Connect with us

Kannur

നെല്ലുത്പാദനത്തില്‍ നാല്‍പ്പത് ശതമാനത്തിന്റെ കുറവുണ്ടാകും

Published

|

Last Updated

കണ്ണൂര്‍: ഒന്നാം വിള നെല്‍ കൃഷിയില്‍ നിന്നുള്ള നെല്ല് സംഭരണം ഇത്തവണ വന്‍ തോതില്‍ കുറയും. സര്‍ക്കാര്‍ നല്‍കിയ വിത്തിന്റെ ഗുണമേന്മക്കുറവും വളത്തിലൂടെയുണ്ടായ പുല്‍വിത്ത് പടര്‍ന്നതും മഴക്കെടുതിയുമെല്ലാംകൊണ്ട് നെല്ലുത്പാദനത്തില്‍ വന്‍ ഇടിവാണ് ഇത്തവണയുണ്ടാകുക. വിവിധ ജില്ലകളില്‍ നിന്നുള്ള കൃഷിനാശത്തിന്റെ കണക്കെടുത്താല്‍ ഏതാണ്ട് നാല്‍പ്പത് ശതമാനത്തിന്റെ കുറവ് ഇക്കുറി ഉത്പാദനത്തിലുണ്ടാകുമെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
നെല്ലുസംഭരണം ഇന്ന് തുടങ്ങാനിരിക്കെ മുന്‍ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ കനത്ത നഷ്ടം കര്‍ഷകര്‍ക്ക് ഇപ്രാവശ്യം സംഭവിക്കുമോയെന്ന ആശങ്കയും കൃഷിവകുപ്പിനുണ്ട്. കഴിഞ്ഞ വര്‍ഷം സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തില്‍ വലിയ നഷ്ടം സര്‍ക്കാറിനുണ്ടായിട്ടില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി കൂടുതല്‍ കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങാനും വലിയ അപാകമില്ലാതെ സംഭരണ വില നല്‍കാനും കഴിഞ്ഞിരുന്നു. ഇത്തവണ നെല്ല് നല്‍കിക്കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തന്നെ ബേങ്ക് വഴി പണമിടപാട് നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ലഭിക്കുന്ന നെല്ലിന്റെ അളവിനെ സംബന്ധിച്ചുള്ള കാര്യമാണ് സപ്ലൈകോയെ ആശങ്കപ്പെടുത്തുന്നത്.
ഒന്നാം വിളയില്‍ ഏറ്റവുമധികം വിളവ് നല്‍കുന്ന പാലക്കാട് ജില്ലയില്‍ നിന്ന് ഇത്തവണ 65,000 ടണ്‍ നെല്ല് മാത്രമേ അധികൃതര്‍ പ്രതീക്ഷിക്കുന്നുള്ളൂ. സാധാരണയായി 85 മുതല്‍ ഒരു ലക്ഷം വരെ ടണ്‍ ഒന്നാം വിളയില്‍ നെല്ല് ലഭിച്ചിരുന്ന മേഖലയാണ് പാലക്കാട്. സംസ്ഥാനത്ത് നിന്ന് ഒന്നാം വിളയില്‍ ഒന്നര ലക്ഷം ടണ്‍ നെല്ലാണ് സംഭരിക്കാറുള്ളത്. ഏറ്റവും കൂടുതല്‍ നെല്ല് ലഭിക്കുന്നത് പാലക്കാട്ട് നിന്നാണ്. എന്നാല്‍ പാലക്കാട് ജില്ലയില്‍ പട്ടാമ്പിയുള്‍പ്പെടെയുള്ള പല മേഖലകളിലും 50 ശതമാനത്തോളം നെല്ലുത്പാദനം കുറഞ്ഞതായാണ് ചൂണ്ടിക്കാട്ടുന്നത്. കൃഷി ഭവന്‍ മുഖേന പലയിടത്തും ലഭിച്ച ജ്യോതി വിത്തിന്റെ ഗുണമേന്മക്കുറവ് ഉത്പാദനം ഇടിയാന്‍ കാരണമായി കര്‍ഷകര്‍ പറയുന്നുണ്ട്. ജ്യോതി വിത്തിറക്കിയ പാടത്ത് വന്‍തോതില്‍ കളശല്യവും ഓലകരിച്ചിലും ഉണ്ടായെന്ന് കൃഷിക്കാര്‍ പരാതിപ്പെടുന്നു. കൃഷി ഭവന്‍ മുഖേന ലഭിച്ച വളത്തിലൂടെയെത്തിയ പുല്‍വിത്തുകള്‍ വ്യാപകമായ കളശല്യത്തിന് നിമിത്തമായതും ഇത്തവണ കൃഷിനാശത്തിന് കാരണമായതായി പറയുന്നു. പകുതിയിലേറെ പതിരാകുന്നതിനാല്‍ കിലോക്ക് പത്തും പതിനൊന്നും രൂപവെച്ച് അവില്‍ മില്‍ ഉടമകള്‍ക്ക് കര്‍ഷകര്‍ നെല്ല് വിറ്റൊഴിക്കുന്നത് പതിവ് കാഴ്ചയാണെന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ നിന്നും ഒന്നാം വിള കൊയ്‌തെടുക്കാറുണ്ട്. തൃശൂരില്‍ 30 ശതമാനത്തിന്റെ കുറവാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. കണ്ണൂരും കഴിഞ്ഞ തവണത്തേക്കാളും പകുതിയോളം ഉത്പാദനം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 900 കോടി രൂപക്ക് ആറ് ലക്ഷം ടണ്‍ നെല്ലാണ് സംസ്ഥാനത്ത് നിന്നും പ്രതിവര്‍ഷം സപ്ലൈകോ സംഭരിക്കാറുള്ളത്. ഇതില്‍ സാധാരണ പ്രതീക്ഷിക്കുന്ന ഒന്നാം വിളയുടെ ഒന്നര ലക്ഷം ടണ്ണില്‍ വലിയ കുറവുണ്ടായാല്‍ സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആകെ നെല്ലുസംഭരണത്തെ കാര്യമായി തന്നെയാണ് ബാധിക്കുക. അതിനിടെ സംഭരിക്കുന്ന നെല്ലിന് 17 ശതമാനം ജലാംശം മാത്രമേ പാടുള്ളൂവെന്ന സപ്ലൈകോയുടെ നിര്‍ദേശവും ഇത്തവണ കര്‍ഷകര്‍ക്ക് വിനയായിട്ടുണ്ട്. കനത്ത മഴ മൂലം നെല്‍വയലുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നെല്ലില്‍ ഇത്തവണ ഈര്‍പ്പക്കൂടുതലുണ്ടാകും. അതുകൊണ്ട് തന്നെ മുഴുവന്‍ നെല്ലും എല്ലാ കൃഷിക്കാര്‍ക്കും വില്‍ക്കാനാകുകയുമില്ല.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest