകളഞ്ഞതായും അറിയുന്നു. ഓഫീസ് കമ്പ്യൂട്ടര്‍വത്ക്കരിച്ച ശേഷം മൂന്നാം ദിവസം ലഭിച്ചിരുന്ന കുടിക്കടം സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഒരാഴ്ച്ചയില്‍ കൂടുതല്‍ താമസിച്ചാണ് ലഭിക്കുന്നത്.
പരാതി പറഞ്ഞാല്‍ ഞങ്ങളെന്തുചെയ്യാനാ. സീനിയര്‍ ക്ലര്‍ക്കിന്റെ ചെയര്‍ കാലിയാണെന്ന് ദു:ഖ സത്യം ജീവനക്കാര്‍ വരുന്നവരെ കാണിച്ചുകൊടുക്കും. ഇത് മൂലം ബേങ്ക് ലോണ്‍ പോലുള്ള കാര്യങ്ങള്‍ മുടങ്ങുന്നത് പതിവാകുകയാണ്്. ഓഫീസില്‍ ജോലിഭാരം കമ്പ്യൂട്ടര്‍വത്ക്കരണത്തിന് ശേഷം കൂടിയതായും ജീവനക്കാര്‍ പരാതിപ്പെടുന്നു. പൊതുജനത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ നല്‍കാന്‍ കഴിയില്ലെന്നും ജീവനക്കാര്‍ പറയുന്നു.
വില്ലേജുകളില്‍ പോക്കുവരവ് പദ്ധതി നടപ്പിലാക്കിയതോടെ കുടിക്കടം, മറ്റ് രേഖകള്‍ വില്ലേജുകളിലേക്കുള്ള നല്‍കേണ്ടതിനാലും മറ്റു കാര്യങ്ങളും താമസം വരികയാണ്. ഇവിടങ്ങളില്‍ എത്തുന്ന ഓഫീസര്‍മാര്‍ പെട്ടെന്ന് വഴിദൂരം പറഞ്ഞ് സ്ഥലം വാങ്ങിപ്പോകുന്നത് ഒഴിവാക്കാന്‍ അയല്‍പ്രദേശങ്ങളില്‍ നിന്നുള്ളവരെ നിയമിക്കണമെന്നും പൊതുജനങ്ങളും പറയുന്നു. ഓരോ സര്‍ട്ടിഫിക്കറ്റിനും വേണ്ടി ആഴ്ച്ചകള്‍ കയറിയിറങ്ങേണ്ട ദുരിതം ഏറെ കാര്യങ്ങള്‍ മുടക്കുന്നതായും പൊതുജനം പറയുന്നു. ഈ ഓഫീസുകളെ തരംതാഴ്ത്തി കാണുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 

---- facebook comment plugin here -----

Latest